അഡോപ്റ്റഡ് ഫോർ ലൈഫ് എന്ന തന്റെ ഗ്രന്ഥത്തിൽ, ഡോ. റസ്സൽ മൂർ ഒരു കുട്ടിയെ ദത്തെടുക്കാൻ തന്റെ കുടുംബം ഒരു അനാഥാലയത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് വിവരിക്കുന്നു. അവർ നഴ്സറിയിൽ പ്രവേശിച്ചപ്പോൾ അവിടത്തെ നിശബ്ദത അവരെ ഞെട്ടിച്ചുകളഞ്ഞു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങൾ ആരും കരയുന്നില്ല. അവർക്ക് ഒന്നും ആവശ്യമില്ലാത്തതുകൊണ്ടല്ല, മറിച്ച്, കരഞ്ഞാലും ആരും ശ്രദ്ധിക്കുകയില്ലെന്ന് അവർ മനസ്സിലാക്കിയതുകൊണ്ടാണ്.

ആ വാക്കുകൾ വായിച്ചപ്പോൾ എന്റെ ഹൃദയം വേദനിച്ചു. ഞങ്ങളുടെ കുട്ടികൾ ചെറുതായിരുന്നപ്പോഴുള്ള അനേകം രാത്രികൾ ഞാൻ ഓർക്കുന്നു. ഞാനും ഭാര്യയും നല്ല ഉറക്കത്തിലായിരിക്കും. അപ്പോൾ, “ഡാഡീ, എനിക്ക് സുഖമില്ല!” അല്ലെങ്കിൽ, “മമ്മീ, എനിക്ക് പേടിയാകുന്നു!” എന്ന നിലവിളി കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്ന്, ഞങ്ങളിൽ ഒരാൾ പെട്ടെന്ന് അവരുടെ ബെഡ്റൂമിലേക്ക് ഓടിച്ചെന്ന് അവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യും. അവരുടെ മാതാപിതാക്കൾ അവരെ സ്നേഹിക്കുന്നു എന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണ് അവർ കരയുന്നത്.

സങ്കീർത്തനങ്ങളിൽ അധികവും ദൈവത്തോടുള്ള നിലവിളികൾ, അല്ലെങ്കിൽ വിലാപങ്ങളാണ്. ദൈവത്തിന് തങ്ങളോടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് യിസ്രായേൽ തങ്ങളുടെ വിലാപങ്ങൾ അവന്റെ അടുക്കൽ കൊണ്ടുവന്നത്. തന്റെ “ആദ്യജാതൻ” (പുറപ്പാട് 4:22) എന്ന് ദൈവം വിളിച്ചിരുന്ന ഒരു ജനമായിരുന്ന ഇവർ, അതനുസരിച്ച് പ്രവർത്തിക്കാൻ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. അത്തരം പൂർണ്ണമായ ആശ്രയം സങ്കീർത്തനം 25-ൽ കാണാം: “എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;… എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ” (വാ. 16-17). പരിപാലകന്റെ സ്നേഹത്തിൽ ആത്മവിശ്വാസമുള്ള കുട്ടികൾ കരയുന്നു. യേശുവിൽ വിശ്വസിക്കുന്ന ദൈവമക്കൾ എന്ന നിലയിൽ അവനെ വിളിക്കാനുള്ള അവകാശം അവൻ നമുക്ക് നൽകിയിട്ടുണ്ട്. അവന്റെ മഹാസ്നേഹത്താൽ അവൻ കേൾക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

– ജോൺ ബ്ലെയ്സ്