അവരുടെ കഥകൾ കേൾക്കുമ്പോൾ, ഒരു തടവുകാരനായിരിക്കുന്നതിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ഒറ്റപ്പെടലും ഏകാന്തതയുമാണെന്ന് വ്യക്തമാകും. വാസ്തവത്തിൽ, തടവറയുടെ ദൈർഘ്യം എന്തായിരുന്നാലും മിക്ക തടവുകാർക്കും സുഹൃത്തുക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ രണ്ട് സന്ദർശനങ്ങൾ മാത്രമേ ലഭിക്കൂ എന്ന് ഒരു പഠനം വെളിപ്പെടുത്തി. ഏകാന്തത ഒരു നിരന്തരമായ യാഥാർത്ഥ്യമാണ്.
ജയിലിൽ കിടക്കുമ്പോൾ യോസേഫിന് തോന്നിയത് അന്യായമായി കുറ്റാരോപിതനായതിന്റെ വേദനയാണ് എന്നു ഞാൻ ചിന്തിക്കുന്നു. എന്നാൽ പ്രതീക്ഷയുടെ ഒരു തിളക്കം ഉണ്ടായിരുന്നു. ഫറവോന്റെ വിശ്വസ്ത സേവകനായിരുന്ന സഹതടവുകാരന്റെ സ്വപ്നം ശരിയായി വ്യാഖ്യാനിക്കാൻ ദൈവം യോസേഫിനെ സഹായിച്ചു. യോസേഫ് ആ മനുഷ്യനോട് അവൻ തന്റെ സ്ഥാനത്തേക്ക് പുനഃസ്ഥാപിക്കപ്പെടുമെന്ന് പറയുകയും തന്നെ തടവിൽനിന്നു മോചിപ്പിക്കാൻ ഫറവോനോട് അപേക്ഷിക്കാൻ ആ മനുഷ്യനോട് ആവശ്യപ്പെടുകയും ചെയ്തു (ഉല്പത്തി 40:14). എന്നാൽ ആ മനുഷ്യൻ ”യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു” (വാ. 23). രണ്ടവർഷംകൂടി യോസേഫ് കാത്തിരുന്നു. ആ കാത്തിരിപ്പിനൊടുവിൽ, തന്റെ സാഹചര്യങ്ങൾ മാറുമെന്ന സൂചനയൊന്നും കൂടാതെ തന്നേ, ദൈവം അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ യോസേഫ് ഒരിക്കലും പൂർണ്ണമായും തനിച്ചായിരുന്നില്ല. ഒടുവിൽ, ഫറവോന്റെ ദാസൻ അവന്റെ വാഗ്ദാനം ഓർത്തു, മറ്റൊരു സ്വപ്നം ശരിയായി വ്യാഖ്യാനിക്കുന്നതിനായി യോസേഫിനെ മോചിപ്പിച്ചു (41:9-14).
നാം മറന്നുപോയി എന്ന തോന്നലുണ്ടാക്കുന്ന സാഹചര്യങ്ങളും ഏകാന്തതയുടെ നാളുകൾ ഇഴഞ്ഞുനീങ്ങുന്നതും പരിഗണിക്കാതെ തന്നെ, ”ഞാൻ നിന്നെ മറക്കയില്ല!” എന്ന തന്റെ മക്കളോടുള്ള ദൈവത്തിന്റെ ഉറപ്പുനൽകുന്ന വാഗ്ദാനത്തിൽ നമുക്ക് മുറുകെ പിടിക്കാം (യെശയ്യാവ് 49:15).
വിസ്മരിക്കപ്പെട്ടതിന്റെ വേദന നിങ്ങൾ എപ്പോഴാണ് അനുഭവിച്ചിട്ടുള്ളത്? ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ എങ്ങനെയാണ് ആശ്വാസം നൽകുന്നത്?
സ്വർഗ്ഗീയ പിതാവേ, ഞാൻ വിസ്മരിക്കപ്പെട്ടു എന്ന തോന്നലുണ്ടാകുമ്പോൾ അങ്ങയെ സമീപിക്കാനും അങ്ങ് എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് ഓർക്കാനും എന്നെ സഹായിക്കേണമേ.