പുതുവർഷത്തിൽ ദരിദ്രർക്കു സമ്മാനങ്ങൾ നൽകാൻ എന്റെ പട്ടണത്തിലുള്ള ഒരു ചെറിയ ഫാമിലി സൂപ്പർമാർക്കറ്റ് തീരുമാനിച്ചു. സാധനങ്ങളുടെ വില സ്ഥാപനം തന്നെ വഹിച്ചുകൊണ്ട്, അവശ്യവസ്തുക്കളും വസ്ത്രങ്ങളും ഭക്ഷണവും കൊണ്ടു ജീവനക്കാർ കട നിറച്ചു. ക്ഷണിക്കപ്പെട്ട ദരിദ്രരായ മനുഷ്യർ കടയിൽ പ്രവേശിച്ചപ്പോൾ അവർ ഒരു അറിയിപ്പു ശബ്ദം കേട്ടു, “സാധനങ്ങൾക്കു വില ഇട്ടിട്ടില്ല, നിങ്ങൾക്ക് ആവശ്യമുള്ളവയൊക്കെ എടുക്കുക. ഇതെല്ലാം നിങ്ങൾക്കു സൗജന്യമാണ്!” പുതിയ വസ്ത്രങ്ങളും ഭക്ഷണവും അവശ്യവസ്തുക്കളും സൗജന്യമായി നൽകുന്നത് അവർ ഒരിക്കലും കണ്ടിട്ടില്ലാത്തതിനാൽ, അവരുടെ കൃതജ്ഞത ശരിക്കും മനം കുളിർപ്പിക്കുന്നതായിരുന്നു.
തന്റെ പുത്രനായ യേശുവിലൂടെ ദൈവം നമുക്കു തികച്ചും സൗജന്യമായ ഒരു ദാനം നൽകിയിട്ടുണ്ടെന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നു. പാപത്തിന്റെയും മരണത്തിന്റെയും അധികാരത്തിൽ നിന്നു നമ്മെ വിടുവിച്ച യേശുവിലൂടെ ദൈവം ഈ ദാനം നമുക്കു നൽകിയതിനാൽ, അവനോടൊപ്പം നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയും (റോമർ 6:23). ദൈവം സ്വയം മുൻകൂറായി വില നൽകിക്കൊണ്ടു രക്ഷ നമുക്കു സൗജന്യമാക്കി തന്നു. ക്രിസ്തുവിന്റെ രക്തമായിരുന്നു ആ വില. മറുവിലയായി തന്നെത്താൻ കൊടുത്തുകൊണ്ടു അവൻ നമ്മെ സ്വന്തമാക്കിയതിനാൽ, നാം ഇനി നമ്മുടേതല്ല, നാം അവന്റേതാണ് (1 കൊരിന്ത്യർ 6:20). നമ്മുടെ പ്രയത്നങ്ങൾകൊണ്ട് ഈ വിലയേറിയ ദാനം വാങ്ങാൻ കഴിയുമായിരുന്നില്ല (എഫെസ്യർ 2:8-9). അവന്റെ മഹത്തായ സ്നേഹത്തിൽ നിന്നാണു നമുക്കും, വിശ്വാസത്തോടെ അവനിലേക്കു തിരിയുന്ന ഏവർക്കും, സൗജന്യമായി രക്ഷ നൽകുന്നത്.
ദാനമായി നൽകിയ വസ്തുക്കളുടെ വില കടയുടമകൾ നൽകിയതുപോലെ, ക്രൂശിൽ നമ്മുടെ സ്ഥാനം ഏറ്റെടുത്തുകൊണ്ടു യേശു നമ്മുടെ രക്ഷയ്ക്കുള്ള മറുവില നൽകി. അപ്രകാരം അവൻ ചെയ്തതിനാൽ, ആ ദരിദ്രർക്ക് ആവശ്യമുള്ളതു യാതൊരു വിലയും കൂടാതെ ലഭിച്ചതുപോലെ നമുക്കും രക്ഷാ ദാനം സൗജന്യമായി ലഭിക്കുന്നു. തന്റെ രക്ഷ സൗജന്യമായി നൽകാനുള്ള അവന്റെ സ്നേഹനിർഭരമായ തീരുമാനത്തിനു മുന്നിൽ അവരെപ്പോലെ നമുക്കും കൃതജ്ഞതയുള്ളവരായിരിക്കാം.
– രവി എസ്. രാത്രെ
“വിലയിടാത്ത” ദൈവത്തിന്റെ ദാനം നിങ്ങളുടെ ജീവിതത്തെ എപ്രകാരം പ്രചോദിപ്പിക്കുന്നു? എങ്ങനെയാണു ദൈവത്തിന്റെ രക്ഷാ ദാനത്തിനു നിങ്ങൾ നന്ദി അർപ്പിക്കുക?
ദൈവമേ, അങ്ങയുടെ പുത്രനായ യേശുക്രിസ്തു മുഖാന്തരം നൽകിയ രക്ഷാ ദാനത്തിനു നന്ദി.
