Month: മാർച്ച് 2026

അതിരുകവിഞ്ഞ സ്നേഹം

നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ട് സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം... [ 1 പത്രൊസ് 2:12 ]

ഫ്ലൈറ്റിൽ എന്റെ അടുത്തിരുന്ന സ്ത്രീ തന്നെ പരിചയപ്പെടുത്തിയത് അവർ ഒരു മത വിശ്വാസിയല്ല എന്നാണ്. ധാരാളം ക്രിസ്ത്യാനികൾ താമസിക്കുന്ന ഒരു ടൗണിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്. അവിടെയുള്ള മിക്കവരും പള്ളിയിൽ പോകുന്നവരാണ് എന്നും പറഞ്ഞു. അയൽക്കാരുമായുള്ള ബന്ധത്തിന്റെ അനുഭവം ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ മഹാമനസ്കത പകരം നല്കാൻ കഴിയാത്തവിധം വലുതാണ് എന്നാണ്. അവളുടെ അവശനായ പിതാവിനെ ഈ സ്ഥലത്തേക്ക് കൊണ്ടുവന്നപ്പോൾ അയൽക്കാർ അവളുടെ വീടിന് ഒരു റാമ്പ് നിർമ്മിച്ച് നല്കുകയും ആശുപത്രിയിൽ ഒരു ബെഡും മറ്റ് സൗകര്യങ്ങളും സൗജന്യമായി ഏർപ്പാടാക്കുകയും ചെയ്തു. അവൾ വീണ്ടും പറഞ്ഞു:“ക്രിസ്ത്യാനിയാകുന്നത് ഒരാളെ ഇങ്ങനെ കരുണയുള്ളവനാക്കുമെങ്കിൽ എല്ലാവരും ക്രിസ്ത്യാനികളാകേണ്ടതാണ്.”

അവൾ പറഞ്ഞത് തന്നെയാണ് യേശു പ്രതീക്ഷിക്കുന്നത്! അവിടുന്ന് ശിഷ്യന്മാരോട് പറഞ്ഞു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16). പത്രൊസ് ക്രിസ്തുവിന്റെ ഈ കല്പന കേട്ട് മറ്റുള്ളവർക്ക് കൈമാറി: “ജാതികൾ ... നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെയിടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കണം” (1പത്രൊസ് 2:12).

യേശുവിൽ വിശ്വസിക്കാത്ത നമ്മുടെ അയൽക്കാർക്ക് നമ്മുടെ വിശ്വാസം എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാകണമെന്നില്ല. അത് മാത്രമല്ല, അവർക്ക് മനസ്സിലാകാത്ത മറ്റൊരു കാര്യം കൂടിയുണ്ട് — നമ്മുടെ പരിമിതിയില്ലാത്ത സ്നേഹം. എന്റെ സഹയാത്രിക അതിശയത്തോടെ പറഞ്ഞ കാര്യം ‘അവരിൽ ഒരാൾ’ അല്ലാതിരുന്നിട്ടും ക്രിസ്ത്യാനികളായ അയൽക്കാർ അവളെ കരുതുന്നു എന്നതാണ്. യേശുവിനെ പ്രതിയാണ് അവളെ അവർ സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കി അവൾ ദൈവത്തിന് നന്ദി പറയുന്നു. അവൾ ഒരു വിശ്വാസി ആയെന്ന് വരില്ല, എന്നാൽ അവർ ചെയ്യുന്ന കാര്യത്തെ അവൾ കൃതജ്ഞതയോടെ ഓർക്കുന്നു. മൈക്ക് വിറ്റ്മെർ

 

സ്നേഹത്തിന്റെ അടുത്ത പടി

ഒരു എതിരാളിയെ സഹായിക്കുക എന്നത് എത്ര പ്രയാസമുള്ള കാര്യമാണ്! ഒരു റെസ്റ്റോറന്റ് ഉടമയായ, വിസ്കൊൻസിനിൽ താമസിക്കുന്ന, അഡോൾഫോ, കോവിഡ് കാലത്ത് പ്രയാസപ്പെടുന്ന മറ്റ് ചെറിയ റെസ്റ്റോറന്റ് ഉടമകളെ സഹായിക്കുന്നത് ഒരു അവസരമായി കണ്ടു. പകർച്ച വ്യാധിയുടെ കാലത്ത് ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകുന്നത് എത്ര പ്രയാസകരമാണെന്ന് അഡോൾഫോ മനസ്സിലാക്കി. മറ്റൊരു സഹായ സംരംഭം കണ്ട് പ്രോത്സാഹനം പ്രാപിച്ച അഡോൾഫോ തന്റെ സ്വന്തം പണം മുടക്കി 2,000 ഡോളർ വില വരുന്ന, സമീപ റെസ്റ്റോറന്റുകളിൽ ഉപയോഗിക്കാവുന്ന, ഗിഫ്റ്റ് കാർഡുകൾ വാങ്ങി തന്റെ കസ്റ്റമേഴ്സിന് വിതരണം ചെയ്തു. വാക്കിൽ അല്ല, പ്രവൃത്തിയിൽ പ്രകടമാകുന്ന സ്നേഹത്തിന് അത് ഒരു ഉദാഹരണമായി.

സ്വന്തജീവൻ മനുഷ്യനുവേണ്ടി അർപ്പിക്കാൻ മനസ്സായ യേശുവിന്റെ ആത്യന്തിക സ്നേഹത്തിന്റെ പ്രകടനം (1 യോഹ. 3:16) മാതൃകയാക്കി, സ്നേഹത്തെ അടുത്ത പടിയായ പ്രവൃത്തിയിലേക്ക് മാറ്റാൻ യോഹന്നാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. “സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കുന്നത്”(വാ.16) യേശുവിന്റെ അതേ സ്നേഹത്തിന്റെ പ്രദർശനമാണെന്ന് യോഹന്നാൻ പറയുന്നു. അത് അനുദിന ജീവിതത്തിൽ ഭൗതിക നന്മകൾ പങ്കുവെക്കുന്നതുപോലെയുള്ള പ്രായോഗിക കാര്യങ്ങളിലൂടെയാണ് അതു സാധ്യമാകുന്നത്. വാക്കുകൾ കൊണ്ട് സ്നേഹിച്ചിട്ട് കാര്യമില്ല; സ്നേഹം അർത്ഥവത്തായ ആത്മാർത്ഥ പ്രവൃത്തികളിലാണ് വെളിപ്പെടേണ്ടത് (വാ.18).

സ്നേഹം പ്രാവർത്തികമാക്കുന്നത് പ്രയാസകരമായ കാര്യമാണ്. കാരണം മററുള്ളവർക്കായി വ്യക്തിപരമായ ത്യാഗവും അസൗകര്യങ്ങളും ഒക്കെ അനുഭവിക്കേണ്ടിവരും. ദൈവാത്മാവ് ബലപ്പെടുത്തുന്നതു വഴിയും ദൈവത്തിന്റെ നമ്മോടുള്ള ഔദാര്യമായ സ്നേഹം ഓർക്കുന്നത് വഴിയും നമുക്കും സ്നേഹത്തിന്റെ ഈ അടുത്ത ചുവട് വെക്കാൻ കഴിയും. 

ദൈവം സഹായിക്കുന്നതുപോലെ സഹായിക്കുക

ന്യൂസിലാന്റ്കാരനായ ഓലേ കാസ്സോവ് സൈക്കിൾ സവാരി ഇഷ്ടപ്പെടുന്ന യാളാണ്. ഒരു ദിവസം രാവിലെ ഒരു വയോധികൻ തന്റെ വാക്കറുമായി ഒറ്റയ്ക്ക് ഒരു പാർക്കിൽ ഇരിക്കുന്നത് കണ്ട ഒലേയ്ക്ക് ഒരു ആശയം തോന്നി: പ്രായമായവർക്ക് ബൈക്ക് യാത്രയുടെ ആനന്ദം നല്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചാലോ? ഒരു തെളിഞ്ഞ പ്രഭാതത്തിൽ, വാടകക്കെടുത്ത ഒരു മുച്ചക്ര വണ്ടിയുമായി ഒരു നഴ്സിങ്ങ് ഹോമിലെത്തിയ ഓലേ, അവിടെയുള്ള ആർക്കും അതിൽ യാത്ര ചെയ്യാം എന്ന് പറഞ്ഞു. അവിടെയുള്ള വളരെ പ്രായമുള്ള അന്തേവാസിയും സ്റ്റാഫുമായ ഒരു മനുഷ്യൻ പ്രായത്തെ അവഗണിച്ച് ആദ്യത്തെ റൈഡർ ആയത് കണ്ട് ഓലേക്ക് അതിയായ സന്തോഷം തോന്നി. 

20 വർഷങ്ങൾക്കിപ്പുറം, സൈക്കിൾ സവാരി പ്രയാസമായ 5,75,000 -ത്തോളം വയോധികർക്കായി 25 ലക്ഷത്തോളം റൈഡുകൾ നടത്താൻ ഓലേയുടെ സ്വപ്ന പദ്ധതി പ്രയോജനപ്പെട്ടു. ഒരു സുഹൃത്തിനെ കാണാൻ, ഒരു ഐസ്ക്രീം കഴിക്കാൻ, ചുമ്മാ കാറ്റ് കൊണ്ട് പാറിപ്പറക്കാൻ ഒക്കെ അവർ യാത്ര ചെയ്തു. ഇത് പ്രയോജനപ്പെടുത്തിയവർ പറയുന്നത് അവർ ഇപ്പോൾ നന്നായി ഉറങ്ങുന്നു, നന്നായി ഭക്ഷണം കഴിക്കുന്നു, ഏകാന്തത കുറഞ്ഞു എന്നൊക്കെയാണ്. 

ഈ നല്ല കാര്യം യെശയ്യാവ് 58:10, 11 പറയുന്ന മനോഹര ദൈവവചനത്തെ അന്വർത്ഥമാക്കുന്നു: “... കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തിവരുത്തുകയും ചെയ്യുന്നുവെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലായ്പ്പോഴും നടത്തുകയും വരണ്ട നിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവു പോലെയും ആകും.” ദൈവം തന്റെ ജനത്തോട് പറഞ്ഞു: “നിന്റെ സന്തതി പുരാതന ശൂന്യങ്ങളെ പണിയും ...” (വാ. 12). അവൻ നമ്മിൽക്കൂടി എന്താണ് ചെയ്യുക? ദൈവം സഹായിക്കുമെന്നതിനാൽ, നമുക്ക് എപ്പോഴും മറ്റുളളവരെ സഹായിക്കാൻ ഒരുക്കമുള്ളവരാകാം. 

ആനന്ദകരമായ ആശ്രയം

മൃഗപരിപാലന കേന്ദ്രത്തിൽ ദയാവധത്തിനായി കരുതിയിരുന്ന റൂഡി എന്ന നായയെ ഒരു സ്ത്രീ രക്ഷിച്ച് തന്റെ വളർത്തുനായയാക്കി. 10 വർഷത്തോളം ലിന്റയുടെ കിടക്കക്കരികെ ശാന്തനായി ഉറങ്ങിയിരുന്ന റൂഡി ഒരു ദിവസം പെട്ടെന്ന് അവളുടെ അടുത്ത് ചെന്ന് അവളുടെ മുഖത്ത് നക്കി. ലിന്റ വഴക്കു പറഞ്ഞെങ്കിലും എല്ലാ രാത്രിയിലും റൂഡി ഇതേപോലെ ചെയ്തുകൊണ്ടിരുന്നു. “പിന്നീട് ഞാൻ ഇരിക്കുന്ന സമയത്തൊക്കെ അവൻ എന്റെ മുഖത്ത് നക്കിത്തുടങ്ങി,” ലിന്റ പറഞ്ഞു.

റൂഡിയെ ഒരു പെരുമാറ്റ പരിശീലന കേന്ദ്രത്തിൽ കൊണ്ടുപോകണം എന്നവൾ കരുതി. അപ്പോഴാണ് അവൾ ഓർത്തത്, റൂഡി എപ്പോഴും തന്റെ താടിയുടെ ഒരേ സ്ഥലത്ത് തന്നെയാണല്ലോ നിരന്തരമായി നക്കിക്കൊണ്ടിരുന്നത് എന്ന കാര്യം. ഇത് അസാധാരണമായി തോന്നിയ ലിന്റ, ചെറിയ ജാള്യതയോടെ ഒരു ഡോക്ടറെ കാണാൻ പോയി. ആ ഭാഗത്ത് ചെറിയ ഒരു റ്റ്യൂമർ (ബോൺ കാൻസർ) ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തി. ഇനിയും വൈകിയിരുന്നെങ്കിൽ അത് മാരകമായേനെ എന്നും ഡോക്ടർ പറഞ്ഞു. റൂഡിയുടെ സഹജവാസനയെ ആശ്രയിച്ചതിൽ ലിന്റക്ക് അപ്പോൾ അതിയായ സന്തോഷം തോന്നി.

ദൈവത്തിലുള്ള ആശ്രയം നമ്മെ ജീവനിലേക്കും ആനന്ദത്തിലേക്കും നയിക്കും എന്ന കാര്യം തിരുവെഴുത്ത് ആവർത്തിച്ച് പറയുന്നുണ്ട്. “യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും ..... ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ” (സങ്കീ. 40:4) എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. ചില തർജമകളിൽ അതിങ്ങനെയാണ്: “കർത്താവിനെ തന്റെ ആശ്രയമാക്കുന്നവർ സന്തോഷമുള്ളവരാകും.” സങ്കീർത്തനങ്ങളിൽ സന്തോഷം എന്നത് നുരച്ചുപൊന്തുന്ന ആനന്ദത്തിന്റെ പ്രവാഹത്തെയാണ് കാണിക്കുന്നത്.

നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ അതിന്റെ ആത്യന്തികഫലം ആഴമേറിയ തനതായ സന്തോഷമാണ്. ഈ ആശ്രയം തനിയെ വരുന്നതല്ല, അതിന്റെ ഫലം എപ്പോഴും നാം സങ്കല്പിക്കുന്നത് ആയിരിക്കുകയുമില്ല. എന്നാൽ ദൈവത്തിൽ നാം ആശ്രയിക്കുന്നുവെങ്കിൽ, അങ്ങനെ ചെയ്തതിൽ നാം സന്തോഷമുള്ളവർ തന്നെയായിരിക്കും. 

 

സ്വർഗ്ഗത്തിലെ യജമാനൻ

സിംഗപ്പൂരിലെ മനുഷ്യവിഭവശേഷി മന്ത്രാലയം 2022 ൽ ഒരു പ്രഖ്യാപനം നടത്തി: വീട്ടുജോലിക്കായി കുടിയേറി വന്നവർക്കെല്ലാം ആഴ്ചയിൽ ഒരു ദിവസം അവധി നല്കണം; അധിക വേതനം നല്കിയും അവധി അനുവദിക്കാതിരിക്കരുത്. ആ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവരെ ആര് ശുശ്രൂഷിക്കും എന്നത് തൊഴിൽ ദാതാക്കളെ ആകുലപ്പെടുത്തി. പകരം സംവിധാനം കണ്ടെത്തി പ്രശ്നം പരിഹരിച്ചെങ്കിലും ആഴ്ചയിൽ ഒരു ദിവസം വിശ്രമം അനുവദിക്കണം എന്ന കാര്യത്തോട് പൊരുത്തപ്പെടാൻ അവർ ഇനിയും സമയമെടുക്കും.

മറ്റുള്ളവരോട് മര്യാദയോടെ പെരുമാറുക എന്നത് ഒരു പുതിയ കാര്യമല്ല. വേലക്കാർ യജമാനന്റെ സ്വത്താണ് എന്ന് കണക്കാക്കിയിരുന്ന കാലത്താണ് പൗലൊസ് അപ്പൊസ്തലൻ ജീവിച്ചത്. എങ്കിലും ക്രിസ്തീയ കുടുംബം എങ്ങനെ പെരുമാറണം എന്ന് സഭയോടുള്ള പ്രബോധനത്തിന്റെ അവസാന വരിയായി പറയുമ്പോൾ, യജമാനന്മാർ ദാസന്മാരോട് നീതിപൂർവ്വം പെരുമാറണം (കൊലൊ. 4:1) എന്ന് ആഹ്വാനം ചെയ്യുന്നു. അവരോട് അന്യായം ചെയ്യാതെ പെരുമാറണം എന്നും തർജ്ജമ ചെയ്യാവുന്നതാണ്.

ദാസന്മാർ “മനുഷ്യർക്കെന്നല്ല, കർത്താവിന് എന്ന പോലെ” (3:23) വേല ചെയ്യണം എന്നു പറയുന്ന പൗലൊസ് യജമാനന്മാർ യേശുവിന്റെ അധികാരത്തിൽ കീഴിലാണെന്നും ഓർമ്മിപ്പിക്കുന്നു:

“നിങ്ങൾക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ട്” (4:1). കൊലൊസ്യയിലുള്ള വിശ്വാസികൾ ക്രിസ്തുവിന്റെ ആത്യന്തിക അധികാരത്തെ അംഗീകരിച്ച് ജീവിക്കണം എന്ന് പ്രബോധിപ്പിക്കുകയാണ് പൗലൊസ് ചെയ്യുന്നത്. നമുക്കും മറ്റുള്ളവരോടുള്ള നമ്മുടെ ഇടപാടുകളിൽ, തൊഴിൽ ദായകൻ എന്ന നിലയിലോ തൊഴിലാളി എന്ന നിലയിലോ, വീട്ടിലോ പുറമെയോ ആകട്ടെ, “നീതിയും ന്യായവും ആചരിച്ച്” (വാ.1 ) പെരുമാറുവാൻ ദൈവത്തോട് സഹായം യാചിക്കാം.

“ഞാൻ ആകുന്നു”

തത്വശാസ്ത്രത്തിലും സാഹിത്യത്തിലും പ്രൊഫസർ ആയിരുന്ന ജാക്ക് അതിബുദ്ധിമാൻ ആയിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ താൻ ഒരു നിരീശ്വരവാദിയാണെന്ന് അവകാശപ്പെട്ട അദ്ദേഹം പ്രായപൂർത്തിയായപ്പോൾ തന്റെ “നിരീശ്വരവിശ്വാസം” സംരക്ഷിക്കാൻ പാടുപെട്ടു. ക്രിസ്തീയ സുഹൃത്തുക്കൾ അദ്ദേഹത്തെ സ്വാധീനിക്കാൻ ഒത്തിരി ശ്രമിച്ചു. ജാക്ക് അതിനെക്കുറിച്ച് പറഞ്ഞത്: “എല്ലാവരും എല്ലാ ഗ്രന്ഥങ്ങളും മറ്റെ ഭാഗത്താണ്” എന്നാണ്. എന്നാൽ ബൈബിൾ മറ്റു പുസ്തകങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വന്നു. സുവിശേഷത്തെക്കുറിച്ച് അദ്ദേഹം എഴുതി: “എന്നെങ്കിലും ഒരു ഐതിഹ്യം യാഥാർത്ഥ്യമായാൽ , മനുഷ്യാവതാരം ചെയ്താൽ, അത് ഇങ്ങനെ തന്നെയായിരിക്കും.”

പുറപ്പാട് 3 ജാക്കിനെ വല്ലാതെ സ്വാധീനിച്ചു. യിസ്രായേലിനെ ഈജിപ്തിൽ നിന്നും നയിച്ചുകൊണ്ട് പോകാൻ ദൈവം മോശെയെ വിളിക്കുകയായിരുന്നു. മോശ ദൈവത്തോട് ചോദിച്ചു, “ഫറവോന്റെ അടുക്കൽ പോകുവാൻ... ഞാൻ എന്തു മാത്രമുള്ളു”(വാ. 11). ദൈവം പ്രതിവചിച്ചു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു”(വാ. 14). ഈ ഭാഗം വാക്കുകളും പേരുകളും കൊണ്ട് സങ്കീർണ്ണമാണ് എങ്കിലും ദൈവത്തിന്റെ നിത്യസാന്നിധ്യത്തെ നിസ്സംശയം വെളിപ്പെടുത്തുന്നു. യേശു പിന്നീട് ഇതേ പ്രസ്താവന തന്നെക്കുറിച്ച് ഉപയോഗിച്ചു എന്നത് ശ്രദ്ധേയമാണ്: “അബ്രാഹാം ജനിച്ചതിന് മുമ്പേ ഞാൻ ഉണ്ട്” (യോഹന്നാൻ 8:58).

ജാക്ക് തന്നെയാണ് സി.എസ്. ലൂയിസ് എന്ന പേരിൽ പിന്നീട് പ്രസിദ്ധനായത്. ഈ വേദഭാഗമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. സത്യദൈവം തന്നെക്കുറിച്ച് പറയേണ്ട പ്രസ്താവന ഇത് മാത്രമാണ് — “ഞാൻ ആകുന്നവൻ” ആണ് ഞാൻ എന്നത്. ഒരു രൂപാന്തര നിമിഷത്തിൽ ലൂയിസ് “തന്നെത്തന്നെ ഏല്പിച്ചു കൊടുത്തു; ദൈവത്തെ ദൈവം എന്ന് അംഗീകരിച്ചു.” യേശുവിനൊത്തുള്ള ഒരു യാത്ര ലൂയിസ് അങ്ങനെ ആരംഭിക്കുകയായിരുന്നു.

ഒരുപക്ഷേ നമ്മളും വിശ്വാസ കാര്യത്തിൽ ലൂയിസിനെപ്പോലെ സംഘർഷം അനുഭവിക്കുന്നുണ്ടാകാം; വിശ്വാസം തണുത്തു പോയിരിക്കാം. നമുക്ക് നമ്മോട് ചോദിക്കാം — ദൈവം നമ്മുടെ ജീവിതത്തിൽ യഥാർത്ഥമായും “ഞാൻ ആകുന്നു” ആണോ എന്ന്. 

 

ദൈവരാജ്യ മനസ്സുള്ള നേതൃത്വം

കുട്ടികൾക്കുവേണ്ടി ക്രിസ്തീയ പുസ്തകങ്ങൾ എഴുതുന്ന ഒരു ഗ്രൂപ്പിൽ ഞാൻ ചേർന്നു. ഞങ്ങൾ ഓരോരുത്തരും പരസ്പരം പിന്തുണയ്ക്കുകയും അന്യോന്യം പ്രാർത്ഥിക്കുകയും പരസ്പരം ഞങ്ങളുടെ പുസ്തകത്തിന്റെ പ്രചാരത്തിനായി പ്രയത്നിക്കുകയും ചെയ്തു. “മത്സരാർത്ഥികളോടൊപ്പം പ്രവർത്തിക്കുന്ന ഭോഷത്വമാണിത്,” ചിലർ അതിനെ കളിയാക്കി. എന്നാൽ ഞങ്ങളുടെ ഗ്രൂപ്പ് ദൈവരാജ്യ മനസ്സുള്ള നേതൃത്വം എന്ന ആശയത്തിൽ സമർപ്പിതമായിരുന്നു; മത്സരമല്ല, സഹവർത്തിത്വമായിരുന്നു താല്പര്യവും. ഞങ്ങൾക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു — സുവിശേഷം പങ്കുവെക്കുക എന്നത്. ഒരേ രാജാവിനെയാണ് ഞങ്ങൾ സേവിച്ചത് — യേശുവിനെ. ഒരുമിച്ച് നിന്നപ്പോൾ ക്രിസ്തുവിന്റെ സാക്ഷ്യവുമായി കൂടുതൽ പേരിൽ എത്തിച്ചേരാൻ ഞങ്ങൾക്കു കഴിഞ്ഞു.

നേതൃത്വ ഗുണമുള്ള എഴുപത് മൂപ്പന്മാരെ തെരഞ്ഞെടുക്കാൻ ദൈവം മോശെയോട് പറഞ്ഞു. “അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും. ഞാൻ നിന്റെ മേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും” (സംഖ്യ. 11:16-17). പിന്നീട്, ഇവരിൽ രണ്ടു പേർ പ്രവചിക്കുന്നത് കണ്ട യോശുവ അവരെ വിലക്കാൻ മോശെയോടു പറഞ്ഞു. അപ്പോൾ മോശെ പറഞ്ഞു: “എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെ മേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു” (സംഖ്യ. 11:29).

മറ്റുള്ളവരോട് കൂടെ പ്രവർത്തിക്കുമ്പോൾ മത്സരബുദ്ധിയും താരതമ്യ പ്രവണതയും നിങ്ങൾക്കുണ്ടാകുമ്പോൾ, ദൈവത്തിന്റെ പരിശുദ്ധാത്മാവിന് ഈ പ്രലോഭനത്തെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കാനാകും. ദൈവരാജ്യ മനസ്സുള്ള നേതൃത്വത്തിന്റെ മനസ്സ് നമ്മിൽ സൃഷ്ടിക്കാൻ പ്രാർത്ഥിക്കുക; അപ്പോൾ സുവിശേഷം ലോകമെങ്ങും പ്രചരിക്കും; ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ഭാരം പങ്കുവെക്കപ്പെടുകയും ചെയ്യും. 

കർത്താവിനെ ശുശ്രൂഷിക്കുന്നതിന് മറ്റുള്ളവരോട് ചേർന്ന് പ്രവർത്തിക്കാനാകുന്നുണ്ടോ? ഓരോരുത്തരും അവരവരുടെ സവിശേഷ
ശേഷികൾ പ്രദർശിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നുണ്ടോ?

പരിശുദ്ധാത്മാവേ, എന്നെ ഒരു ദൈവരാജ്യ മനസ്സുള്ള നേതാവാക്കി മാറ്റി, മറ്റുള്ളവരോട് കൂടെ പ്രവർത്തിച്ച്, കൂടുതൽ പേരെ രക്ഷാസുവിശേഷത്താൽ സ്വാധീനിക്കാൻ സഹായിക്കണമേ.

വിശ്വാസം പങ്കുവയ്ക്കുക

ലോകം മുഴുവൻ മിഷണറിമാരെ അയക്കുക എന്ന ലക്ഷ്യത്തിൽ ചർച്ച് ഓഫ്
ഇംഗ്ലണ്ട് 1701 ൽ സൊസൈറ്റി ഫോർ ദി പ്രൊപ്പഗേഷൻ ഓഫ് ദി ഗോസ്പൽ എന്ന സംഘടന ഉണ്ടാക്കി. അവരുടെ ആപ്തവാക്യം “കടന്നു വന്ന് ഞങ്ങളെ സഹായിക്കുക” എന്ന അർത്ഥത്തിൽ ലത്തീനിൽ transiens adiuva nos എന്നായിരുന്നു. ഒന്നാം നൂറ്റാണ്ടു മുതൽ സുവിശേഷത്തിന്റെ സ്ഥാനപതികൾക്കുളള വിളിയായിരുന്നു ഇത്. കാരണം യേശുവിന്റെ അനുയായികൾ ലോകത്തിന് അനിവാര്യമായിരുന്ന യേശുവിന്റെ സ്നേഹവും ക്ഷമയും പകർന്ന് നല്കുന്നവരായിരുന്നു.

“കടന്നു വന്നു ഞങ്ങളെ സഹായിക്കുക” എന്നത് പ്രവൃത്തികൾ 16 ലെ “മക്കെദോന്യ വിളി (Macedonian call)” യിൽ നിന്ന് ഉണ്ടായതാണ്. പൗലൊസും സംഘവും ഏഷ്യാമൈനറിന്റെ (തുർക്കി) പടിഞ്ഞാറെ തീരത്തുള്ള ത്രോവാസിൽ എത്തിച്ചേർന്നു (വാ. 8). അവിടെ വെച്ച് “പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്ക് കടന്ന് വന്ന് ഞങ്ങളെ സഹായിക്കുക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു” (വാ. 9). ഈ ദർശനം കണ്ട പൗലൊസും കൂട്ടാളികളും “ഉടനെ മക്കെദോന്യക്ക് പുറപ്പെടുവാൻ ശ്രമിച്ചു” (വാ. 10). ആ വിളി അതീവ പ്രാധാന്യമുള്ളതാണെന്ന് അവർ മനസ്സിലാക്കി.

എല്ലാവരെയും കടൽ കടന്നു പോകാൻ വിളിക്കണമെന്നില്ല, എന്നാൽ അങ്ങനെ വിളി കിട്ടിയവരെ നമുക്ക് പ്രാർത്ഥന കൊണ്ടും ധനം കൊണ്ടും സഹായിക്കാനാകും. നമുക്കോരോരുത്തർക്കും നമ്മുടെ റൂമിലോ, തെരുവിലോ, സമൂഹത്തിലോ ഉള്ളവരോട് യേശുവിന്റെ സുവിശേഷം പറയാൻ കഴിയും. ആളുകളുടെ ഏറ്റവും ആവശ്യമായ സഹായം — യേശുവിന്റെ നാമത്തിലുള്ള പാപക്ഷമയുടെ സന്ദേശം — എത്തിച്ചു നല്കാൻ അവരുടെ അടുക്കലേക്ക് പോകുവാൻ ദൈവം ശക്തിപ്പെടുത്തുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. 

 

സ്നേഹത്തിനായുള്ള ദാഹം

കുട്ടിക്കാലത്ത്, വേനലവധിക്കാലത്തു ഞാൻ വെല്ലൂരിൽ വച്ചു വെക്കേഷൻ ബൈബിൾ സ്കൂളിൽ (വിബിഎസ്) പങ്കെടുക്കാറുണ്ടായിരുന്നു. ഏകദേശം 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ആ സമയത്തെ താപനില. ആകാശത്ത് ഒരു മേഘമോ മരങ്ങളിൽ ഒരു ഇലയോ കാറ്റിന്റെ അടയാളമോ പോലും ഉണ്ടായിരിക്കുകയില്ല. ഞങ്ങളുടെ കുപ്പികളിലെ വെള്ളവും സന്നദ്ധപ്രവർത്തകർ ബക്കറ്റുകളിൽ കൊണ്ടുവരുന്ന പഴങ്ങളുടെ രുചിയുള്ള ജ്യൂസും മാത്രമായിരുന്നു ചൂടിൽ നിന്നുള്ള ഏക ആശ്വാസം. ഒരു മൊന്ത നിറയെ ലഭിക്കുന്ന ജ്യൂസിനായി ഞങ്ങൾ കപ്പുകളുമായി വരി നിൽക്കും. എത്ര പതുക്കെയായിരുന്നു ഞങ്ങൾ അതു കുടിക്കുന്നതെന്നോ! എന്നിരുന്നാലും, അധികം വൈകാതെ ജ്യൂസ് തീർന്ന്, ഞങ്ങൾ കൂടുതൽ ദാഹാർത്തരായി തീരും. വളരെ അപൂർവ്വമായി മാത്രമേ ജ്യൂസ് രണ്ടാമതും ലഭിച്ചിരുന്നുള്ളൂ.

തൊണ്ട വരളുന്ന ഡെക്കാൻ വേനൽക്കാലത്തു പാനീയങ്ങൾക്കായുള്ള നമ്മുടെ ദാഹം പോലെ, വിനാശകരമായവിധം സ്നേഹരഹിതമായ ലോകത്തു നാമെല്ലാവരും സ്നേഹത്തിനായി ദാഹിക്കുന്നു. വിവിധ ഇടങ്ങളിൽ നാം സ്നേഹം തേടുന്നു. പലപ്പോഴും സ്നേഹം പരിമിതമായ അളവിൽ മാത്രം ലഭിക്കുന്നുവെന്നും തീർന്നുപോകുന്നുവെന്നും സോപാധികമാണെന്നും സമ്പാദിക്കേണ്ടതുണ്ടെന്നും നാം കണ്ടെത്തുന്നു.

എന്നാൽ ഒരിക്കലും വറ്റിപ്പോകാത്ത “ജീവജല”ത്തിന്റെ നീരുറവുണ്ടെന്നു വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (യോഹന്നാൻ 4:13-14). ഈ ജീവജലം പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു (യോഹന്നാൻ 7:39). “ദൈവത്തിന്റെ സ്നേഹം . . . നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (റോമർ 5:5) എന്നാണ് അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നത്. ഇതു പരിമിതമായി ലഭിക്കുന്ന ഒന്നല്ല. നമ്മുടെ അർഹതക്ക് അനുസരിച്ചുള്ളതുമല്ല. മറിച്ച്, അത് അതിരുകളില്ലാത്തതും അളവിനപ്പുറമുള്ളതുമാണ്. അവനെതിരെ നാം മത്സരിക്കുമ്പോൾ പോലും, തന്റെ പുത്രനായ യേശുവിനെ നമുക്കുവേണ്ടി മരിക്കാൻ അയച്ചുകൊണ്ടു നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കി (വാ. 8). യേശുവിന്റെ ത്യാഗം നിമിത്തം, അവനിൽ നിന്നു അകന്നുപോയതിൽ നിന്നുളവാകുന്ന ഏകാന്തതയിൽ നിന്നു നാം രക്ഷിക്കപ്പെടുകയും നമ്മുടെ ഉള്ളിൽ സ്നേഹത്തിന്റെ നീരുറവായി തീരുന്ന തന്റെ സ്നേഹം നമുക്കായി ചൊരിഞ്ഞ ദൈവവുമായി നാം നിരപ്പു പ്രാപിക്കുകയും ചെയ്യുന്നു (വാ. 10). സ്നേഹത്തിനായി നിങ്ങൾ ദാഹിക്കുന്നുവെങ്കിൽ ദൈവത്തിങ്കലേക്കു ചെല്ലുക. അവൻ സ്നേഹമാണ്.

 

 

ദൈവത്തിനു മാത്രമേ സംതൃപ്തി നൽകാൻ കഴിയൂ

ആയിരക്കണക്കിന് രൂപയുടെ ഭക്ഷണം വീട്ടിലെത്തി- കൂറ്റൻ ചെമ്മീൻ, ഷവർമ, സാലഡ്, അങ്ങനെ പലതും അവർ എത്തിച്ച് നല്കി. കുടുംബനാഥൻ പാർട്ടി നടത്തുകയായിരുന്നില്ല. ഈ വിഭവങ്ങൾ ഒന്നും അയാൾ ഓർഡർ ചെയ്തത് പോലുമല്ല: അയാളുടെ ആറുവയസുകാരൻ മകൻ ചെയ്ത പണിയാണ്. എങ്ങനെ സംഭവിച്ചു എന്നല്ലേ? ഉറങ്ങാൻ കിടന്ന സമയം പിതാവ് തന്റെ ഫോൺ അവന് കളിക്കാൻ കൊടുത്തതാണ്, കുട്ടി അതുപയോഗിച്ച് പല ഹോട്ടലുകളിൽ നിന്നും വിലപിടിച്ച ഈ വസ്തുക്കൾ ഓർഡർ ചെയ്തു. “നീ എന്താണിങ്ങനെ ചെയ്തത്?” ഒളിച്ചിരുന്ന കുട്ടിയോട് പിതാവ് ചോദിച്ചു. “എനിക്ക് വിശക്കുകയായിരുന്നു” എന്നായിരുന്നു മറുപടി. കുട്ടിയുടെ വിശപ്പും പക്വതക്കുറവും വളരെ ചെലവേറിയതായി!

ഏശാവിന്റെ വിശപ്പ് അവന് ആയിരക്കണക്കിന് രൂപയേക്കാൾ നഷ്ടം വരുത്തി. അവൻ വിശപ്പുകൊണ്ട് വലഞ്ഞ് മരിക്കാറായി എന്നാണ് ഉല്പത്തി 25 ൽ പറയുന്നത്. അവൻ സഹോദരനോട് , “ആ ചുവന്ന പായസം കുറെ എനിക്ക് തരണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു” (വാ. 30 ) എന്ന് പറഞ്ഞു. എന്നാൽ യാക്കോബ് അതിനുപകരം ഏശാവിന്റെ ജ്യേഷ്ഠാവകാശം ആണ് ചോദിച്ചത് (വാ. 31). ഈ ജന്മാവകാശത്തിൽ ആദ്യജാതൻ എന്ന പദവിയും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളും, അവകാശങ്ങളിൽ ഇരട്ടി ഓഹരിയും, കുടുംബത്തിന്റെ ആത്മീയ നേതൃത്വവും ഒക്കെ ഉൾപ്പെട്ടിരുന്നു. തന്റെ വിശപ്പിന് വിധേയനായി ഏശാവ് “ഭക്ഷിച്ച് പാനം ചെയ്തു”, “ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു” (വാ. 34).

നമുക്കും വല്ലാത്ത പ്രലോഭനവും താല്പര്യവും ഉണ്ടാകുമ്പോൾ, വിനാശകരമായ തെറ്റുകളിലേക്ക് നമ്മുടെ താല്പര്യങ്ങൾ പോകാതെ, സ്വർഗീയ പിതാവിങ്കലേക്ക് നോക്കാം: “സകല നന്മകളും കൊണ്ട്”(സങ്കീ. 107:9) നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും അവിടുന്ന് ശമിപ്പിക്കും. മാർവിൻ വില്യംസ്