എമി കാർമൈക്കിളിന്റെ കല്ലറയുടെ സ്ഥാനത്തു സ്ഥാപിച്ചിട്ടുള്ള ബേർഡ്ബാത്തിൽ കൊത്തിവച്ചിരിക്കുന്നതു “അമ്മ” എന്ന തമിഴ് വാക്കു മാത്രമാണ്. ദേവദാസി വൃത്തിയിൽ കുടുങ്ങിയപ്പോയ ആയിരക്കണക്കിനു പെൺകുട്ടികളുടെ അഭയസ്ഥാനമായി മാറിയ ഇടമായിരുന്നു തമിഴ്നാട്ടിലെ ഡൊണാവൂരിലുള്ള അവരുടെ മിഷൻ സ്കൂൾ. അവരുടെ ആദ്യകാലങ്ങളിൽ പല രാത്രികളിലും, കൊച്ചു പെൺകുട്ടികളെ രക്ഷിക്കാനായി അവർ സാരി ധരിച്ചു സൈക്കിൾ ചവിട്ടുമായിരുന്നുവെന്നു പറയപ്പെടുന്നു. 1931-ലെ ദാരുണമായ ഒരു വീഴ്ചയെത്തുടർന്ന് അവർ കിടക്കയിലേക്കു ഒതുങ്ങിപ്പോയതിനുശേഷവും അവർ ഈ കുട്ടികളെ മറ്റുള്ളവരിലൂടെ രക്ഷിക്കുന്നതു തുടർന്നു. ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കൊണ്ടു തന്റെ പ്രയത്നത്തെ അവർ നിലനിർത്തുകയും സ്കൂളിനു ധനസഹായം ലഭ്യമാക്കുകയും ചെയ്തു. എന്താണ് അവരെ എമിയിലേക്ക് ആകർഷിച്ചതെന്നു കുട്ടികളോടു ചോദിച്ചപ്പോൾ, “സ്നേഹമാണു കാരണം. അമ്മ ഞങ്ങളെ സ്നേഹിച്ചു” എന്ന് അവർ പറഞ്ഞു.
എല്ലാ സദ്ഗുണങ്ങളുടെയും മാതാവ് സ്നേഹമാണെന്നു ചിലപ്പോഴൊക്കെ നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. യഥാർത്ഥ സ്നേഹം ക്രിസ്തുവിൽ അനുഭവിക്കാൻ കഴിയും, കാരണം അവൻ സ്നേഹത്തിന്റെ മൂർത്തീകരണമാണ് (വാ. 8). ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമുക്കു യഥാർഥ സ്നേഹത്തിന്റെ ഒരു നേർക്കാഴ്ച ലഭിച്ചിട്ടുണ്ട്. യേശുവിന്റെ സ്നേഹം ഉപാധികളില്ലാത്തതായിരുന്നു. അർഹതയില്ലാത്തവരെപ്പോലും അവൻ സ്നേഹിച്ചു (വാ. 11). ദൈവം നമ്മെ സ്നേഹിച്ച വിധത്തിൽ നാം സ്നേഹത്തെ വീക്ഷിക്കുമ്പോൾ, അത് എങ്ങനെ പ്രകടിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ അതു മാറ്റുന്നു. യേശു സ്നേഹിച്ചതുപോലെ നാം സ്നേഹിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തെ യഥാർഥത്തിൽ അറിയാൻ കഴിയില്ല എന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നു (വാ. 7-8).
ഭൂമിയിലെ ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27). നാം കണ്ടുമുട്ടുന്ന ഏവർക്കും സ്നേഹം ആവശ്യമാണ്. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നവർക്കു പരമാർത്ഥവും കളങ്കമില്ലാത്തതുമായ സ്നേഹത്തിന്റെ അർത്ഥം കാണിച്ചുകൊടുക്കാനുള്ള ഏറ്റവും നല്ല അവസരം ദൈവമക്കൾ എന്ന നിലയിൽ നമുക്കുണ്ട്. ഡൊണാവൂരിലെ അടിമകളായ പെൺകുട്ടികളോടുള്ള സ്നേഹത്തിന്റെ മൂർത്തിരൂപമായി മാറിയ എമിയെപ്പോലെ, നമ്മുടെ ഓരോ പ്രവൃത്തിയിലും വാക്കിലും ഇടപാടിലും യേശുവിന്റെ യഥാർത്ഥ സ്നേഹം അവതരിക്കട്ടെ.
ക്രിസ്തുവിന്റെ സ്നേഹം നിങ്ങളുടെ ജീവിതത്തിൽ എപ്രകാരമാണു മാറ്റം വരുത്തിയത്? ആരെന്നതു പരിഗണിക്കാതെ ഏവർക്കും ക്രിസ്തുവിന്റെ സ്നേഹം കാട്ടിക്കൊടുക്കാൻ നിങ്ങളെക്കൊണ്ട് എന്തു ചെയ്യാൻ കഴിയും?
പ്രിയ യേശുവേ, പകരം യാതൊന്നും പ്രതീക്ഷിക്കാതെയും ലോകം അതിനെ
എങ്ങനെ നോക്കിക്കാണുന്നു എന്നതിനു പ്രാധാന്യം നൽകാതെയും
അങ്ങു സ്നേഹിക്കുന്ന വിധം സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ.