
അതിന് നിനക്ക് എന്ത്?
“എനിക്കെന്താ സ്ട്രോബെറി ലോലിപോപ്പ് തന്നത്? അവൾക്ക് മുന്തിരി ലോലിപോപ്പാണല്ലോ കൊടുത്തത്?” എന്റെ ആറുവയസ്സുള്ള അനന്തരവൾ ചോദിച്ചു. കുട്ടികൾ പലപ്പോഴും തങ്ങൾക്കു ലഭിക്കുന്നത് മറ്റുള്ളവർക്ക് ലഭിക്കുന്നതുമായി താരതമ്യം ചെയ്യുമെന്ന് എന്റെ അനന്തരവളും അനന്തരവനും എന്നെ നേരത്തെ പഠിപ്പിച്ചിരുന്നു. ഇതിനർത്ഥം, ഒരു അമ്മായി എന്ന നിലയിൽ, ഞാൻ നീതിയോടെ പ്രവർത്തിക്കണം എന്നാണ്!
ഞാനും ചിലപ്പോൾ ദൈവം എനിക്ക് നൽകുന്ന കാര്യങ്ങളെ അവൻ മറ്റുള്ളവർക്ക് നൽകിയവയുമായി താരതമ്യം ചെയ്യുന്നു. “എനിക്ക് എന്തുകൊണ്ടാണ് ഇതും, അവൾക്ക് അതും കിട്ടിയത്?” ഞാൻ ദൈവത്തോട് ചോദിക്കുന്നു. എന്റെ ചോദ്യം ഗലീല കടൽത്തീരത്തുവച്ച് ശിമോൻ പത്രൊസ് യേശുവിനോട് ചോദിച്ചത് എന്നെ ഓർമ്മിപ്പിക്കുന്നു. പത്രൊസ് തന്നെ തള്ളിപ്പറഞ്ഞതിനു ശേഷം യേശു അവനോട് ക്ഷമിക്കുകയും അവനെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്തു. ഒരു രക്തസാക്ഷിയുടെ മരണത്തിലൂടെ താൻ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് ഇപ്പോൾ അവനോട് യേശു പറയുന്നു (യോഹന്നാൻ 21:15-19). എന്നിരുന്നാലും, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തിന് “അങ്ങനെയാകട്ടെ” എന്ന് മറുപടി പറയുന്നതിനുപകരം, “കർത്താവേ, ഇവന്നു [യോഹന്നാന് ] എന്തു ഭവിക്കും?” എന്ന് പത്രൊസ് ചോദിച്ചു. (വാ. 21).
യേശു മറുപടി പറഞ്ഞു, “അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക” (വാ. 22). യേശു നമ്മോടും ഇതുതന്നെ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഒരു മേഖലയിൽ ദൈവം നമുക്ക് വഴികാണിച്ചു തരുമ്പോൾ നാം അവനിൽ ആശ്രയിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. നാം നമ്മുടെ ജീവിതയാത്രയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തേണ്ടതില്ല. മറിച്ച്, നാം അവനെ അനുഗമിക്ക മാത്രമാണ് വേണ്ടത്.
മുപ്പതിലധികം വർഷം ആദിമ സഭയുടെ ഒരു ധീരനായ നേതാവായി അപ്പൊസ്തലനായ പത്രൊസ് ദൈവത്തെ അനുഗമിച്ചു. ചരിത്രരേഖകൾ കാണിക്കുന്നത് അദ്ദേഹം നീറോ ചക്രവർത്തിയുടെ കാലത്ത് ഭയമില്ലാതെ രക്തസാക്ഷിയായി മരണം വരിച്ചു എന്നാണ്. നമുക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത സ്ഥിരതയോടെ ദൈവത്തെ അനുകരിക്കാം — അവിടുത്തെ സ്നേഹത്തെയും മാർഗനിർദ്ദേശങ്ങളെയും അംഗീകരിച്ചു കൊണ്ട്.

നിങ്ങൾ പ്രിയപ്പെട്ടവരാണ്
അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; [ ആവർത്തനം 33:12 ]
നിങ്ങൾ പ്രിയപ്പെട്ടവരാണ്
തന്റെ സങ്കടം പ്രകടിപ്പിക്കാൻ, ആലി എന്ന പെൺകുട്ടി ഒരു മരക്കഷണത്തിൽ ഇങ്ങനെ എഴുതി ഒരു പാർക്കിൽ കൊണ്ടുപോയി വച്ചു: “സത്യം പറഞ്ഞാൽ, എനിക്ക് സങ്കടമുണ്ട്. ആരും ഒരിക്കലും എന്നോടൊപ്പം നടക്കാൻ പോകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പറയുന്നത് ശ്രദ്ധിക്കുന്ന ഒരേയൊരു വ്യക്തിയെ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ എല്ലാ ദിവസവും കരയുന്നു.”
ആ കുറിപ്പ് കണ്ട ഒരു പെൺകുട്ടി, റോഡിൽ എഴുതുന്ന കട്ടിയുള്ള ഒരു ചോക്ക് പാർക്കിലേക്ക് കൊണ്ടുവന്ന് ആലിയോട് അവർക്ക് പറയാനുള്ള കാര്യങ്ങൾ എഴുതാൻ അഭ്യർത്ഥിച്ചു. അടുത്തുള്ള സ്കൂളിലെ കുട്ടികൾ ആലിയെ പിന്തുണയ്ക്കുന്ന ഡസൻ കണക്കിന് വാക്കുകൾ എഴുതി: “ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.” “ദൈവം നിന്നെ സ്നേഹിക്കുന്നു.” “നീ പ്രിയപ്പെട്ടവളാണ്.” സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു, “അവളോട് അടുക്കാനും, അവളുടെ ശൂന്യത നികത്താനുമുള്ള ഒരു എളിയ മാർഗ്ഗമായിരുന്നു ഇത്. അവൾ നമ്മെ എല്ലാവരെയും പ്രതിനിധീകരിക്കുന്നു, കാരണം ചില സമയങ്ങളിൽ നമുക്കെല്ലാവർക്കും സങ്കടവും കഷ്ടപ്പാടും ഉണ്ടാകും.”
“നിങ്ങൾ പ്രിയപ്പെട്ടവരാണ്” എന്ന വാചകം, മരിക്കുന്നതിന് തൊട്ടുമുമ്പ് ബെന്യാമിൻ എന്ന യിസ്രായേല്യ ഗോത്രത്തിന് മോശെ നൽകിയ മനോഹരമായ ഒരു അനുഗ്രഹത്തെ ഓർമ്മിപ്പിക്കുന്നു: “അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും” (ആവർത്തനം 33:12). ശത്രു രാഷ്ട്രങ്ങളെ പരാജയപ്പെടുത്തുകയും, പത്തു കൽപ്പനകൾ സ്വീകരിക്കുകയും, ദൈവത്തെ അനുഗമിക്കാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് മോശെ ദൈവജനത്തെ നയിച്ചു. ദൈവത്തിന് തന്റെ ജനത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണം മോശെയ്ക്കും ഉണ്ടായിരുന്നു. നമ്മളും പ്രിയപ്പെട്ടവർ ആണ്, കാരണം, “...ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16).
യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തരും “പ്രിയപ്പെട്ടവരാണ്” എന്ന സത്യത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ ദൈവം നമ്മെ സഹായിക്കുന്നതിനാൽ, ആലിയുടെ പുതിയ സുഹൃത്തുക്കൾ ചെയ്തതുപോലെ മറ്റുള്ളവരോട് അടുക്കാനും അവരെ സ്നേഹിക്കാനും നമുക്കു കഴിയും. ആനി സീറ്റാസ്
ദൈവസ്നേഹത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ നിങ്ങൾ എങ്ങനെയാണ് പഠിക്കുന്നത്? ആ സ്നേഹം മറ്റുള്ളവരുമായി എങ്ങനെ പങ്കുവെക്കും?
പ്രിയ ദൈവമേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിൽ എനിക്ക് പൂർണ്ണനിശ്ചയമുണ്ടായിരിക്കട്ടെ, അങ്ങയുടെ സ്നേഹം
ചുറ്റുമുള്ളവരിലേക്കും വ്യാപിപ്പിക്കുവാൻ എനിക്ക് കഴിയട്ടെ.

ഡൊണാവൂരിലെ സ്നേഹം
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ. [ 1 യോഹന്നാൻ 4:8 ]
ഡൊണാവൂരിലെ സ്നേഹം
എമി കാർമൈക്കിളിന്റെ കല്ലറയുടെ സ്ഥാനത്തു സ്ഥാപിച്ചിട്ടുള്ള ബേർഡ്ബാത്തിൽ കൊത്തിവച്ചിരിക്കുന്നതു “അമ്മ” എന്ന തമിഴ് വാക്കു മാത്രമാണ്. ദേവദാസി വൃത്തിയിൽ കുടുങ്ങിയപ്പോയ ആയിരക്കണക്കിനു പെൺകുട്ടികളുടെ അഭയസ്ഥാനമായി മാറിയ ഇടമായിരുന്നു തമിഴ്നാട്ടിലെ ഡൊണാവൂരിലുള്ള അവരുടെ മിഷൻ സ്കൂൾ. അവരുടെ ആദ്യകാലങ്ങളിൽ പല രാത്രികളിലും, കൊച്ചു പെൺകുട്ടികളെ രക്ഷിക്കാനായി അവർ സാരി ധരിച്ചു സൈക്കിൾ ചവിട്ടുമായിരുന്നുവെന്നു പറയപ്പെടുന്നു. 1931-ലെ ദാരുണമായ ഒരു വീഴ്ചയെത്തുടർന്ന് അവർ കിടക്കയിലേക്കു ഒതുങ്ങിപ്പോയതിനുശേഷവും അവർ ഈ കുട്ടികളെ മറ്റുള്ളവരിലൂടെ രക്ഷിക്കുന്നതു തുടർന്നു. ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കൊണ്ടു തന്റെ പ്രയത്നത്തെ അവർ നിലനിർത്തുകയും സ്കൂളിനു ധനസഹായം ലഭ്യമാക്കുകയും ചെയ്തു. എന്താണ് അവരെ എമിയിലേക്ക് ആകർഷിച്ചതെന്നു കുട്ടികളോടു ചോദിച്ചപ്പോൾ, “സ്നേഹമാണു കാരണം. അമ്മ ഞങ്ങളെ സ്നേഹിച്ചു” എന്ന് അവർ പറഞ്ഞു.
എല്ലാ സദ്ഗുണങ്ങളുടെയും മാതാവ് സ്നേഹമാണെന്നു ചിലപ്പോഴൊക്കെ നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. യഥാർത്ഥ സ്നേഹം ക്രിസ്തുവിൽ അനുഭവിക്കാൻ കഴിയും, കാരണം അവൻ സ്നേഹത്തിന്റെ മൂർത്തീകരണമാണ് (വാ. 8). ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമുക്കു യഥാർഥ സ്നേഹത്തിന്റെ ഒരു നേർക്കാഴ്ച ലഭിച്ചിട്ടുണ്ട്. യേശുവിന്റെ സ്നേഹം ഉപാധികളില്ലാത്തതായിരുന്നു. അർഹതയില്ലാത്തവരെപ്പോലും അവൻ സ്നേഹിച്ചു (വാ. 11). ദൈവം നമ്മെ സ്നേഹിച്ച വിധത്തിൽ നാം സ്നേഹത്തെ വീക്ഷിക്കുമ്പോൾ, അത് എങ്ങനെ പ്രകടിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ അതു മാറ്റുന്നു. യേശു സ്നേഹിച്ചതുപോലെ നാം സ്നേഹിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തെ യഥാർഥത്തിൽ അറിയാൻ കഴിയില്ല എന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നു (വാ. 7-8).
ഭൂമിയിലെ ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27). നാം കണ്ടുമുട്ടുന്ന ഏവർക്കും സ്നേഹം ആവശ്യമാണ്. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നവർക്കു പരമാർത്ഥവും കളങ്കമില്ലാത്തതുമായ സ്നേഹത്തിന്റെ അർത്ഥം കാണിച്ചുകൊടുക്കാനുള്ള ഏറ്റവും നല്ല അവസരം ദൈവമക്കൾ എന്ന നിലയിൽ നമുക്കുണ്ട്. ഡൊണാവൂരിലെ അടിമകളായ പെൺകുട്ടികളോടുള്ള സ്നേഹത്തിന്റെ മൂർത്തിരൂപമായി മാറിയ എമിയെപ്പോലെ, നമ്മുടെ ഓരോ പ്രവൃത്തിയിലും വാക്കിലും ഇടപാടിലും യേശുവിന്റെ യഥാർത്ഥ സ്നേഹം അവതരിക്കട്ടെ. റെബേക്ക വിജയൻ
ക്രിസ്തുവിന്റെ സ്നേഹം നിങ്ങളുടെ ജീവിതത്തിൽ എപ്രകാരമാണു മാറ്റം വരുത്തിയത്? ആരെന്നതു പരിഗണിക്കാതെ ഏവർക്കും ക്രിസ്തുവിന്റെ സ്നേഹം
കാട്ടിക്കൊടുക്കാൻ നിങ്ങളെക്കൊണ്ട് എന്തു ചെയ്യാൻ കഴിയും?
പ്രിയ യേശുവേ, പകരം യാതൊന്നും പ്രതീക്ഷിക്കാതെയും ലോകം അതിനെ
എങ്ങനെ നോക്കിക്കാണുന്നു എന്നതിനു പ്രാധാന്യം നൽകാതെയും
അങ്ങു സ്നേഹിക്കുന്ന വിധം സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ.

ജീവിതമാകുന്ന തീർത്ഥാടനം
അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; [ എബ്രായർ 11:16 ]
ജീവിതമാകുന്ന തീർത്ഥാടനം
വിവിധ മതങ്ങളിൽ നിന്നുള്ള ഇരുപത് കോടിയിലധികം ആളുകൾ ഓരോ വർഷവും തീർത്ഥാടനം നടത്തുന്നു. ഏതെങ്കിലും ഒരു പുണ്യസ്ഥലത്തേക്ക് യാത്ര ചെയ്ത് അവിടെനിന്ന് അനുഗ്രഹം പ്രാപിക്കുന്നതിനു വേണ്ടിയാണ് പണ്ടുകാലം മുതൽ ആളുകൾ തീർത്ഥാടനത്തിന് പോകുന്നത്. ക്ഷേത്രം, കത്തീഡ്രൽ, പൂജ്യസ്ഥാനം അല്ലെങ്കിൽ, അനുഗ്രഹം ലഭിക്കാവുന്ന മറ്റ് ഉദ്ദിഷ്ടസ്ഥാനങ്ങൾ എന്നിവയിൽ എത്തിച്ചേരുക എന്നതാണ് തീർത്ഥാടനത്തിന്റെ ലക്ഷ്യം.
എന്നാൽ, ബ്രിട്ടനിലെ കെൽറ്റിക് ക്രിസ്ത്യാനികളുടെ തീർത്ഥാടനം വ്യത്യസ്തമായിരുന്നു. അവർ ഒരു പ്രത്യേക ലക്ഷ്യമില്ലാതെ ഏതെങ്കിലും കാട്ടിലേക്ക് പുറപ്പെടുന്നു. അല്ലെങ്കിൽ, ഒരു ബോട്ടിൽ കയറി, സമുദ്രം അവരെ എവിടെ കൊണ്ടുപോകുന്നുവോ അവിടേക്ക് ഒഴുകിപ്പോകുന്നു. അവർക്ക് തീർത്ഥാടനമെന്നാൽ, അപരിചിതമായ പ്രദേശത്ത് ദൈവത്തെ ആശ്രയിക്കുന്നതാണ്; അനുഗ്രഹം ലഭിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തല്ല, യാത്രയ്ക്കിടയിലാണ്.
കെൽറ്റുകളെ സംബന്ധിച്ചിടത്തോളം എബ്രായർ 11 ഒരു പ്രധാന വേദഭാഗമായിരുന്നു. ക്രിസ്തുവിലുള്ള ജീവിതം, ലോകത്തിന്റെ വഴികൾ ഉപേക്ഷിച്ച് പരദേശികളെപ്പോലെ ദൈവത്തിന്റെ നഗരത്തിലേക്കുള്ള യാത്രയായതുകൊണ്ട്, ഒരു തീർത്ഥാടനം അവരുടെ ജീവിതയാത്രയുടെ പ്രതിഫലനമായിരുന്നു (വാ. 13-16). ബുദ്ധിമുട്ടുള്ളതും അപരിചിതവുമായ പാതയിലൂടെ ദൈവത്തിന്റെ കരുതലിൽ ആശ്രയിച്ചുകൊണ്ട് ആ തീർത്ഥാടകർ, പഴയകാല വിശ്വാസവീരന്മാർ ജീവിച്ചിരുന്ന തരത്തിലുള്ള വിശ്വാസം വളർത്തിയെടുത്തു (വാ. 1-12).
നാം ശാരീരികമായി യാത്രചെയ്താലും ഇല്ലെങ്കിലും പഠിക്കേണ്ട ഒരു പാഠം: യേശുവിൽ വിശ്വസിച്ചവർക്ക് ജീവിതം, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തേക്കുള്ള ഒരു തീർത്ഥാടനമാണ്. അത് ഇരുണ്ട വനങ്ങളും അടഞ്ഞ വഴികളും പരീക്ഷണങ്ങളും നിറഞ്ഞതാണ്. അതിലൂടെ നാം യാത്ര ചെയ്യുമ്പോൾ, വഴിയിൽ ദൈവത്തിന്റെ കരുതൽ അനുഭവിക്കുന്നതിനുള്ള അനുഗ്രഹം നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം. ഷെരിദാൻ വോയ്സി
ജീവിത പാതയിൽ ദൈവത്തിന്റെ ദാനങ്ങൾ സ്വീകരിക്കുന്നതിന്
നിങ്ങൾക്ക് ഇന്ന് എങ്ങനെ ഒരുങ്ങിയിരിക്കാൻ കഴിയും?
ഇപ്പോഴുള്ള ഈ ലോകം, നിങ്ങളുടെ യഥാർത്ഥ ഭവനമല്ലെന്ന്
നിങ്ങളെത്തന്നെ എങ്ങനെ ഓർമ്മിപ്പിക്കാനാകും?
പ്രിയ ദൈവമേ, ജീവിതത്തിലെ പരീക്ഷണങ്ങൾ എനിക്ക് അങ്ങയിൽ ആഴത്തിലുള്ള വിശ്വാസം വളർത്തിയെടുക്കാനുള്ള അവസരങ്ങളാണെന്ന് കാണിച്ചുതന്നതിന് നന്ദി.

അന്യോന്യമുള്ള പഠനം
നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ടു... [ എഫെസ്യർ 1:16 ]
വിനീതനായ ജോൺ
പറമ്പിൽ പാട്ടത്തിന് കൃഷി ചെയ്യുന്ന ജോണിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും, കാഴ്ചക്കുറവും മറ്റ് ശാരീരിക പരിമിതികളും ഉണ്ടായിരുന്നിട്ടും, നോർവേയിലെ തന്റെ ഗ്രാമത്തിലുള്ളവർക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു, വേദന മൂലം ഉറങ്ങാൻ കഴിയാതിരുന്ന പല രാത്രികളിലും പ്രാർത്ഥിച്ചു. ഓരോ വീടുകളിലും ഉള്ളവരുടെ പേരുകൾ പറഞ്ഞു പ്രാർത്ഥിച്ചു, ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത കുട്ടികൾക്കു വേണ്ടി പോലും പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ സൗമ്യത ആളുകളെ ആകർഷിക്കുകയും, അവർ അദ്ദേഹത്തിന്റെ ജ്ഞാനവും ഉപദേശവും തേടുകയും ചെയ്തു. അദ്ദേഹത്തിന് അവരെ പ്രായോഗികമായി സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ സ്നേഹം അനുഭവിച്ച് മടങ്ങിപ്പോകുന്നത് തന്നെ അനുഗ്രഹമായി അവർ കണക്കാക്കിയിരുന്നു. തനിക്ക് അവിടെ കുടുംബം ഇല്ലെങ്കിലും, ജോർൺ മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ശവസംസ്കാരം ആ സമൂഹത്തിലെ എക്കാലത്തെയും വലിയ ശുശ്രൂഷയായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ പൂവണിയുകയും താൻ സങ്കൽപ്പിച്ചതിലും അധികം ഫലം പുറപ്പെടുവിക്കുകയും ചെയ്തു.
താൻ സേവിക്കുന്നവരെ സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത അപ്പൊസ്തലനായ പൗലൊസിന്റെ മാതൃകയാണ് ഈ എളിയ മനുഷ്യൻ പിന്തുടർന്നത്. താൻ റോമിൽ തടവിലായിരിക്കുമ്പോൾ എഫെസൊസിൽ ഉള്ളവർക്ക് എഴുതി, ദൈവം അവർക്ക് “ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ” നൽകണമെന്നും അവരുടെ ഹൃദയദൃഷ്ടി “പ്രകാശിപ്പിക്കണമെന്നും” പ്രാർത്ഥിച്ചു (എഫെസ്യർ 1:17-18). അവർ യേശുവിനെ അറിയണമെന്നും ആത്മാവിന്റെ ശക്തിയാൽ സ്നേഹത്തോടും ഐക്യത്തോടും കൂടെ ജീവിക്കണമെന്നും അവൻ ആഗ്രഹിച്ചു.
ജോർണും അപ്പൊസ്തലനായ പൗലൊസും, തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്തവരെ പ്രാർത്ഥനയിൽ ദൈവത്തിനു സമർപ്പിച്ചു. അവരുടെ മാതൃകകൾ അനുസരിച്ച് നമുക്കും മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യാം. എമി ബോഷർ പൈ
സൗമ്യനും പ്രാർത്ഥനാ വീരനുമായ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? അദ്ദേഹത്തിൽ എങ്ങനെയാണ് യേശുവിന്റെ ഹൃദയം വെളിപ്പെടുന്നത്?
യേശുവേ, അവിടുന്ന് മറ്റുള്ളവരെ ശുശ്രൂഷിക്കുകയും അവരുടെ
ആവശ്യങ്ങളെ പ്രഥമമായി കാണുകയും ചെയ്തു. അനുദിനം അങ്ങയെ
സ്നേഹിച്ച് സന്തോഷപൂർവ്വം സേവിക്കാൻ എന്നെ സഹായിക്കണമേ.