കുട്ടിക്കാലത്ത്, വേനലവധിക്കാലത്തു ഞാൻ വെല്ലൂരിൽ വച്ചു വെക്കേഷൻ ബൈബിൾ സ്കൂളിൽ (വിബിഎസ്) പങ്കെടുക്കാറുണ്ടായിരുന്നു. ഏകദേശം 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ആ സമയത്തെ താപനില. ആകാശത്ത് ഒരു മേഘമോ മരങ്ങളിൽ ഒരു ഇലയോ കാറ്റിന്റെ അടയാളമോ പോലും ഉണ്ടായിരിക്കുകയില്ല. ഞങ്ങളുടെ കുപ്പികളിലെ വെള്ളവും സന്നദ്ധപ്രവർത്തകർ ബക്കറ്റുകളിൽ കൊണ്ടുവരുന്ന പഴങ്ങളുടെ രുചിയുള്ള ജ്യൂസും മാത്രമായിരുന്നു ചൂടിൽ നിന്നുള്ള ഏക ആശ്വാസം. ഒരു മൊന്ത നിറയെ ലഭിക്കുന്ന ജ്യൂസിനായി ഞങ്ങൾ കപ്പുകളുമായി വരി നിൽക്കും. എത്ര പതുക്കെയായിരുന്നു ഞങ്ങൾ അതു കുടിക്കുന്നതെന്നോ! എന്നിരുന്നാലും, അധികം വൈകാതെ ജ്യൂസ് തീർന്ന്, ഞങ്ങൾ കൂടുതൽ ദാഹാർത്തരായി തീരും. വളരെ അപൂർവ്വമായി മാത്രമേ ജ്യൂസ് രണ്ടാമതും ലഭിച്ചിരുന്നുള്ളൂ.

തൊണ്ട വരളുന്ന ഡെക്കാൻ വേനൽക്കാലത്തു പാനീയങ്ങൾക്കായുള്ള നമ്മുടെ ദാഹം പോലെ, വിനാശകരമായവിധം സ്നേഹരഹിതമായ ലോകത്തു നാമെല്ലാവരും സ്നേഹത്തിനായി ദാഹിക്കുന്നു. വിവിധ ഇടങ്ങളിൽ നാം സ്നേഹം തേടുന്നു. പലപ്പോഴും സ്നേഹം പരിമിതമായ അളവിൽ മാത്രം ലഭിക്കുന്നുവെന്നും തീർന്നുപോകുന്നുവെന്നും സോപാധികമാണെന്നും സമ്പാദിക്കേണ്ടതുണ്ടെന്നും നാം കണ്ടെത്തുന്നു.

എന്നാൽ ഒരിക്കലും വറ്റിപ്പോകാത്ത “ജീവജല”ത്തിന്റെ നീരുറവുണ്ടെന്നു വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (യോഹന്നാൻ 4:13-14). ഈ ജീവജലം പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു (യോഹന്നാൻ 7:39). “ദൈവത്തിന്റെ സ്നേഹം . . . നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ” (റോമർ 5:5) എന്നാണ് അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നത്. ഇതു പരിമിതമായി ലഭിക്കുന്ന ഒന്നല്ല. നമ്മുടെ അർഹതക്ക് അനുസരിച്ചുള്ളതുമല്ല. മറിച്ച്, അത് അതിരുകളില്ലാത്തതും അളവിനപ്പുറമുള്ളതുമാണ്. അവനെതിരെ നാം മത്സരിക്കുമ്പോൾ പോലും, തന്റെ പുത്രനായ യേശുവിനെ നമുക്കുവേണ്ടി മരിക്കാൻ അയച്ചുകൊണ്ടു നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കി (വാ. 8). യേശുവിന്റെ ത്യാഗം നിമിത്തം, അവനിൽ നിന്നു അകന്നുപോയതിൽ നിന്നുളവാകുന്ന ഏകാന്തതയിൽ നിന്നു നാം രക്ഷിക്കപ്പെടുകയും നമ്മുടെ ഉള്ളിൽ സ്നേഹത്തിന്റെ നീരുറവായി തീരുന്ന തന്റെ സ്നേഹം നമുക്കായി ചൊരിഞ്ഞ ദൈവവുമായി നാം നിരപ്പു പ്രാപിക്കുകയും ചെയ്യുന്നു (വാ. 10). സ്നേഹത്തിനായി നിങ്ങൾ ദാഹിക്കുന്നുവെങ്കിൽ ദൈവത്തിങ്കലേക്കു ചെല്ലുക. അവൻ സ്നേഹമാണ്.