“ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കുന്നു? ആ വഴികൾ ഞാൻ എണ്ണട്ടെ.” എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങിന്റെ സോണറ്റ്സ് ഫ്രം ദ് പോർച്ചുഗീസ് -ൽ നിന്നുള്ള ആ വരികൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രശസ്തമായ കവിതകളിൽ ഒന്നാണ്. അവർ വിവാഹിതരാകുന്നതിന് മുമ്പ് റോബർട്ട് ബ്രൗണിങ്ങിന് അവൾ അവ എഴുതി. അവൻ അവളുടെ മുഴുവൻ കവിതാസമാഹാരവും പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ ആ ചെറുകവിതകളുടെ ഭാഷ വളരെ വൈകാരികമായതിനാൽ, വ്യക്തിപരമായ സ്വകാര്യതയ്ക്കായി ബാരറ്റ് അവ ഒരു പോർച്ചുഗീസ് എഴുത്തുകാരന്റെ വിവർത്തനം പോലെ പ്രസിദ്ധീകരിച്ചു.
മറ്റുള്ളവരോടുള്ള സ്നേഹം തുറന്നു പറയുമ്പോൾ ചിലപ്പോൾ നമുക്ക് അസ്വ സ്ഥത തോന്നാം. എന്നാൽ ബൈബിളിൽ, ദൈവസ്നേഹം പ്രകടിപ്പിക്കുന്നത് മൂടിവയ്ക്കുന്നില്ല. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വാത്സല്യം ഈ ആർദ്രമായ വാക്കുകളിലൂടെ യിരെമ്യാവ് വിവരിച്ചു: “നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെമ്യാവ് 31:3). അവന്റെ ജനം അവനിൽ നിന്ന് അകന്നെങ്കിലും, അവരെ പുനഃസ്ഥാപിക്കുമെന്നും വ്യക്തിപരമായി അവരെ അടുപ്പിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തു. “ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു,” അവൻ അവരോട് പറഞ്ഞു (വാ. 2 ).
തന്നിലേക്ക് തിരിയുന്ന ഏവർക്കും സമാധാനവും സ്വസ്ഥതയും നൽകുന്ന ദൈവത്തിന്റെ സ്നേഹത്തിന്റെ ആത്യന്തിക പ്രകടനമാണ് യേശു—പുൽത്തൊട്ടിയിൽ നിന്ന് ക്രൂശിലേക്കും, അവിടെനിന്ന് ശൂന്യമായ കല്ലറയിലേക്കും. വഴിതെറ്റിയ ലോകത്തെ തന്നിലേക്ക് വിളിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തിന്റെ ആൾരൂപമാണ് അവൻ. ബൈബിൾ ആദിയോടന്തം വായിക്കുക, നിങ്ങൾ വീണ്ടും വീണ്ടും ദൈവസ്നേഹത്തിന്റെ “വഴികൾ എണ്ണും.” എന്നാൽ അവ ശാശ്വതമായതിനാൽ, നിങ്ങൾ ഒരിക്കലും അവ എണ്ണിത്തീരുകയില്ല.
– ജെയിംസ് ബാങ്ക്സ്
ദൈവം നിങ്ങളെ സ്നേഹിച്ച ചില വഴികൾ ഏവ?
ഇന്ന് അവന്റെ സ്നേഹം നിങ്ങൾക്ക് എങ്ങനെ തിരികെ നൽകാനാകും?
യേശുവേ, എന്നെ പൂർണ്ണമായും വ്യക്തിപരമായും സ്നേഹിച്ചതിന് നന്ദി! ഇന്ന് എന്റെ ജീവിതം കൊണ്ട് അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കേണമേ.
