നമ്മിൽ മിക്കവർക്കും വടംവലി എന്ന കളി പരിചിതമായിരിക്കും. നീളമുള്ള ഒരു വടത്തിന്റെ ഓരോ അറ്റത്തും പിടിച്ചിരിക്കുന്ന രണ്ടു സംഘങ്ങൾ നടുക്കു വരച്ചിരിക്കുന്ന വരയ്ക്കു ഇപ്പുറത്തേക്ക് എതിർ സംഘത്തെ വലിച്ചിടുന്നതാണ് കളി. ഇതു കൂടുതൽ രസകരമാക്കാൻ, ചിലപ്പോൾ, നടുവിൽ ഒരു ചെളിക്കുഴിയോ തണുത്ത വെള്ളം നിറച്ച തൊട്ടിയോ ഉണ്ടായിരിക്കും. തോൽക്കുന്ന സംഘം അതിൽ വന്നു വീഴും. വിജയിക്കുന്നതിനു ശാരീരിക ബലം മാത്രം പോരാ. അതിനു ശ്രദ്ധയും നിശ്ചയദാർഢ്യവും വൈദഗ്ധ്യവും ആവശ്യമാണ്.
നാമൊരു വടംവലിയിലാണെന്നു പൗലൊസ് നമ്മോടു പറയുന്നു. എന്നാൽ വിനോദത്തിനായി കളിക്കുന്നതിൽ നിന്നു വ്യത്യസ്തമായി, നമ്മുടെ പോരാട്ടം “വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” (വാ. 12). നാമൊരു ആത്മീയ വടംവലിയിലാണ്. നമ്മുടെ എതിരാളികൾ നമ്മെ പരാജയപ്പെടുത്തി പാപത്തിന്റെ അഴുക്കിൽ വീഴ്ത്താൻ ആഗ്രഹിക്കുന്നു. ക്രിസ്തു ഇതിനകം ദുഷ്ടനെ ക്രൂശിൽ പരാജയപ്പെടുത്തി എന്ന ഉറപ്പോടെ “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” (വാ. 13) ധരിച്ചുകൊണ്ട് ഈ ആത്മീയ വടംവലിക്കു തയ്യാറെടുക്കാൻ പൗലൊസ് നമ്മെ ആഹ്വാനം ചെയ്യുന്നു. ബലത്തോടെ തുടരാനും ജയം നേടാനും, മനുഷ്യശക്തിയും നല്ല ഉദ്ദേശ്യങ്ങളും മാത്രം പോരാ. ദൈവത്തെ അന്വേഷിച്ച് അവനിൽ നാം ആശ്രയിക്കേണ്ടതുണ്ട്. പൗലൊസ് പറയുന്നതുപോലെ, “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ” (വാ. 10).
“പിശാചിന്റെ തന്ത്രങ്ങളെയും” അവന്റെ “തീയമ്പുകളെയും” സ്വയം കൈകാര്യം ചെയ്യുക പ്രയാസമാണ് (വാ. 11-16). ദൈവകൃപയാൽ, നാം അതു സ്വയം ചെയ്യേണ്ടതില്ല. ദൈവം നൽകുന്ന ബലവും തന്ത്രവും നമുക്കു പ്രയോജനപ്പെടുത്താം (വാ. 11). നാം അവന്റെ അടുക്കൽ ചെല്ലുമ്പോൾ, അവൻ നമുക്കു “സത്യത്തിന്റെ” കവചം നൽകുന്നു. നമ്മുടെ പാദങ്ങളിൽ “സമാധാനസുവിശേഷം” എന്ന ചെരിപ്പ് അണിയിക്കുന്നു. “വിശ്വാസം” എന്ന പരിചയാൽ നാം സംരക്ഷിക്കപ്പെടുന്നു. തീർച്ചയായും, ആത്മീയ വടംവലിയിൽ ഉറച്ചുനിൽക്കാൻ അവന്റെ വചനം നമ്മെ സഹായിക്കുന്നു (വാ. 14-17).
ഏതു വിധത്തിലും രൂപത്തിലുമാണു നിങ്ങൾ ആത്മീയ വടംവലി അനുഭവിക്കാറുള്ളത്? ദൈവത്തിന്റെ സർവ്വായുധവർഗ്ഗം നിങ്ങൾക്ക് എങ്ങനെ ധരിക്കാം?
ദൈവമേ, എന്റെ ആത്മീയ പോരാട്ടത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന അങ്ങയുടെ
ഉറപ്പിനു നന്ദി. ശക്തമായി നിലകൊള്ളാൻ എനിക്കു ബലം നൽകേണമേ.