2019-ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്നു പള്ളികളും മൂന്ന് ആഡംബര ഹോട്ടലുകളും ചാവേർ ബോംബാക്രമണത്തിനു ഇരയായിത്തീർന്നു. വാർത്ത പ്രചരിച്ചതോടെ ചില പള്ളികൾ തങ്ങളുടെ ശുശ്രൂഷകൾ പാതിവഴിയിൽ നിർത്തിവച്ചു. ആളുകൾ പരിഭ്രാന്തരായി വീടുകളിലേക്കു പാഞ്ഞു. അവരുടെ സന്തോഷകരമായ ആചരണം വ്യസനം നിറഞ്ഞതായി മാറി.
അതിനുശേഷം എല്ലാ വർഷവും, “ഈസ്റ്റർ ബോംബിംഗ്” എന്നു വിളിക്കപ്പെടുന്ന ബുദ്ധിശൂന്യമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മകൾ ഈസ്റ്റർ തിരികെ കൊണ്ടുവന്നുകൊണ്ടിരുന്നു. എന്നിരുന്നാലും, ആ ദുരന്തം, നിരപരാധികളുടെ കൊലപാതകവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖവും പുനരുത്ഥാനത്തിന്റെ വിരോധാഭാസത്തിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലുകളാണ്. നാം ജീവിക്കേണ്ടതിനു യേശു മരിച്ചു. ഒരുനാൾ നാം മരിക്കുമെങ്കിലും, അവന്റെ ജീവിതം പങ്കുവെച്ചാൽ നാം വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും നമുക്കറിയാം. അതാണു പുനരുത്ഥാനത്തിന്റെ പ്രത്യാശ. “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” എന്ന പൗലൊസിന്റെ ചോദ്യം ആത്മവിശ്വാസത്തോടെ ഉറപ്പിക്കാനും “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം” (വാ. 55-57) എന്നു പറയാനും ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ പ്രാപ്തരാക്കുന്നു.
പാപത്തിനും മരണത്തിനുമെതിരായ ക്രിസ്തുവിന്റെ ജയത്തിന്റെ ആഘോഷമാണു പുനരുത്ഥാന ഞായറാഴ്ച. അതു നമുക്കു ലഭിക്കാവുന്ന ഏറ്റവും മഹത്തായ പ്രത്യാശ നൽകുന്നു. നാലാം നൂറ്റാണ്ടിലെ സഭാ പിതാവായ ജോൺ ക്രിസോസ്റ്റം ഇപ്രകാരം പറഞ്ഞു, “ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, നീ (മരണം) പരാജയപ്പെട്ടു പോയി! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, പിശാചുക്കൾ വീണുപോയി! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, ദൂതന്മാർ സന്തോഷിക്കുന്നു! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, ജീവിതം വാഴുന്നു! ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, മരിച്ച ആരും കല്ലറയിൽ അവശേഷിക്കുന്നില്ല!” അപ്രതീക്ഷിതമായതോ അകാലമോ ആയ നഷ്ടം അനുഭവിക്കുമ്പോൾ, യേശു ജീവിക്കുന്നതിനാൽ അവന്റെ ജയകരമായ പുനരുത്ഥാനത്തിൽ സന്തോഷിക്കാൻ കഴിയുമെന്ന ഉറപ്പിൽ നമ്മുടെ പ്രത്യാശ നമുക്കു കേന്ദ്രീകരിക്കാം.
മരണം പരമമായ അന്ത്യമല്ലെന്ന അറിവിനെ സംബന്ധിച്ച് എന്താണു
നിങ്ങൾക്കു തോന്നുന്നത്? പുനരുത്ഥാനത്തിന്റെ ഉറപ്പിനു നിങ്ങളെ
സംബന്ധിച്ചു എന്ത് അർഥമാണുള്ളത്?
പ്രിയ യേശുവേ, ജീവിതം പൂർണമായി ജീവിക്കാൻ എനിക്കു കഴിയേണ്ടതിനു എനിക്കുവേണ്ടി മരിച്ചതിന് അങ്ങയ്ക്കു നന്ദി. പുനരുത്ഥാനത്തിന്റെ പ്രത്യാശയും അതോടൊപ്പം വരുന്ന സമാധാനവും കൊണ്ട് എന്റെ ഹൃദയം നിറയ്ക്കേണമേ.