ജെയിംസ് മോറിസിനെ ഒരിക്കൽ “നിരക്ഷരനെങ്കിലും ജ്വലിക്കുന്ന ഹൃദയമുള്ള” വ്യക്തി എന്ന് വിശേഷിപ്പിച്ചിരുന്നു. ടോപ്ലാഡിയെ രക്ഷയിലേക്ക് നയിക്കാൻ ദൈവം അവനെ ഉപയോഗിച്ചു. എക്കാലത്തെയും മികച്ച ഗാനമായ “റോക്ക് ഓഫ് ഏജസ്” ന്റെ രചയിതാവായ, പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോപ്ലാഡി മോറിസ് പ്രസംഗിക്കുന്നത് കേട്ടു: “സ്വന്തം പേര് ഉച്ചരിക്കാൻ പോലും കഴിയാത്ത ഒരാളുടെ നേതൃത്വത്തിൽ ഒരുപിടി ആളുകൾ ഒരു കളപ്പുരയിൽ ഒത്തുകൂടി. അവിടെവച്ച് അസാധാരണമാംവിധം ഞാൻ ദൈവസന്നിധിയിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടു. തീർച്ചയായും ഇത് കർത്താവിന്റെ പ്രവൃത്തിയാണ്, അത് അത്ഭുതകരമാണ്.”
തീർച്ചയായും, ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് അസംഭവ്യമായ സ്ഥലങ്ങളിലും “യോഗ്യതയില്ലാത്തവർ” അല്ലെങ്കിൽ സാധാരണക്കാർ എന്ന് നാം വിലയിരുത്തുന്നവരിലൂടെയുമാണ്. 1 കൊരിന്ത്യർ 1 ൽ, യേശുവിലുള്ള വിശ്വാസികൾ അത്ര ആകർഷണീയരല്ലെന്ന് പൗലൊസ് അവരെ ഓർമ്മിപ്പിച്ചു: “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല” (വാ. 26). കൊരിന്ത്യ വിശ്വാസികൾ വളരെ സാധാരണക്കാരായിരുന്നു എങ്കിലും അവർ കൃപാവരത്തിലും ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുന്നതിലും കുറവുള്ളവരായിരുന്നില്ല (വാ. 7 കാണുക). ദൈവം—പൊങ്ങച്ചക്കാരെ അവരുടെ സ്ഥാനത്ത് എങ്ങനെ നിർത്തണമെന്ന് അറിയാവുന്ന ദൈവം (വാ. 27-29)—അവർക്കിടയിലും അവരിലൂടെയും പ്രവർത്തിച്ചു.
നിങ്ങൾ സ്വയം ഒരു “സാധാരണക്കാരൻ,” “കഴിവില്ലാത്തവൻ,” അല്ലെങ്കിൽ “കുറഞ്ഞവൻ” ആയിട്ടാണോ കാണുന്നത്? വിഷമിക്കേണ്ട. നിങ്ങൾക്ക് യേശു ഉണ്ടെങ്കിൽ, അവനാൽ ഉപയോഗിക്കപ്പെടാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾ തികഞ്ഞവനാണ്. നിങ്ങളുടെ ഹൃദയത്തിന്റെ പ്രാർത്ഥന ഇതായിരിക്കട്ടെ: “ദൈവമേ, എന്നെ ഉപയോഗിക്കണമേ!”.
നിശബ്ദമായും എന്നാൽ ഫലപ്രദമായും ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആരാണ് മനസ്സിൽ വരുന്നത്? നിങ്ങൾക്ക് എന്തുണ്ട് അല്ലെങ്കിൽ എന്തില്ല എന്ന ചിന്തയിൽ നിന്ന് ദൈവത്തിന് നിങ്ങളെ എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്നതിലേക്ക് എങ്ങനെ നിങ്ങളുടെ ചിന്തയെ മാറ്റാൻ കഴിയും?
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയിലേക്കു നോക്കാതെ എന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചതിന് എന്നോട് ക്ഷമിക്കണമേ, ഞാൻ എവിടെയാണോ അവിടെ അങ്ങയുടെ വിശുദ്ധ സേവനത്തിനായി എന്നെ ഉപയോഗിക്കണമേ.