1976-ൽ ഇന്ത്യയിൽ ബോണ്ടഡ് ലേബർ അഥവാ അടിമ വേല നിയമപരമായി നിർത്തലാക്കപ്പെട്ടു. എന്നാൽ ഇന്ത്യയുടെ പല ഭാഗത്തും ഈ രീതി ഇപ്പോഴും നിലനിൽക്കുന്നു. വ്യക്തികൾ തങ്ങൾക്കു തിരിച്ചടയ്ക്കാൻ കഴിയാത്ത വായ്പകൾ എടുക്കുകയും അവരുടെ അധ്വാനം ഈടായി പണയം വയ്ക്കുകയും ചെയ്യുമ്പോൾ അടിമത്തത്തിന്റെ ഈ പരിവൃത്തി ആരംഭിക്കുന്നു. കടം വീട്ടണമെന്ന വ്യവസ്ഥയോടെ കടം കൊടുക്കുന്നവർ വേലയ്ക്ക് എടുക്കുന്നുവെങ്കിലും തുച്ഛമായ കൂലിയായിരിക്കും നൽകുക. തൽഫലമായി, തൊഴിലാളികൾ തങ്ങളുടെ ജീവിതകാലം മുഴുവൻ, കടം കൊടുത്തയാളുടെ സ്വത്തു പോലെ, ചിലപ്പോൾ തലമുറകളിലേക്കു നീളുന്ന കടങ്ങൾ വീട്ടാൻ ശ്രമിച്ചുകൊണ്ടു ജീവിക്കുന്നു. നിയമപ്രകാരം അവർ സ്വതന്ത്രരും പുനരധിവാസത്തിന് അർഹതയുള്ളവരുമാണെങ്കിലും, പല തൊഴിലാളികൾക്കും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുകയില്ല. തൽഫലമായി, ആയിരക്കണക്കിനു മനുഷ്യർ അടിമത്തത്തിൽ ഉഴലുന്നു.
കിണറ്റുകരയിൽ വെള്ളം കോരാൻ വന്ന ശമര്യസ്ത്രീയും സാമൂഹിക പെരുമാറ്റച്ചട്ടങ്ങളുടെ അടിമയായിരുന്നു. അവളുടെ ജീവിതരീതി നിമിത്തം അവളുടെ ആളുകൾ അവളെ ഒഴിവാക്കിയതുകൊണ്ടാകാം അവൾ തനിയെ വന്നത്. അവൾ ഒരു ശമര്യക്കാരി ആയതിനാൽ, യെഹൂദാ കാഴ്ചപ്പാടിൽ ഭ്രഷ്ടയായിരുന്നു (വാ. 20) എന്നത് ഇതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. എന്നാൽ യേശുവുമായുള്ള അവളുടെ സംഭാഷണം താൻ സ്വീകാര്യയാണെന്ന തോന്നലുളവാക്കുകയും അവളെ ഉറപ്പിക്കുകയും ചെയ്തു. യേശു അവളെ രക്ഷിക്കാനായി വന്നവനാണെങ്കിലും അവൾക്കത് അറിയില്ലായിരുന്നു. അവളോടു കുടിക്കാൻ ചോദിച്ചതിലെ അവന്റെ അസാധാരണമായ പ്രവൃത്തിയും വീക്ഷണവും അവളെ അമ്പരപ്പിച്ചു. എന്നാൽ തങ്ങൾ കാത്തിരിക്കുന്ന മശിഹായാണ് അവനെന്ന് അവൾ മനസ്സിലാക്കിയപ്പോൾ, അവൾ സന്തോഷത്തോടെ തന്റെ ഗ്രാമത്തിൽ ചെന്നു ബാക്കിയുള്ളവരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.
യേശുവിൽ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെട്ടിരിക്കുന്നു (യോഹന്നാൻ 3:16). യേശു നമുക്കുവേണ്ടി ക്രൂശിൽ മരിച്ചതോടെ നമ്മുടെ പാപങ്ങളുടെ കടം വീട്ടപ്പെട്ടു. അവൻ നമ്മുടെ സ്വാതന്ത്ര്യം വിലകൊടുത്തു വാങ്ങി നമ്മെ എന്നെന്നേക്കുമായി സ്വതന്ത്രരാക്കി. അന്ധവിശ്വാസമോ പാരമ്പര്യമോ സമൂഹത്തിന്റെ പ്രതീക്ഷകളോ നിമിത്തം നാം ഇനി ക്ലേശിക്കേണ്ടതില്ല. അവൻ വാഗ്ദത്തം ചെയ്യുന്നവ സ്വീകരിക്കുമ്പോൾ നാം സ്വതന്ത്രരായി തീരുന്നു.
എന്തിനാലാണു നിങ്ങൾ ഇപ്പോഴും ബന്ധിക്കപ്പെട്ടിരിക്കുന്നത്?
യേശുവിൽ നിങ്ങളുടെ സ്വാതന്ത്ര്യവും ജീവ സമ്പൂർണ്ണതയും കണ്ടെത്താൻ കഴിയുമെന്ന് അറിയുന്നതു നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത്?
കർത്താവേ, എന്നെ പാപത്തിൽനിന്നു വിടുവിക്കാൻ അങ്ങു ക്രൂശിൽ മരിച്ചു എന്നു മനസ്സിലാക്കാൻ എന്നെ സഹായിക്കേണമേ. സ്വാതന്ത്ര്യം എന്ന ഈ ദാനത്തെ വിലമതിക്കാൻ എന്നെ സഹായിക്കേണമേ.
