നായ്ക്കളെ എനിക്ക് എക്കാലത്തും ഭയമായിരുന്നു. എന്നാൽ, ഞാൻ ബാലനായിരുന്നപ്പോൾ, ഞങ്ങളുടെ അയൽക്കാരന് ഒരു ജർമ്മൻ ഷെപ്പേർഡ് ഉണ്ടായിരുന്നു. എനിക്കറിയാവുന്നതിൽ വച്ചു ഏറ്റവും സൗമ്യനായ നായയായിരുന്നു അത്. എന്നാൽ, ഒരു ദിവസം അത് അക്രമാസക്തയായി, മുരണ്ടുകൊണ്ട് ചീറുകയും വീട്ടിലെ ഒരു മുറിയിൽ നിന്ന് ആളുകളെ അകറ്റി നിർത്താൻ തുടങ്ങുകയും ചെയ്തു. ഞാൻ വീണ്ടും ഭയപ്പെടുന്നതു കണ്ടപ്പോൾ, തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനാണു നായ അങ്ങനെ പെരുമാറുന്നതെന്ന് എന്റെ അയൽക്കാരൻ എനിക്കു വിശദീകരിച്ചുതന്നു.
ഹോശേയ 13:8 വായിക്കുമ്പോൾ ഇതാണു ഞാൻ ഓർക്കാറുള്ളത്. തന്റെ കുഞ്ഞുങ്ങളെ തേടുന്ന ഒരു അമ്മക്കരടിയുമായി ദൈവം സ്വയം താരതമ്യം ചെയ്യുന്നു. ദൈവത്തിന്റെ നീതിയുടെ ഉഗ്രരൂപമാണത്. ദൈവം തങ്ങൾക്കു ചെയ്തവയെല്ലാം മറന്നു യിസ്രായേലിന്റെയും എഫ്രയീമിന്റെയും ഹൃദയം നിഗളിച്ചു പോയതിനാൽ ദൈവത്തിന്റെ കോപം അവരുടെ മേൽ ജ്വലിച്ചു (വാ. 6). തങ്ങളുടെ രക്ഷകനായി ദൈവത്തെ അംഗീകരിക്കുന്നതിനുപകരം, അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും “അധികമധികം” പാപങ്ങളിലേക്കു നീങ്ങി നരബലി അർപ്പിക്കുക പോലും ചെയ്തു (വാ. 1-4). ഈ സന്ദർഭത്തിൽ, “കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്വല കീറിക്കളയും” (വാ.8) എന്നു ദൈവം പറഞ്ഞു. തന്റെ സംരക്ഷണത്തിൻ കീഴിലുള്ളവരുടെ കാര്യത്തിൽ ദൈവം തീക്ഷ്ണതയുള്ളവനാണ്. ഒരു അമ്മക്കരടിയെപ്പോലെ, അവൻ അവർക്കുവേണ്ടി പ്രതിരോധിക്കുകയും അവരെ പോറ്റുകയും പരിപാലിക്കുകയും നയിക്കുകയും ചെയ്യുന്നു (വാ. 4-8).
ബലഹീനതയും ദുർബലതയും അനുഭവപ്പെടുമ്പോൾ, നമുക്കു സംഭവിക്കുന്ന അനീതികൾ ദൈവം ശ്രദ്ധിക്കുന്നുണ്ടെന്നു നമുക്ക് ഉറപ്പിക്കാം. സഹായത്തിനായുള്ള നമ്മുടെ നിലവിളി അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു. ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ നമ്മെ സംരക്ഷിക്കാൻ അവൻ ഇടപെടുന്നു. ജീവിതത്തിന്റെ ദുർഘടവും കഠിനവുമായ പ്രായണത്തിൽ നമുക്കു ദൈവത്തിന്റെ അഭയം നല്കുന്ന കരങ്ങളിൽ സുരക്ഷിതമായി വിശ്രമിക്കാം (വാ. 13-14). നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ കരുതലുള്ള ഇടപെടലിനു നമുക്കു നന്ദിയുള്ളവരായിരിക്കാം (വാ. 9). ദൈവത്തെയും തന്റെ ആലയത്തിൽ ദയയും ന്യായവും നിലനിൽക്കണമെന്ന അവന്റെ ആഗ്രഹത്തെയും നമുക്കു മാനിക്കാം (ഹോശേയ 12:6). ദൈവത്തിന്റെ സഹായം ലഭിച്ച നാം നമ്മുടെ സഹായം ആവശ്യമുള്ളവരെ സംരക്ഷിക്കാനായി എഴുന്നേൽക്കാം.
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ വലിയ സംരക്ഷണം നിങ്ങൾ അനുഭവിച്ചറിഞ്ഞത് എങ്ങനെയാണ്? ദൈവം നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുവെന്നു ഓർമിക്കാനും അംഗീകരിക്കാനും നിങ്ങൾക്ക് എന്തു ചെയ്യാനാകും?
പ്രിയ ദൈവമേ, ഒരു അമ്മക്കരടിയെപ്പോലെ എന്നെ നയിച്ചതിനും പ്രതിരോധിച്ചതിനും നന്ദി. എല്ലാ ദിവസവും അങ്ങയെ ഓർത്തു ബഹുമാനിക്കാൻ എന്നെ സഹായിക്കേണമേ.