പതിറ്റാണ്ടുകളായി, മക്ഡൊണാൾഡ്സ് അവരുടെ ക്വാർട്ടർ പൗണ്ടർ ബർഗറുമായി ഫാസ്റ്റ് ഫുഡ് മേഖല ഭരിച്ചു. 1980 കളിൽ, ഒരു എതിരാളി ശൃംഖല കമ്പനിയെ താഴെയിറക്കാൻ ഒരു മെച്ചപ്പെട്ട ആശയം തയ്യാറാക്കി. A&W മക്ഡൊണാൾഡിനേക്കാൾ വലുതായ തേർഡ് പൗണ്ട് ബർഗർ വാഗ്ദാനം ചെയ്യുകയും അതേ വിലയ്ക്ക് വിൽക്കുകയും ചെയ്തു. അതിലുപരി, A&W വിന്റെ ബർഗർ നിരവധി രുചി പരിശോധനകളിൽ വിജയിച്ചു. എന്നിട്ടും ബർഗർ പരാജയപ്പെട്ടു. ആരും അത് വാങ്ങിയില്ല. ഒടുവിൽ, അവർ അത് മെനുവിൽ നിന്ന് ഒഴിവാക്കി. ഉപഭോക്താക്കൾ ഗണിതശാസ്ത്രത്തെ തെറ്റിദ്ധരിച്ചുവെന്നും തേർഡ് പൗണ്ട് ബർഗർ ക്വാർട്ടർ പൗണ്ടറിനേക്കാൾ ചെറുതാണെന്ന് കരുതിയെന്നും ഗവേഷണം വെളിപ്പെടുത്തി. ആളുകൾക്ക് അടിസ്ഥാനകാര്യങ്ങൾ നഷ്ടപ്പെട്ടതിനാൽ ഒരു മഹത്തായ ആശയം പരാജയപ്പെട്ടു. 

അടിസ്ഥാനകാര്യങ്ങൾ നഷ്ടപ്പെട്ടു പോകുന്നത് എത്ര എളുപ്പമാണെന്ന് യേശു മുന്നറിയിപ്പ് നൽകി. ക്രൂശീകരണ ആഴ്ചയിൽ യേശുവിനെ കുടുക്കാനും അപകീർത്തിപ്പെടുത്താനും മതനേതാക്കൾ ഗൂഢാലോചന നടത്തി, ഏഴു പ്രാവശ്യം വിധവയായ ഒരു സ്ത്രീയുടെ സംഭവം ഉപയോഗിച്ച് വിചിത്രവും സാങ്കൽപ്പികവുമായ ഒരു സാഹചര്യം സൃഷ്ടിച്ചു (മത്തായി 22:23-28). ഈ സങ്കീർണ്ണമായ പ്രശ്നം ഒരു പ്രശ്നമല്ലെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് യേശു പ്രതികരിച്ചു. മറിച്ച്, അവരുടെ പ്രശ്നം അവർക്ക് തിരുവെഴുത്തുകളോ “ദൈവത്തിന്റെ ശക്തി”യോ (വാ. 29) അറിയില്ലായിരുന്നു എന്നതാണ്. തിരുവെഴുത്തുകളുടെ പ്രാഥമിക ലക്ഷ്യം യുക്തിസഹമോ ദാർശനികമോ ആയ കടങ്കഥകൾക്ക് ഉത്തരം നൽകുക എന്നതല്ല എന്ന് യേശു തറപ്പിച്ചു പറഞ്ഞു. മറിച്ച്, യേശുവിനെ അറിയാനും സ്നേഹിക്കാനും അവനിലൂടെ “നിത്യജീവൻ പ്രാപിക്കാനും” നമ്മെ നയിക്കുക എന്നതാണ് അവയുടെ പ്രാഥമിക ലക്ഷ്യം (യോഹന്നാൻ 5:39). മതനേതാക്കൾക്ക് നഷ്ടമായ അടിസ്ഥാന കാര്യങ്ങളാണിവ.

നാമും പലപ്പോഴും അടിസ്ഥാന കാര്യങ്ങളെ നഷ്ടപ്പെടുത്തുന്നു. ബൈബിളിന്റെ പ്രധാന ലക്ഷ്യം ജീവനുള്ള യേശുവിനെ കണ്ടുമുട്ടുക എന്നതാണ്. അത് നഷ്ടപ്പെടുത്തുന്നത് ഹൃദയഭേദകമായിരിക്കും.