എന്റെ മുത്തശ്ശിയുടെ ചരമവാർഷികത്തിൽ ഞാനും ഭർത്താവും അവരുടെ കല്ലറ സന്ദർശിച്ച് അവിടെ റോസാപ്പൂക്കൾ അർപ്പിച്ചു. എന്റെ ഭർത്താവ് എന്റെ മുത്തശ്ശിയെ കണ്ടിട്ടില്ല. അതിനാൽ, അവരെക്കുറിച്ച് എന്നോടു അദ്ദേഹം ചോദിച്ചപ്പോൾ, ഞാൻ അവരുടെ പ്രിയപ്പെട്ട ഗീതങ്ങൾ ആലപിച്ചു, അവരുടെ വിപുലമായ ക്രിസ്തുമസ് ഭക്ഷണത്തെക്കുറിച്ചു സംസാരിച്ചു, കാട്ടു കൂൺ എങ്ങനെ കണ്ടെത്തണമെന്ന് അവർക്ക് അറിയാമായിരുന്നെന്നു ഞാൻ അദ്ദേഹത്തോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു. ശാരീരികമായി മുത്തശ്ശി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ലെങ്കിലും, അവരുടെ കല്ലറ സന്ദർശിക്കുകയും അവരുടെ കഥകൾ പങ്കിടുകയും ചെയ്തത് അവരുടെ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും ഭക്ഷണത്തിന്റെയും ഓർമ്മകൾ എന്റെ മനസ്സിൽ നിറച്ചു.

മരിക്കുന്നതിനു മുമ്പ്, യേശു തന്റെ ശിഷ്യന്മാരോടൊപ്പം വിപുലമായ ഒരു പെസഹാ അത്താഴം പങ്കിടുകയുണ്ടായി. താമസംവിനാ താൻ കഷ്ടമനുഭവിച്ചു മരിക്കുമെന്ന് അവൻ അവരോടു പറഞ്ഞു (വാ. 15). യഥാർത്ഥത്തിൽ, അവൻ ആ രാത്രി തന്നെ പിടിക്കപ്പെടുമായിരുന്നു (ലൂക്കൊസ് 22:54). ഈയൊരു പശ്ചാത്തലത്തിൽ, യേശു അപ്പം എടുത്തു, ദൈവത്തെ വാഴ്ത്തി സ്തുതിച്ചുകൊണ്ട് അതു നുറുക്കി അവർക്കു നൽകി. “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” (വാ.19) എന്ന് അവൻ അവരോടു പറഞ്ഞു. അവൻ അവർക്കു വീഞ്ഞിന്റെ പാനപാത്രവും കൊടുത്തുകൊണ്ട്, “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു” (വാ. 20) എന്നു പറഞ്ഞു.

തൊട്ടടുത്ത ദിവസം യേശു ക്രൂശിക്കപ്പെട്ടു. മൂന്നു ദിവസത്തിനു ശേഷം അവൻ ഉയർത്തെഴുന്നേറ്റു, ഒടുവിൽ സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയി. എന്നിട്ടും, ഇന്നും, അവന്റെ ശിഷ്യരായ നാം ഇപ്പോഴും അവന്റെ ഓർമ്മയ്ക്കായി അപ്പം നുറുക്കി വീഞ്ഞു പങ്കിടുന്നു. കാരണം, അതു യേശു തന്നെ സ്ഥാപിച്ച മനോഹരമായ ഒരു സ്മരണയും അവൻ വീണ്ടും വരുമെന്ന ശാശ്വതമായ വാഗ്ദത്തവുമാണ് (വാ. 15-18). നമുക്കു യേശുവിനെ ശാരീരികമായി കാണാനോ തൊടാനോ കഴിഞ്ഞേക്കില്ലെങ്കിലും, അവൻ ജീവനുള്ളവനാണെന്നും അവന്റെ സ്നേഹവും ജീവനും പോഷണവും കൊണ്ട് ദിനന്തോറും നമ്മെ നിറച്ചുകൊണ്ടു നമ്മോടൊപ്പമുണ്ടെന്നും നമുക്കറിയാം. നാം അപ്പം നുറുക്കുമ്പോൾ, യേശുവിന്റെ വാഗ്ദത്തം ഓർമ്മിച്ചുകൊണ്ടു അവനെപ്പോലെയാകാനായി നമ്മെ ഉള്ളിൽ നിന്ന് പരിവർത്തനം ചെയ്യാൻ അവനെ അനുവദിക്കുക.