അതിമഹത്തായ ബഹുമതി
1998-ൽ പുറത്തിറങ്ങിയ ഡിസ്നി ചിത്രമായ മുലാൻ, ചക്രവർത്തിയുടെ സൈന്യത്തിലെ അംഗമായ തന്റെ പിതാവിനു പരിക്കേറ്റപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നതിനായി രാത്രിയിൽ ഒളിച്ചുകടന്നു പുരുഷനായി നടിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണു പറയുന്നത്. അവളുടെ പ്രവൃത്തികൾ കണ്ടെത്തിയപ്പോൾ, അധികാരികളെ അറിയിക്കുന്നത് അവളെ അപകടത്തിലാക്കുമെന്നു ഭയന്നു മുലാന്റെ കുടുംബം നിശബ്ദത പാലിക്കുന്നു. അവൾ ജീവനോടെ മടങ്ങിവരുമെന്ന് അവർ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. യുദ്ധം അവസാനിക്കുകയും സാമ്രാജ്യം രക്ഷപ്പെടുകയും ചെയ്ത ശേഷം മുലാൻ വീട്ടിലേക്കു മടങ്ങിവരുന്നു. അവളുടെ ധീരതയ്ക്കു ചക്രവർത്തി നൽകിയ സ്മരണികകൾ അവൾ തന്റെ പിതാവിനു നൽകുന്നു. “നമ്മുടെ കുടുംബത്തെ ആദരിക്കുന്നതിനുള്ള ഉപഹാരങ്ങളാണിവ,” അവൾ പറയുന്നു. അവളുടെ പിതാവ് ഉപഹാരങ്ങൾ മാറ്റിവെച്ച്, അവളെ കെട്ടിപ്പിടിച്ചു, “മകളായി നിന്നെ ലഭിച്ചതാണു ഏറ്റവും വലിയ ഉപഹാരവും ആദരവും” എന്നു പിതാവു മറുപടി നൽകി.
മുലാനെപ്പോലെ, യേശുവിന്റെ ശിഷ്യന്മാരും ദൈവത്തിനു വേണ്ടി ചെയ്യാൻ കഴിഞ്ഞ എല്ലാ കാര്യങ്ങളിലും ആവേശഭരിതരായിരുന്നു. “നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്ന് അവർ സന്തോഷത്തോടെ പറഞ്ഞു (വാ. 17). യേശു അവരുടെ ജയം അംഗീകരിച്ചുവെങ്കിലും, അവരുടെ ശ്രദ്ധ പെട്ടെന്നുതന്നെ പുനർകേന്ദ്രീകരിച്ചു. “എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ” (വാ. 20). യേശുവിനെ സംബന്ധിച്ചിടത്തോളം, ഭൂതങ്ങളുടെ മേൽ “അധികാരം” നേടുന്നതിനേക്കാൾ ആഘോഷത്തിനുള്ള വളരെ വലിയ കാരണമായിരുന്നു നിത്യജീവന്റെ ഉറപ്പ് (വാ. 19-20). അധികാരം പ്രയോഗിക്കുന്നതിൽ ലോകം അഭിമാനം കൊള്ളുമ്പോൾ, ദൈവജനം നിത്യജീവന്റെ ഉറപ്പിനെ വിലമതിക്കുന്നു.
ദൈവം നമുക്കു തന്ന കൃപാവരങ്ങളും വിഭവങ്ങളും നിമിത്തം ചില സമയങ്ങളിൽ നാം ശക്തരാണെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ ഭൂമിയിൽ നമുക്കു അധികാരമോ കൃപാവരങ്ങളോ ഉണ്ടെന്നത് സന്തോഷിക്കാനുള്ള നമ്മുടെ കാരണമാകരുത്. യേശുക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമ്മുടെ ജീവിതം ഇവിടെ അവസാനിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ദാനവും ആദരവും. നമ്മുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നു, നമുക്കു നിത്യജീവനുണ്ട്.
കലയും ദൈവത്തിന്റെ ഹൃദയവും
ആട്ടിടയന്മാർ തങ്ങളുടെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതു ചിത്രീകരിക്കുന്ന ഒരു കലാസൃഷ്ടി എന്റെ മാതാപിതാക്കളുടെ ഭവനത്തിലുണ്ട്. ഒരു പെയിന്റിംഗു പോലെ അതു തോന്നുമെങ്കിലും, ക്യാൻവാസിനും പെയിന്റിനും പകരം പൂർണ്ണമായും മരത്തടി കൊണ്ടാണ് അതു നിർമ്മിച്ചിരിക്കുന്നത്. വസ്തുക്കളുടെയും കഥാപാത്രങ്ങളുടെയും നിറം, ഗാഢത, രൂപരേഖ എന്നിവ രൂപപ്പെടുത്താൻ വ്യത്യസ്ത തരം തടികൾ അതിൽ ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള കലയെ “മൈസൂർ വുഡ് ഇൻലേ വർക്ക്” എന്നാണു വിളിക്കുന്നതെന്നു പിന്നീടു ഞങ്ങൾ മനസ്സിലാക്കി. ദൈവം എന്റെ ഇടയനാണെന്ന് അതെന്നെ ഓർമ്മിപ്പിക്കുന്നതിനാൽ, ഓരോ തവണയും അതു കാണുമ്പോൾ ഞാൻ പ്രത്യാശയാൽ നിറയുന്നു. എന്നെ ആശ്വസിപ്പിക്കാനും തന്റെ സാന്നിദ്ധ്യത്തെ എന്നിൽ വീണ്ടും ഉറപ്പിക്കാനും ദൈവം ഈ കലാസൃഷ്ടിയെ ഉപയോഗിക്കുന്നു. ഈ പ്രചോദിത കലാസൃഷ്ടിക്കും അതിനുള്ള സർഗ്ഗാത്മകതയാൽ അനുഗ്രഹിക്കപ്പെട്ട മരപ്പണിക്കാർക്കുമായി ഞാൻ ദൈവത്തിനു നന്ദി പറയുന്നു.
ദൈവം കാലാകാലങ്ങളായി കലയെയും കലാകാരന്മാരെയും പ്രചോദിപ്പിക്കുന്നു. പുറപ്പാടിൽ, തിരുനിവാസത്തിലെ വസ്തുക്കൾ എങ്ങനെ കാണപ്പെടണമെന്നു ദൈവം മോശയോടു പറഞ്ഞിരിക്കുന്നു (വാ. 6). “ഞാൻ പേർ ചൊല്ലി വിളിച്ചിരിക്കുന്നു”, “കൂടെ ആക്കിയിരിക്കുന്നു”, “ജ്ഞാനം നൽകിയിരിക്കുന്നു”, “ദിവ്യാത്മാവിനാൽ . . . നിറെച്ചിരിക്കുന്നു” എന്നിങ്ങനെ അരുളിച്ചെയ്തുകൊണ്ട് ആരാധനയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ നിർമ്മിക്കാൻ അവൻ ബെസലേലിനെയും ഒഹൊലീയാബിനെയും ചുമതലപ്പെടുത്തുന്നു. “കൗശലപ്പണികളെ സങ്കല്പിച്ചു ചെയ്വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്വാനും രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണി ചെയ്വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും” (വാ. 4) അവൻ അവർക്കു ജ്ഞാനവും സാമർത്ഥ്യവും നൽകി. ആരാധനയിൽ ജനങ്ങളെ തന്നിലേക്ക് അടുപ്പിക്കാൻ ദൈവം കലാകാരന്മാരെ തിരഞ്ഞെടുക്കുകയും പ്രചോദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തു.
ബെസലേലിന്റെയും ഒഹൊലീയാബിന്റെയും കാര്യത്തിലെന്നപോലെ, നമ്മുടെ കലാപരമായ ദാനങ്ങൾ ദൈവത്തിന്റെ ആത്മാവാണു നമുക്കു നൽകിയിരിക്കുന്നത്. തനിക്കുവേണ്ടി സൃഷ്ടിക്കുവാനായി ദൈവമാണു നമ്മെ തെരഞ്ഞെടുത്തതും നമ്മെ നിയോഗിച്ചതും അവന്റെ ആത്മാവിനാൽ നമ്മെ നിറച്ചതും. ആരെയാണ് അതു സഹായിക്കുന്നതെന്നു നമുക്ക് അറിയില്ലായിരിക്കാം. എന്നാൽ ദൈവത്തിന്റെ നടത്തിപ്പിനും പ്രചോദനത്തിനും കീഴിൽ നാം കലാസൃഷ്ടി നടത്തുകയാണെങ്കിൽ, വ്യക്തികളെ ആശ്വസിപ്പിക്കാനും അവരുടെയും നമ്മുടെയും ജീവിതങ്ങളെ സമ്പന്നമാക്കാനും അവൻ അത് ഉപയോഗിക്കും.
“മീൻ” ചട്ടികൾ
മീൻ കറി പാചകം ചെയ്യാൻ മാത്രം ഉപയോഗിച്ചിരുന്ന ഒരു മൺചട്ടി ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. ഈ മണ്‍ചട്ടി മറ്റു പാത്രങ്ങളിൽ നിന്നു കാഴ്ചയ്ക്കു വ്യത്യസ്തമായിരുന്നില്ല. ഞങ്ങൾ അതിൽ മത്സ്യം പാചകം ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ്, യാതൊരു തരത്തിലും അതു പ്രത്യേകയുള്ളതായിരുന്നില്ല. എന്നിരുന്നാലും, ഇപ്പോൾ, മറ്റൊരു വിഭവം തയ്യാറാക്കാൻ ആ പാത്രം ഉപയോഗിക്കാൻ ഞങ്ങൾക്കു കഴിയില്ല. കാരണം, അതിൽ പാചകം ചെയ്യുന്ന എന്തിനും ഒരല്പം “മീൻ” രുചിയുണ്ടായിരിക്കും. എന്നിരുന്നാലും, അതിൽ പാചകം ചെയ്യുമ്പോഴെല്ലാം മത്സ്യവിഭവങ്ങൾക്കു അധികമായ രുചി ലഭിക്കുന്നതിനാൽ സമുദ്രവിഭവങ്ങൾക്കുള്ള ഞങ്ങളുടെ പ്രധാന പാത്രമാണത്.
നാം വീട്ടിൽ ഉപയോഗിക്കുന്ന വ്യത്യസ്ത പാത്രങ്ങളെക്കുറിച്ചു തിമൊഥെയൊസിനുള്ള തന്റെ ലേഖനത്തിൽ പൗലൊസ് സംസാരിക്കുന്നു. “മാന്യകാര്യത്തിനായി” മാറ്റിവെച്ചിരിക്കുന്ന ചില പാത്രങ്ങളുള്ളപ്പോൾ തന്നെ “ഹീനകാര്യത്തിനായി” (വാ. 20) ഉപയോഗിക്കുന്ന പാത്രങ്ങളുമുണ്ടെന്നു അവൻ വിശദീകരിക്കുന്നു. തുടർന്ന്, ദൈവജനവുമായി ഇതിനുള്ള സാദൃശ്യം പൗലൊസ് കാണിച്ചുതരുന്നു (വാ. 14). നല്ല വേലയ്ക്ക് “ഉടമസ്ഥന്നു ഉപയോഗമായി” (വാ. 21) തീരേണ്ടതിനു ദൈവജനത്തെ മാന്യകാര്യത്തിനായി വിളിച്ചു വേർതിരിച്ചിരിക്കുന്നു എന്നു ദൈവജനത്തെ ഓർമ്മിപ്പിക്കാൻ അവൻ തിമൊഥെയൊസിനോടു പറയുന്നു (വാ. 14). അവൻ ഇപ്പോൾ അവരെ സവിശേഷമാക്കിയതിനാൽ, ശണ്ഠകൾ, ഭക്തിവിരുദ്ധമായ വൃഥാലാപങ്ങൾ, ദുർമോഹങ്ങൾ, മൗഢ്യതർക്കം എന്നിവയിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ അവരെ വിളിച്ചിരിക്കുന്നു (വാ. 14-24). “നീതിയും വിശ്വാസവും സ്നേഹവും . . . സമാധാനവും ആചരിക്കാനും” “എല്ലാവരോടും ശാന്തൻ” (വാ. 22-24) ആയിരുന്നുകൊണ്ടു “ദൈവത്തിന്നു കൊള്ളാകുന്നവൻ” എന്ന നിലയിൽ അവർ വേറിട്ടുനിൽക്കണം.
പൗലൊസിന്റെ സന്ദേശം നമുക്കും കൂടിയുള്ളതാണ്. ക്രിസ്തുവിന്റെ നാമം ഏറ്റുപറയുന്നവരെ അവൻ അറിയുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു (വാ. 19). യേശുവിൽ നാം വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ ഉപയോഗത്തിനായി വേർതിരിക്കപ്പെട്ട പ്രത്യേക പാത്രമായി നാം ഓരോരുത്തരും മാറുന്നു. ദൈവത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കാത്ത കാര്യങ്ങൾ നമ്മളും ഉപേക്ഷിക്കണം എന്നാണ് ഇതിനർത്ഥം (വാ. 19). പകരം, “ഉടമസ്ഥന്നു ഉപയോഗമായി” നിലകൊള്ളാൻ കഴിയും വിധം ദൈവം ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ നാം സ്വയം സമർപ്പിക്കണം. നമ്മുടെ കർത്താവിന് ഉപയോഗിക്കാൻ കഴിയുന്ന മൺപാത്രങ്ങളായി നമുക്കു തീരാം (1 കൊരിന്ത്യർ 4:7).
ജോലിയിലെ സംതൃപ്തി
തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു എന്നു ഞാൻ കണ്ടു. [ സഭാപ്രസംഗി 2:24 ]
ജോലിയിലെ സംതൃപ്തി
ഡോക്ടർമാർക്കു തങ്ങളുടെ ജോലി അർത്ഥവത്തായി തോന്നുന്നുണ്ടോ എന്നു മനസിലാക്കാനായി, വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഗവേഷകർ രണ്ടു പഠനങ്ങൾ നടത്തി. സമ്മർദ്ദം നിറഞ്ഞതാണെങ്കിലും മിക്ക ഡോക്ടർമാരും തങ്ങളുടെ ജോലി അർത്ഥവത്തായി കാണുന്നതായി രണ്ടു പഠനങ്ങളും കണ്ടെത്തി. അവരുടെ ജോലി സംതൃപ്തിക്കു കാരണം എന്താണെന്നു ചോദിച്ചപ്പോൾ, തൊഴിൽ സുരക്ഷ, ഉത്തരവാദിത്വത്തിന്റെ നിലവാരം, സ്വാതന്ത്ര്യം, പാർപ്പിടം, സഹപ്രവർത്തകർ അവരെ കാണുന്ന വിധം, അവരുടെ കഴിവുകൾ ഉപയോഗിക്കാനും പഠിപ്പിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള അവസരങ്ങൾ തുടങ്ങിയ കാരണങ്ങൾ അവർ പറഞ്ഞു.
സഭാപ്രസംഗിയുടെ എഴുത്തുകാരനും ജോലിയിലെ അർത്ഥത്തെക്കുറിച്ചു ചിന്തിച്ചിരുന്നു. “സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?” (വാ. 22) എന്ന് അവൻ ചോദിക്കുന്നു. നാം ദിവസം മുഴുവൻ “ദുഃഖവും വ്യസനവും അനുഭവിച്ചുകൊണ്ടു” പ്രയത്നം ചെയ്യുന്നു. തുടർന്ന്, രാത്രിയിൽ നമ്മുടെ ”ഹൃദയത്തിന്നു സ്വസ്ഥതയില്ല” (വാ.23). അവിടെത്തന്നെ, പ്രയത്നം അർത്ഥശൂന്യമാണെന്ന് അവൻ ഉപസംഹരിക്കുന്നു (വാ.23). എന്നിരുന്നാലും, കഴിക്കാനും കുടിക്കാനും നമ്മുടെ ജോലിയിൽ സംതൃപ്തി കണ്ടെത്താനും കഴിയുന്നതു യഥാർത്ഥത്തിൽ ദൈവത്തിന്റെ കയ്യിൽനിന്നുള്ള ദാനമാണെന്ന് അവൻ മനസ്സിലാക്കുന്നു (വാ. 24). “അവൻ നല്കീട്ടല്ലാതെ ആർ ഭക്ഷിക്കും ആർ അനുഭവിക്കും?” (വാ. 25).
ശാരീരിക അധ്വാനമോ മാനസിക പ്രയത്നമോ ഉപയോഗിച്ചുകൊണ്ടു സ്വഭവനത്തിലോ പുറത്തോ ജോലി ചെയ്യാൻ കഴിയുന്നത് ഒരു ബഹുമതിയാണ്. നമ്മളിൽ ഭൂരിഭാഗവും ഒരു പ്രവൃത്തി ദിനത്തിന്റെ അവസാനം സംതൃപ്തി തേടുന്നു. ചിലർ സേവന പ്രവർത്തനങ്ങളിലോ പണലാഭത്തിലൂടെയോ സൗഹൃദത്തിലൂടെയോ ഈ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ, ജോലിയെ ദൈവം നൽകിയ പദവിയായി കാണാൻ കഴിയാത്ത മറ്റു പലരും സംതൃപ്തി നേടാനാവാതെ ഉഴലുന്നു (ഉല്പത്തി 2:15). എപ്പോഴെങ്കിലും നമുക്ക് അസംതൃപ്തി തോന്നിയാൽ നമുക്കു ദൈവത്തിങ്കലേക്കു തിരിയാം. കാരണം, ഒരു ജോലിക്കും പൂർണ്ണ സംതൃപ്തി നൽകാൻ കഴിയില്ല എന്നതാണു സത്യം. എന്നാൽ നമ്മുടെ പ്രയത്നത്തിൽ അർത്ഥം കണ്ടെത്താൻ ദൈവത്തിനു നമ്മെ സഹായിക്കാനാകും. ആൻ ഹരികീർത്തൻ
നിങ്ങളുടെ ജോലിയിൽ സംതൃപ്തിയുളവാക്കുന്നത് എന്താണ്? നിങ്ങൾക്ക് എങ്ങനെ നന്ദി പറയാനും നിങ്ങളുടെ ജോലിയിൽ സംതൃപ്തി കണ്ടെത്താനും കഴിയും?
പിതാവേ, ജോലി, ജോലിയിലെ സംതൃപ്തി എന്നീ ദാനങ്ങൾക്കു നന്ദി. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ അങ്ങയെ പ്രസാദിപ്പിക്കാൻ എന്നെ സഹായിക്കേണമേ. എന്റെ കർത്തവ്യങ്ങൾ നന്നായി നിറവേറ്റാനുള്ള ജ്ഞാനം എനിക്കു നൽകേണമേ
ഒരു അമ്മക്കരടിയെപ്പോലെ
കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്വല കീറിക്കളയും. [ ഹോശേയ 13:8 ]
ഒരു അമ്മക്കരടിയെപ്പോലെ
നായ്ക്കളെ എനിക്ക് എക്കാലത്തും ഭയമായിരുന്നു. എന്നാൽ, ഞാൻ ബാലനായിരുന്നപ്പോൾ, ഞങ്ങളുടെ അയൽക്കാരന് ഒരു ജർമ്മൻ ഷെപ്പേർഡ് ഉണ്ടായിരുന്നു. എനിക്കറിയാവുന്നതിൽ വച്ചു ഏറ്റവും സൗമ്യനായ നായയായിരുന്നു അത്. എന്നാൽ, ഒരു ദിവസം അത് അക്രമാസക്തയായി, മുരണ്ടുകൊണ്ട് ചീറുകയും വീട്ടിലെ ഒരു മുറിയിൽ നിന്ന് ആളുകളെ അകറ്റി നിർത്താൻ തുടങ്ങുകയും ചെയ്തു. ഞാൻ വീണ്ടും ഭയപ്പെടുന്നതു കണ്ടപ്പോൾ, തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനാണു നായ അങ്ങനെ പെരുമാറുന്നതെന്ന് എന്റെ അയൽക്കാരൻ എനിക്കു വിശദീകരിച്ചുതന്നു.
ഹോശേയ 13:8 വായിക്കുമ്പോൾ ഇതാണു ഞാൻ ഓർക്കാറുള്ളത്. തന്റെ കുഞ്ഞുങ്ങളെ തേടുന്ന ഒരു അമ്മക്കരടിയുമായി ദൈവം സ്വയം താരതമ്യം ചെയ്യുന്നു. ദൈവത്തിന്റെ നീതിയുടെ ഉഗ്രരൂപമാണത്. ദൈവം തങ്ങൾക്കു ചെയ്തവയെല്ലാം മറന്നു യിസ്രായേലിന്റെയും എഫ്രയീമിന്റെയും ഹൃദയം നിഗളിച്ചു പോയതിനാൽ ദൈവത്തിന്റെ കോപം അവരുടെ മേൽ ജ്വലിച്ചു (വാ. 6). തങ്ങളുടെ രക്ഷകനായി ദൈവത്തെ അംഗീകരിക്കുന്നതിനുപകരം, അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും “അധികമധികം” പാപങ്ങളിലേക്കു നീങ്ങി നരബലി അർപ്പിക്കുക പോലും ചെയ്തു (വാ. 1-4). ഈ സന്ദർഭത്തിൽ, “കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്വല കീറിക്കളയും” (വാ.8) എന്നു ദൈവം പറഞ്ഞു. തന്റെ സംരക്ഷണത്തിൻ കീഴിലുള്ളവരുടെ കാര്യത്തിൽ ദൈവം തീക്ഷ്ണതയുള്ളവനാണ്. ഒരു അമ്മക്കരടിയെപ്പോലെ, അവൻ അവർക്കുവേണ്ടി പ്രതിരോധിക്കുകയും അവരെ പോറ്റുകയും പരിപാലിക്കുകയും നയിക്കുകയും ചെയ്യുന്നു (വാ. 4-8).
ബലഹീനതയും ദുർബലതയും അനുഭവപ്പെടുമ്പോൾ, നമുക്കു സംഭവിക്കുന്ന അനീതികൾ ദൈവം ശ്രദ്ധിക്കുന്നുണ്ടെന്നു നമുക്ക് ഉറപ്പിക്കാം. സഹായത്തിനായുള്ള നമ്മുടെ നിലവിളി അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു. ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ നമ്മെ സംരക്ഷിക്കാൻ അവൻ ഇടപെടുന്നു. ജീവിതത്തിന്റെ ദുർഘടവും കഠിനവുമായ പ്രായണത്തിൽ നമുക്കു ദൈവത്തിന്റെ അഭയം നല്കുന്ന കരങ്ങളിൽ സുരക്ഷിതമായി വിശ്രമിക്കാം (വാ. 13-14). നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ കരുതലുള്ള ഇടപെടലിനു നമുക്കു നന്ദിയുള്ളവരായിരിക്കാം (വാ. 9). ദൈവത്തെയും തന്റെ ആലയത്തിൽ ദയയും ന്യായവും നിലനിൽക്കണമെന്ന അവന്റെ ആഗ്രഹത്തെയും നമുക്കു മാനിക്കാം (ഹോശേയ 12:6). ദൈവത്തിന്റെ സഹായം ലഭിച്ച നാം നമ്മുടെ സഹായം ആവശ്യമുള്ളവരെ സംരക്ഷിക്കാനായി എഴുന്നേൽക്കാം. ആൻ ഹരികീർത്തൻ
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ വലിയ സംരക്ഷണം നിങ്ങൾ അനുഭവിച്ചറിഞ്ഞത് എങ്ങനെയാണ്? ദൈവം നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുവെന്നു ഓർമിക്കാനും അംഗീകരിക്കാനും നിങ്ങൾക്ക് എന്തു ചെയ്യാനാകും?
പ്രിയ ദൈവമേ, ഒരു അമ്മക്കരടിയെപ്പോലെ എന്നെ നയിച്ചതിനും പ്രതിരോധിച്ചതിനും നന്ദി. എല്ലാ ദിവസവും അങ്ങയെ ഓർത്തു ബഹുമാനിക്കാൻ എന്നെ സഹായിക്കേണമേ.
ബഹുവർണ്ണ മതിൽ
എന്റെയൊരു സുഹൃത്ത് താൻ ചെയ്തുകൊണ്ടിരുന്ന ഒരു വാട്ടർ കളർ പെയിന്റിംഗ് എനിക്കു കാണിച്ചുതന്നപ്പോൾ, ക്യാൻവാസിലെ ചിത്രം വെല്ലൂർ കോട്ടയുടെ ഒരു മതിലാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ഞാനൊരു ചിത്രകാരനല്ലെങ്കിലും, ആരെങ്കിലും ഒരു മതിലിനു ചായമിടുകയാണെങ്കിൽ, അതിനു മുഴുവൻ ഒരേ നിറമടിക്കുമെന്നായിരുന്നു ഞാൻ സങ്കൽപ്പിച്ചിരുന്നത്. എന്നാൽ, അവളുടെ മതിൽ അതിമനോഹരമായി ബഹുവർണ്ണം ചാലിച്ചതായിരുന്നു. ഒരു കല്ലിനു ചെമ്മണിന്റെ നിറമായിരുന്നെങ്കിൽ, മറ്റൊന്നിനു ഓറഞ്ചു നിറം. പായൽ നിറഞ്ഞ പച്ചനിറവും മാതളനാരങ്ങയുടെ പർപ്പിൾ നിറവും പോലും ഉണ്ടായിരുന്നു. ഈ നിറങ്ങളിൽ ആകൃഷ്ടനായി ഞാൻ ചോദിച്ചു, “ഈ മതിലെങ്ങനെ വ്യത്യസ്തമായി തീർന്നു?” അവൾ മറുപടി പറഞ്ഞു, “കാരണം ഓരോ കല്ലും ഒരോ പാറയിൽ നിന്നാണു വരുന്നത്, അതിനാൽ ഓരോന്നിനും വ്യത്യസ്ത നിറമാണുള്ളത്.” അതിനുശേഷം, എപ്പോഴെല്ലാം ഞാനൊരു കന്മതിൽ കാണുന്നുവോ, അപ്പോഴെല്ലാം നിരവധിയായ അതിന്റെ കല്ലുകളുടെ ഘടനയും നിറഭേദവും ആകൃതിയും ശ്രദ്ധിക്കാതിരിക്കാൻ എനിക്കു കഴിയാതെ പോകുന്നു.
പത്രൊസ് നമ്മെ “ജീവനുള്ള കല്ലുകൾ” (വാ. 5) എന്നു വിളിക്കുന്നു. എന്റെ സുഹൃത്തിന്റെ പെയിന്റിംഗിലെ കല്ലുകൾ പോലെ, നാമെല്ലാവരും അതുല്യരാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള നാം വൈവിധ്യമാർന്ന അനുഭവങ്ങളുള്ളവരാണ്. എന്നാൽ നിർമ്മാണ പദ്ധതിയിൽനിന്നു ഒഴിവാക്കപ്പെട്ട ഒരു കല്ലു പോലെ നാം ഒറ്റപ്പെട്ടു ജീവിക്കണമെന്ന് ഇതിനർത്ഥമില്ല. മറിച്ച്, ദൈവം നമ്മെ ഓരോരുത്തരെയും തിരഞ്ഞെടുത്തു നമ്മെ ഒരുമിച്ചു കൊണ്ടുവന്നു (വാ. 4). ഒരൊറ്റ കല്ല് ഒറ്റയ്ക്ക് ഒരു മതിൽ സൃഷ്ടിക്കില്ലെങ്കിലും, ദൈവം നമ്മെ ഒരുമിച്ചു കൊണ്ടുവരുമ്പോൾ, അവൻ നമ്മെ “ആത്മികഗൃഹമായി” (വാ. 5) നിർമ്മിക്കുന്നു. മൂലക്കല്ലായ യേശുവിനാൽ ഐകമത്യപ്പെട്ടുകൊണ്ട്, “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും” (വാ. 5-9) ആയി നാം മാറുന്നു. നിരസിക്കപ്പെട്ടതായോ എവിടെയെങ്കിലും ചേർന്നുപോകാൻ കഴിയാത്ത വിധം വ്യത്യസ്തമായോ തോന്നുമ്പോൾ (വാ. 11-12), പത്രൊസ് പറയുന്നത് ഓർക്കുക: “അവനിൽ (യേശുവിൽ) വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” (1 പത്രൊസ് 2:6). താൻ പണിയുന്നതിന്റെ ഭാഗമാകാൻ ദൈവം യേശുവിലൂടെ നമ്മെ തിരഞ്ഞെടുത്തു (വാ. 5). നമ്മുടെ അതുല്യത ദൈവത്തിന്റെ സമൂഹത്തിൽ തികച്ചും യോജിക്കുന്നു.
ജീവൻ, സ്നേഹം, പോഷണം
എന്റെ മുത്തശ്ശിയുടെ ചരമവാർഷികത്തിൽ ഞാനും ഭർത്താവും അവരുടെ കല്ലറ സന്ദർശിച്ച് അവിടെ റോസാപ്പൂക്കൾ അർപ്പിച്ചു. എന്റെ ഭർത്താവ് എന്റെ മുത്തശ്ശിയെ കണ്ടിട്ടില്ല. അതിനാൽ, അവരെക്കുറിച്ച് എന്നോടു അദ്ദേഹം ചോദിച്ചപ്പോൾ, ഞാൻ അവരുടെ പ്രിയപ്പെട്ട ഗീതങ്ങൾ ആലപിച്ചു, അവരുടെ വിപുലമായ ക്രിസ്തുമസ് ഭക്ഷണത്തെക്കുറിച്ചു സംസാരിച്ചു, കാട്ടു കൂൺ എങ്ങനെ കണ്ടെത്തണമെന്ന് അവർക്ക് അറിയാമായിരുന്നെന്നു ഞാൻ അദ്ദേഹത്തോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു. ശാരീരികമായി മുത്തശ്ശി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ലെങ്കിലും, അവരുടെ കല്ലറ സന്ദർശിക്കുകയും അവരുടെ കഥകൾ പങ്കിടുകയും ചെയ്തത് അവരുടെ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും ഭക്ഷണത്തിന്റെയും ഓർമ്മകൾ എന്റെ മനസ്സിൽ നിറച്ചു.
മരിക്കുന്നതിനു മുമ്പ്, യേശു തന്റെ ശിഷ്യന്മാരോടൊപ്പം വിപുലമായ ഒരു പെസഹാ അത്താഴം പങ്കിടുകയുണ്ടായി. താമസംവിനാ താൻ കഷ്ടമനുഭവിച്ചു മരിക്കുമെന്ന് അവൻ അവരോടു പറഞ്ഞു (വാ. 15). യഥാർത്ഥത്തിൽ, അവൻ ആ രാത്രി തന്നെ പിടിക്കപ്പെടുമായിരുന്നു (ലൂക്കൊസ് 22:54). ഈയൊരു പശ്ചാത്തലത്തിൽ, യേശു അപ്പം എടുത്തു, ദൈവത്തെ വാഴ്ത്തി സ്തുതിച്ചുകൊണ്ട് അതു നുറുക്കി അവർക്കു നൽകി. “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” (വാ.19) എന്ന് അവൻ അവരോടു പറഞ്ഞു. അവൻ അവർക്കു വീഞ്ഞിന്റെ പാനപാത്രവും കൊടുത്തുകൊണ്ട്, “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു” (വാ. 20) എന്നു പറഞ്ഞു.
തൊട്ടടുത്ത ദിവസം യേശു ക്രൂശിക്കപ്പെട്ടു. മൂന്നു ദിവസത്തിനു ശേഷം അവൻ ഉയർത്തെഴുന്നേറ്റു, ഒടുവിൽ സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയി. എന്നിട്ടും, ഇന്നും, അവന്റെ ശിഷ്യരായ നാം ഇപ്പോഴും അവന്റെ ഓർമ്മയ്ക്കായി അപ്പം നുറുക്കി വീഞ്ഞു പങ്കിടുന്നു. കാരണം, അതു യേശു തന്നെ സ്ഥാപിച്ച മനോഹരമായ ഒരു സ്മരണയും അവൻ വീണ്ടും വരുമെന്ന ശാശ്വതമായ വാഗ്ദത്തവുമാണ് (വാ. 15-18). നമുക്കു യേശുവിനെ ശാരീരികമായി കാണാനോ തൊടാനോ കഴിഞ്ഞേക്കില്ലെങ്കിലും, അവൻ ജീവനുള്ളവനാണെന്നും അവന്റെ സ്നേഹവും ജീവനും പോഷണവും കൊണ്ട് ദിനന്തോറും നമ്മെ നിറച്ചുകൊണ്ടു നമ്മോടൊപ്പമുണ്ടെന്നും നമുക്കറിയാം. നാം അപ്പം നുറുക്കുമ്പോൾ, യേശുവിന്റെ വാഗ്ദത്തം ഓർമ്മിച്ചുകൊണ്ടു അവനെപ്പോലെയാകാനായി നമ്മെ ഉള്ളിൽ നിന്ന് പരിവർത്തനം ചെയ്യാൻ അവനെ അനുവദിക്കുക.
പ്രവൃത്തികളും സത്യവും
ഞാനും ഭർത്താവും വിവാഹിതരായ ശേഷം, എന്റെ മാതൃസഹോദരൻ എന്റെ കുടുംബത്തിന്റെ ചരിത്രം ഞങ്ങളോടു പറഞ്ഞു. എന്റെ മുത്തച്ഛൻ ഒരു സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വരുമാനം തന്റെ ഏഴു മക്കളെ പോറ്റാൻ പര്യാപ്തമായിരുന്നില്ലെന്ന് അമ്മാവൻ വിശദീകരിച്ചു. എന്നിട്ടും, തന്റെ മുതിർന്ന കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹം പണം ചിലവഴിച്ചു. ആ മക്കൾ പലപ്പോഴും തങ്ങളുടെ അമ്മാവന്മാരുടെയോ അമ്മായിമാരുടെയോ ഒപ്പം താമസിച്ചു കോളേജ് പഠനം നടത്തി. ഈ മുതിർന്ന കുട്ടികൾ സമ്പാദിക്കാൻ തുടങ്ങിയപ്പോൾ, അവർ തങ്ങളുടെ ഇളയ സഹോദരങ്ങളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ തുടങ്ങി. “ഞങ്ങൾ പരസ്പരം സഹായിക്കുന്നു,” അദ്ദേഹം പ്രോത്സാഹജനകമായി പറഞ്ഞു. “നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളുടെ അടുക്കൽ വരാമെന്ന് ഓർക്കുക. മറ്റുള്ളവർക്ക് ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കാനും തയ്യാറാകുക.”
തന്റെ ലേഖനത്തിൽ, “കുഞ്ഞുങ്ങൾ” എന്നു താൻ വിളിച്ചവർക്ക്, സമാനമായ ഒരു ഉപദേശം യോഹന്നാൻ നൽകുന്നു. അവൻ എഴുതുന്നു, “കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക” (വാ. 18). ഒന്നും മുറുകെപ്പിടിക്കാതെ നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തപ്പോൾ യേശു കാണിച്ച സ്നേഹത്തെക്കുറിച്ച് അവൻ നമ്മെ ഓർമ്മപ്പെടുത്തുന്നു (വാ. 16). വാസ്തവത്തിൽ, “സ്നേഹം എന്ത്” (വാ. 16)എന്നതു യേശുവിന്റെ പ്രവൃത്തിയാണെന്നു യോഹന്നാൻ പറയുന്നു. അതു മനസ്സിൽ വെച്ചുകൊണ്ട്, “ലോകത്തിലെ വസ്തുവക” (വാ.17) പരസ്പരം പങ്കിടാൻ യോഹന്നാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. ഒരു വിശ്വാസി “തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു” തനിക്കുള്ളതു പങ്കുവയ്ക്കാഞ്ഞാൽ, “ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?” എന്നു യോഹന്നാൻ ചോദിക്കുന്നു.
ഒരുവൻ തനിക്കുള്ളതു പൂഴ്ത്തിവെക്കുന്നതു വിവേകമാണെന്നു ലോകം നമ്മോടു പറയുന്നു. എന്നാൽ മറ്റുള്ളവരെ ശുശ്രൂഷിക്കാനായി നൽകപ്പെട്ടിരിക്കുന്ന ദാനങ്ങളാണിവയെന്നു വേദപുസ്തകം പറയുന്നു (1 പത്രൊസ് 4:10). ഒരു ബന്ധുവോ സുഹൃത്തോ സഹശിഷ്യനോ അപരിചിതനോ ആകട്ടെ, ആവശ്യത്തിലിരിക്കുന്ന ഒരുവനെ കണ്ടാൽ, നമുക്ക് അവരെ പ്രവൃത്തികളിലൂടെയും സത്യത്തിലും സ്നേഹിക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മിലുള്ള ദൈവത്തിന്റെ സ്നേഹം നാം മറ്റുള്ളവരോടു പ്രകടിപ്പിക്കുന്നു.
സ്നേഹത്തിനായുള്ള ദാഹം
കുട്ടിക്കാലത്ത്, വേനലവധിക്കാലത്തു ഞാൻ വെല്ലൂരിൽ വച്ചു വെക്കേഷൻ ബൈബിൾ സ്കൂളിൽ (വിബിഎസ്) പങ്കെടുക്കാറുണ്ടായിരുന്നു. ഏകദേശം 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ആ സമയത്തെ താപനില. ആകാശത്ത് ഒരു മേഘമോ മരങ്ങളിൽ ഒരു ഇലയോ കാറ്റിന്റെ അടയാളമോ പോലും ഉണ്ടായിരിക്കുകയില്ല. ഞങ്ങളുടെ കുപ്പികളിലെ വെള്ളവും സന്നദ്ധപ്രവർത്തകർ ബക്കറ്റുകളിൽ കൊണ്ടുവരുന്ന പഴങ്ങളുടെ രുചിയുള്ള ജ്യൂസും മാത്രമായിരുന്നു ചൂടിൽ നിന്നുള്ള ഏക ആശ്വാസം. ഒരു മൊന്ത നിറയെ ലഭിക്കുന്ന ജ്യൂസിനായി ഞങ്ങൾ കപ്പുകളുമായി വരി നിൽക്കും. എത്ര പതുക്കെയായിരുന്നു ഞങ്ങൾ അതു കുടിക്കുന്നതെന്നോ! എന്നിരുന്നാലും, അധികം വൈകാതെ ജ്യൂസ് തീർന്ന്, ഞങ്ങൾ കൂടുതൽ ദാഹാർത്തരായി തീരും. വളരെ അപൂർവ്വമായി മാത്രമേ ജ്യൂസ് രണ്ടാമതും ലഭിച്ചിരുന്നുള്ളൂ.
തൊണ്ട വരളുന്ന ഡെക്കാൻ വേനൽക്കാലത്തു പാനീയങ്ങൾക്കായുള്ള നമ്മുടെ ദാഹം പോലെ, വിനാശകരമായവിധം സ്നേഹരഹിതമായ ലോകത്തു നാമെല്ലാവരും സ്നേഹത്തിനായി ദാഹിക്കുന്നു. വിവിധ ഇടങ്ങളിൽ നാം സ്നേഹം തേടുന്നു. പലപ്പോഴും സ്നേഹം പരിമിതമായ അളവിൽ മാത്രം ലഭിക്കുന്നുവെന്നും തീർന്നുപോകുന്നുവെന്നും സോപാധികമാണെന്നും സമ്പാദിക്കേണ്ടതുണ്ടെന്നും നാം കണ്ടെത്തുന്നു.
എന്നാൽ ഒരിക്കലും വറ്റിപ്പോകാത്ത “ജീവജല”ത്തിന്റെ നീരുറവുണ്ടെന്നു വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (യോഹന്നാൻ 4:13-14). ഈ ജീവജലം പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു (യോഹന്നാൻ 7:39). “ദൈവത്തിന്റെ സ്നേഹം . . . നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (റോമർ 5:5) എന്നാണ് അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നത്. ഇതു പരിമിതമായി ലഭിക്കുന്ന ഒന്നല്ല. നമ്മുടെ അർഹതക്ക് അനുസരിച്ചുള്ളതുമല്ല. മറിച്ച്, അത് അതിരുകളില്ലാത്തതും അളവിനപ്പുറമുള്ളതുമാണ്. അവനെതിരെ നാം മത്സരിക്കുമ്പോൾ പോലും, തന്റെ പുത്രനായ യേശുവിനെ നമുക്കുവേണ്ടി മരിക്കാൻ അയച്ചുകൊണ്ടു നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കി (വാ. 8). യേശുവിന്റെ ത്യാഗം നിമിത്തം, അവനിൽ നിന്നു അകന്നുപോയതിൽ നിന്നുളവാകുന്ന ഏകാന്തതയിൽ നിന്നു നാം രക്ഷിക്കപ്പെടുകയും നമ്മുടെ ഉള്ളിൽ സ്നേഹത്തിന്റെ നീരുറവായി തീരുന്ന തന്റെ സ്നേഹം നമുക്കായി ചൊരിഞ്ഞ ദൈവവുമായി നാം നിരപ്പു പ്രാപിക്കുകയും ചെയ്യുന്നു (വാ. 10). സ്നേഹത്തിനായി നിങ്ങൾ ദാഹിക്കുന്നുവെങ്കിൽ ദൈവത്തിങ്കലേക്കു ചെല്ലുക. അവൻ സ്നേഹമാണ്.
അവകാശമല്ല, പദവിയാണ്
സൺഡേസ്കൂളിൽ പങ്കെടുത്തതിനു ശേഷം വീട്ടിലേക്കു മടങ്ങാനായി ഞാൻ ഒരു ബസിൽ കയറി. ബസിന്റെ പുറകിൽ ഇരുന്നിരുന്ന വ്യക്തിയെ ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹം ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ കോളേജിന്റെ പുതിയ ഡയറക്ടറാണ്. പൊതുവേ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ യാത്രചെയ്യുന്ന ഒരു സാധാരണ ബസിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ പദവിയിലുള്ള മിക്കവർക്കും ഒരു കാറും ഡ്രൈവറും ഉണ്ടായിരിക്കും. അതിനാൽ, ഞാൻ അദ്ദേഹത്തോട് അതേപ്പറ്റി ചോദിച്ചു: “താങ്കൾ എന്താണു കാറിൽ യാത്ര ചെയ്യാതെ ബസ്സിൽ യാത്ര ചെയ്യുന്നത്?” “ഞാനെന്നും ബസ്സിലാണു യാത്ര ചെയ്യുന്നത്” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സ്ഥാനം അദ്ദേഹത്തിന്റെ സാധാരണ പ്രവൃത്തികളിൽ മാറ്റം വരുത്തിയില്ല. തനിക്ക് അർഹതയുണ്ടെന്ന തോന്നലുളവാക്കാൻ തന്റെ പദവിയെ അദ്ദേഹം അനുവദിച്ചില്ല.
ഫിലിപ്പിയ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ, പൗലൊസ് വിശ്വാസികളോടു താഴ്മയുള്ളവരാകാൻ ആവശ്യപ്പെടുന്നു (വാ. 3). “ശാഠ്യത്താലോ ദുരഭിമാനത്താലോ” (വാ. 3) യാതൊന്നും ചെയ്യരുതെന്ന് അവൻ അവരോടു പറയുന്നു. പകരം, “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ” (വാ. 5)പരസ്പരമുള്ള അവരുടെ ബന്ധങ്ങളിൽ ഉണ്ടായിരിക്കണം. ആത്യന്തിക പദവി യേശുവിന്റെ പക്കലാണുള്ളത്. അവൻ “ദൈവരൂപത്തിൽ” ഇരുന്നവനായിരുന്നുവെങ്കിലും “ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം” എന്നു വിചാരിച്ചില്ല (വാ. 6). ന്യായമായി തന്റേതായിരുന്നതു മാറ്റിവച്ചുകൊണ്ട് നമുക്കു ഗുണകരമായത് അവൻ ചെയ്തു. അവൻ “ദാസരൂപം” സ്വീകരിച്ചുകൊണ്ട്, മരണത്തോളം പോലും താഴ്മയുള്ളവനും ദൈവത്തോട് അനുസരണയുള്ളവനുമായി നിലകൊണ്ടു (വാ. 7-8). നമ്മുടെ ജോലി, വിദ്യാഭ്യാസം, പ്രായം, സമൂഹത്തിലെ പദവി എന്നിവ മൂലം ചില പ്രത്യേക രീതിയിൽ മറ്റുള്ളവർ നമ്മോടു പെരുമാറാൻ നാം അർഹരാണെന്നു തോന്നുമ്പോൾ, നമ്മുടെ പദവികളും അവകാശബോധവും എപ്രകാരം മാറ്റിവയ്ക്കാമെന്നു യേശു കാണിച്ചുതന്നുവെന്നു നമുക്ക് ഓർക്കാം. അപ്രകാരം ചെയ്യുന്നതു ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മുടേതു സ്വന്തം നേട്ടത്തിനായി ഉപയോഗിക്കരുത്. മറിച്ച്, ദൈവത്തോട് അനുസരണമുള്ളവരായിരുന്നുകൊണ്ടു സഹജീവികളോടു താഴ്മയുള്ളവരായിരിക്കുക എന്ന ചിന്താഗതിയാണു നാം സ്വീകരിക്കേണ്ടത്.