നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. യാക്കോബ് 3:13
2018 ലെ ഈസ്റ്ററിന് തൊട്ടുമുമ്പ്, ഒരു തീവ്രവാദി മാർക്കറ്റിൽ പ്രവേശിച്ചു രണ്ടു പേരെ കൊല്ലുകയും മൂന്നാമതൊരു സ്ത്രീയെ ബന്ദിയാക്കുകയും ചെയ്തു. സ്ത്രീയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, ഒരു പോലീസുകാരൻ തീവ്രവാദിക്ക് ഒരു വാഗ്ദാനം നൽകി: സ്ത്രീയെ വിട്ടയച്ചിട്ട് പകരം തന്നെ കൊണ്ടുപോകുക.
ഓഫർ ഞെട്ടിക്കുന്നതായിരുന്നു, കാരണം അത് ജനകീയ ജ്ഞാനത്തിന് എതിരായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്ന ആഘോഷകരമായ ഉദ്ധരണികൾ പോലെ, ആഘോഷിക്കുന്ന വാക്കുകളിലൂടെ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരു സംസ്‌കാരത്തിന്റെ ”ജ്ഞാനം” എന്താണെന്നു പറയാൻ കഴിയും. ”നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സാഹസികത നിങ്ങളുടെ സ്വപ്‌നങ്ങളുടെ ജീവിതം നയിക്കുക എന്നതാണ്,” ഒരു ജനപ്രിയ ഉദ്ധരണി പറയുന്നു. “ആദ്യം നിങ്ങളെത്തന്നെ സ്‌നേഹിക്കുക, മറ്റെല്ലാം ക്രമത്തിൽ വരുന്നു,” മറ്റൊരാൾ പറയുന്നു. ”നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്കായി ചെയ്യുക,” മൂന്നാമൻ പറയുന്നു. പോലീസുദ്യോഗസ്ഥൻ അത്തരം ഉപദേശം പാലിച്ചിരുന്നെങ്കിൽ, അവൻ ആദ്യം ഓടി രക്ഷപെടുമായിരുന്നു.
ലോകത്തിൽ രണ്ടുതരം ജ്ഞാനമുണ്ടെന്ന് അപ്പൊസ്തലനായ യാക്കോബ് പറയുന്നു: ഒന്ന് “ഭൗമികം,” മറ്റൊന്ന് “സ്വർഗ്ഗീയം.” ആദ്യത്തേത് സ്വാർത്ഥ അഭിലാഷവും ക്രമക്കേടും കൊണ്ട് അടയാളപ്പെടുത്തുന്നു (യാക്കോബ് 3:14-16); രണ്ടാമത്തേത് “നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു” (വാ. 13, 17-18). ഭൗമിക ജ്ഞാനം സ്വയം പ്രഥമസ്ഥാനം നൽകുന്നു. സ്വർഗ്ഗീയ ജ്ഞാനം മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നു, എളിമയുള്ള ഒരു ജീവിതത്തിലേക്ക് നയിക്കുന്നു (വാ. 13).
പോലീസ് ഉദ്യോഗസ്ഥന്റെ വാഗ്ദാനം തീവ്രവാദി സ്വീകരിച്ചു. ബന്ദിയെ മോചിപ്പിച്ചു, പോലീസുകാരൻ വെടിയേറ്റു മരിച്ചു. മറ്റൊരാൾക്കുവേണ്ടി നിരപരാധിയായ ഒരു മനുഷ്യൻ മരിക്കുന്നത് ഈസ്റ്റർ ദിനത്തിൽ ലോകം കണ്ടു.
സ്വർഗ്ഗീയ ജ്ഞാനം എളിമയുള്ള പ്രവൃത്തികളിലേക്ക് നയിക്കുന്നു, കാരണം അത് സ്വയത്തെക്കാൾ ദൈവത്തെ ഉയർത്തുന്നു (സദൃശവാക്യങ്ങൾ 9:10). ഏത് ജ്ഞാനമാണ് നിങ്ങൾ ഇന്ന് പിന്തുടരുന്നത്?
ലോകം എന്ത് “ജ്ഞാനമാണ്’ നൽകുന്നത്? നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ജ്ഞാനത്തെ എങ്ങനെ മികച്ച രീതിയിൽ വിലയിരുത്താനാകും?
സർവജ്ഞാനിയായ ദൈവമേ, സ്നേഹത്തിൽ ചെയ്യുന്ന എളിമയുള്ള പ്രവൃത്തികളിലേക്ക് നയിക്കുന്ന തരത്തിലുള്ള ജ്ഞാനം ദയവായി എനിക്ക് നൽകേണമേ.