വിജാതീയരായ വിദ്വാന്മാർ ശിശുവായ യേശുവിനെ സന്ദർശിച്ചതും, “ഞങ്ങൾ മൂന്ന് പൗരസ്ത്യ രാജാക്കന്മാർ” എന്ന കരോൾ ഗാനത്തിൽ വിവരിക്കുന്നതുമായ സംഭവത്തെ അനുസ്മരിക്കുന്ന എപ്പിഫനി (വെളിപാടുപെരുന്നാൾ) ദിനമാണ് ഇന്ന്. എന്നാൽ, അവർ രാജാക്കന്മാരായിരുന്നില്ല, അവർ പൗരസ്ത്യ രാജ്യങ്ങളിൽ നിന്നുള്ളവരുമായിരുന്നില്ല. അവർ മൂന്ന് പേർ ഉണ്ടായിരുന്നു എന്നും ഉറപ്പില്ല.

എന്നിരുന്നാലും, മൂന്ന് സമ്മാനങ്ങൾ ഉണ്ടായിരുന്നു, കരോൾ ഗാനത്തിൽ അവ ഓരോന്നും പരിഗണിക്കുന്നു. വിദ്വാന്മാർ ബെത്ലഹേമിൽ എത്തിയപ്പോൾ, “നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.” (മത്തായി 2:11). സമ്മാനങ്ങൾ യേശുവിന്റെ ദൗത്യത്തെ സൂചിപ്പിക്കുന്നു. പൊന്ന് രാജാവെന്ന നിലയിൽ അവന്റെ പദവിയെ പ്രതിനിധീകരിക്കുന്നു. വിശുദ്ധ മന്ദിരത്തിൽ കത്തിക്കുന്ന ധൂപവർഗ്ഗവുമായി കലർത്തുന്ന കുന്തുരുക്കം അവന്റെ ദൈവത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മൃതശരീരങ്ങളിൽ ലേപനം ചെയ്യാൻ ഉപയോഗിക്കുന്ന മൂര് നമ്മെ ചിന്തിപ്പിക്കുന്നു.

കരോളിന്റെ നാലാമത്തെ വാക്യം പറയുന്നു, “മൂര് എന്റേതാണ്; അതിന്റെ കയ്പേറിയ ഗന്ധം / കുമിഞ്ഞുകൂടിയ ശോകജീവിതത്തിന്റെ ശ്വാസം; / ദുഃഖം, നെടുവീർപ്പ്, രക്തച്ചൊരിച്ചിൽ, മൃത്യു, / തണുത്ത കല്ലറയിൽ അടച്ചുവയ്ക്കപ്പെട്ടു.” നാം അത്തരമൊരു രംഗം കഥയിൽ എഴുതുകയില്ല, പക്ഷേ ദൈവം എഴുതി. യേശുവിന്റെ മരണം നമ്മുടെ രക്ഷയുടെ കേന്ദ്രബിന്ദുവാണ്. ശിശുവായിരിക്കുമ്പോൾ തന്നെ യേശുവി നെ കൊല്ലാൻ ഹെരോദാവ് ശ്രമിച്ചതാണ് (വാ. 13).

ഗാനത്തിന്റെ അവസാന വാക്യത്തിൽ മൂന്ന് വിഷയങ്ങൾ ഇഴചേർത്തിരിക്കുന്നു: “മഹത്വമുള്ളവൻ ഇതാ, അവൻ എഴുന്നേൽക്കുന്നു; / രാജാവും ദൈവവും ത്യാഗവും.” ഇത് ക്രിസ്തുമസിന്റെ കഥ പൂർത്തീകരിക്കുന്നു; നമ്മുടെ പ്രതികരണം തേടുന്നു: “ഹല്ലേലൂയ, ഹല്ലേലൂയ / ഭൂമിയിലും ആകാശത്തിലും അതു മുഴങ്ങുന്നു.” 

– റ്റിം ഗസ്റ്റാഫ്സൺ