ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇരുപതാം നൂറ്റാണ്ടിലെ ഒരു എഴുത്തുകാരിയായിരുന്നു എസ്തർ “ബെൻ” ഖിംചന്ദ്. തന്റെ എഴുത്തിലൂടെ അവർ സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി. സ്ത്രീകളെ തങ്ങളുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും മാന്യമായ സ്ഥാനങ്ങളിൽ എത്തിക്കാൻ നല്ല വിദ്യാഭ്യാസം സഹായിക്കുമെന്ന് അവർ എഴുതി. എസ്തർ തനിക്കു ലഭിച്ച താലന്തുകൾ വിനിയോഗിക്കാതിരിക്കുകയോ സ്വന്തം ലാഭത്തിനായി ഉപയോഗിക്കുകയോ ചെയ്തില്ല. മറിച്ച്, ചുറ്റുമുള്ളവരെ ശക്തീകരിക്കാൻ അവർ അവ ഉപയോഗപ്പെടുത്തി.

ഏഷ്യാമൈനറിലുടനീളം പരദേശികളായി ചിതറിപ്പാർത്ത ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്യുന്നതാണ് പത്രൊസിന്റെ ലേഖനം (1 പത്രൊസ് 1:1). “തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ” എന്നും തങ്ങൾക്കു ലഭിച്ച “വരം” ഉപയോഗിച്ച് “അന്യോന്യം ശുശ്രൂഷിപ്പിൻ” എന്നും അവൻ അവരെ പ്രബോധിപ്പിച്ചു (വാ. 10). ഈ വരങ്ങൾ സ്വയം നേടിയെടുത്തതല്ല, മറിച്ച്, “ദൈവകൃപ”യാൽ ലഭിച്ച ആത്മീയ ദാനങ്ങളായി കണക്കാക്കാൻ പത്രൊസ് അവരെ പ്രേരിപ്പിച്ചു. ദൈവത്തിന്റെ വകയായുള്ളവ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുന്ന “നല്ല ഗൃഹവിചാരകന്മാർ” ആയിരിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. തങ്ങളുടെ പ്രവർത്തനത്തിലും പ്രവർത്തനങ്ങളിലൂടെയും ദൈവത്തെ സ്തുതിക്കാൻ കഴിയുംവിധം തങ്ങൾ പറയുന്നതു “ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു” എന്ന ബോധ്യത്തോടെ “ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണം” മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യണമെന്നും അവൻ അവരെ ഓർമ്മിപ്പിക്കുന്നു (വാ. 11). ഈ വിധം നാം ചെയ്യുന്ന എല്ലാറ്റിലും നാം ദൈവത്തിനു മഹത്വം കരേറ്റുന്നു.

എസ്ഥേറിനെയും ആദിമ സഭയെയും പോലെ നമ്മെയും വരങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു. ഈ വരങ്ങൾ നമുക്കു ലളിതമായി തോന്നാമെങ്കിലും, ദൈവരാജ്യം വിശാലമാക്കാൻ അവ സഹായിച്ചേക്കാം. അതു ഭക്ഷണം തയ്യാറാക്കുന്നതോ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതോ ആവശ്യത്തിലിരിക്കുന്ന ഒരുവനു സ്വഗൃഹം തുറന്നു കൊടുക്കുന്നതോ ആയിരിക്കാം. സംസാരിക്കാനോ പ്രവർത്തിക്കാനോ ആവശ്യപ്പെടുമ്പോഴെല്ലാം, പരസ്പരം ശുശ്രൂഷിക്കുന്നതിനും ദൈവത്തിനു മഹത്വം കൊണ്ടുവരുന്നതിനുമായി നാം അതു ചെയ്യണം (വാ.11). ഇപ്രകാരം, നമുക്കു ലഭിച്ച വരങ്ങൾ എന്തുതന്നെയായാലും, മറ്റുള്ളവരെ ഉയർത്തിക്കൊണ്ടു വരാൻ അവ നമുക്ക് ഉപയോഗിക്കാം.