ഞങ്ങളുടെ സഭാരാധനയിലെ ഒരു മുഖ്യഭാഗമായിരുന്നു സാക്ഷ്യത്തിനുള്ള സമയം. ആ സമയത്ത്, ദൈവം തങ്ങളുടെ ജീവിതത്തിൽ എങ്ങനെ പ്രവർത്തിച്ചുവെന്ന് ആളുകൾ പങ്കുവെക്കുന്നു. ആന്റി – സിസ്റ്റർ ലാങ്ഫോർഡ് എന്നാണ് ഞങ്ങളുടെ സഭാ കുടുംബത്തിൽ അവർ അറിയപ്പെട്ടിരുന്നത്-അവളുടെ സാക്ഷ്യങ്ങളിൽ ധാരാളം സ്തുതികൾ ഉൾക്കൊള്ളിക്കുമായിരുന്നു. അവളുടെ വ്യക്തിപരമായ രൂപാന്തര കഥ അവൾ പങ്കുവെക്കുന്ന അവസരങ്ങളിൽ, അവൾ ആരാധനയുടെ നല്ലൊരു സമയം കവർന്നെടുക്കുമെന്ന് പ്രതീക്ഷിക്കാം. അവളുടെ ജീവിതം കൃപയോടെ മാറ്റിമറിച്ച ദൈവത്തെ സ്തുതിച്ചുകൊണ്ട് അവളുടെ ഹൃദയം നിറഞ്ഞുകവിയുമായിരുന്നു!
അതുപോലെ, 66-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന്റെ സാക്ഷ്യം, ദൈവം തന്റെ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തുമ്പോൾ സ്തുതികൊണ്ട് നിറഞ്ഞിരിക്കുന്നു. ”വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ!” (വാ. 5). അവന്റെ പ്രവൃത്തികളിൽ അത്ഭുതകരമായ രക്ഷാപ്രവർത്തനം (വാ. 6), സംരക്ഷണം (വാ. 9), പരിശോധനയും ശിക്ഷണവും ഉൾപ്പെടുന്നു, അത് അവന്റെ ജനത്തെ മെച്ചപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുവരുന്നതിൽ കലാശിച്ചു (വാ. 10-12). യേശുവിലുള്ള മറ്റു വിശ്വാസികളുമായി നമുക്ക് പൊതുവായുള്ള ദൈവാനുഭവങ്ങൾ ഉണ്ടെങ്കിലും, നമ്മുടെ വ്യക്തിഗത യാത്രകളിൽ അതുല്യമായ കാര്യങ്ങളും ഉണ്ട്. നിങ്ങളുടെ ജീവിതത്തിൽ ദൈവം തന്നെത്തന്നെ പ്രത്യേകമായി വെളിപ്പെടുത്തിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ അവൻ എങ്ങനെ പ്രവർത്തിച്ചുവെന്ന് കേൾക്കേണ്ട മറ്റുള്ളവരുമായി അവ പങ്കിടുന്നത് പ്രയോജനകരമാണ്. ”സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.” (വാ. 16).
ദൈവത്തിന്റെ നന്മയെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി എങ്ങനെ കൂടുതൽ എളുപ്പത്തിൽ പങ്കുവയ്ക്കാനാകും? മറ്റുള്ളവർ അവന്റെ വിസ്മയകരമായ പ്രവൃത്തികൾ പങ്കുവെക്കുന്നത് കേട്ടപ്പോൾ അവനെ കൂടുതൽ വിശ്വസിക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് പ്രചോദനം ലഭിച്ചത്?
സ്വർഗ്ഗീയ പിതാവേ, എന്നോടുള്ള അങ്ങയുടെ ദയയുടെ വൈവിധ്യമാർന്ന പ്രവൃത്തികളിൽ ഞാൻ സന്തോഷിക്കുന്നു. ഈ കാര്യങ്ങൾ എനിക്കായി തന്നെ സൂക്ഷിച്ചുവെക്കാതിരിക്കാൻ എന്നെ സഹായിക്കേണമേ.