ഡോക്ടർമാർക്കു തങ്ങളുടെ ജോലി അർത്ഥവത്തായി തോന്നുന്നുണ്ടോ എന്നു മനസിലാക്കാനായി, വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഗവേഷകർ രണ്ടു പഠനങ്ങൾ നടത്തി. സമ്മർദ്ദം നിറഞ്ഞതാണെങ്കിലും മിക്ക ഡോക്ടർമാരും തങ്ങളുടെ ജോലി അർത്ഥവത്തായി കാണുന്നതായി രണ്ടു പഠനങ്ങളും കണ്ടെത്തി. അവരുടെ ജോലി സംതൃപ്തിക്കു കാരണം എന്താണെന്നു ചോദിച്ചപ്പോൾ, തൊഴിൽ സുരക്ഷ, ഉത്തരവാദിത്വത്തിന്റെ നിലവാരം, സ്വാതന്ത്ര്യം, പാർപ്പിടം, സഹപ്രവർത്തകർ അവരെ കാണുന്ന വിധം, അവരുടെ കഴിവുകൾ ഉപയോഗിക്കാനും പഠിപ്പിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള അവസരങ്ങൾ തുടങ്ങിയ കാരണങ്ങൾ അവർ പറഞ്ഞു.

സഭാപ്രസംഗിയുടെ എഴുത്തുകാരനും ജോലിയിലെ അർത്ഥത്തെക്കുറിച്ചു ചിന്തിച്ചിരുന്നു. “സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?” (വാ. 22) എന്ന് അവൻ ചോദിക്കുന്നു. നാം ദിവസം മുഴുവൻ “ദുഃഖവും വ്യസനവും അനുഭവിച്ചുകൊണ്ടു” പ്രയത്നം ചെയ്യുന്നു. തുടർന്ന്, രാത്രിയിൽ നമ്മുടെ ”ഹൃദയത്തിന്നു സ്വസ്ഥതയില്ല” (വാ.23). അവിടെത്തന്നെ, പ്രയത്നം അർത്ഥശൂന്യമാണെന്ന് അവൻ ഉപസംഹരിക്കുന്നു (വാ.23). എന്നിരുന്നാലും, കഴിക്കാനും കുടിക്കാനും നമ്മുടെ ജോലിയിൽ സംതൃപ്തി കണ്ടെത്താനും കഴിയുന്നതു യഥാർത്ഥത്തിൽ ദൈവത്തിന്റെ കയ്യിൽനിന്നുള്ള ദാനമാണെന്ന് അവൻ മനസ്സിലാക്കുന്നു (വാ. 24). “അവൻ നല്കീട്ടല്ലാതെ ആർ ഭക്ഷിക്കും ആർ അനുഭവിക്കും?” (വാ. 25).

ശാരീരിക അധ്വാനമോ മാനസിക പ്രയത്നമോ ഉപയോഗിച്ചുകൊണ്ടു സ്വഭവനത്തിലോ പുറത്തോ ജോലി ചെയ്യാൻ കഴിയുന്നത് ഒരു ബഹുമതിയാണ്. നമ്മളിൽ ഭൂരിഭാഗവും ഒരു പ്രവൃത്തി ദിനത്തിന്റെ അവസാനം സംതൃപ്തി തേടുന്നു. ചിലർ സേവന പ്രവർത്തനങ്ങളിലോ പണലാഭത്തിലൂടെയോ സൗഹൃദത്തിലൂടെയോ ഈ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ, ജോലിയെ ദൈവം നൽകിയ പദവിയായി കാണാൻ കഴിയാത്ത മറ്റു പലരും സംതൃപ്തി നേടാനാവാതെ ഉഴലുന്നു (ഉല്പത്തി 2:15). എപ്പോഴെങ്കിലും നമുക്ക് അസംതൃപ്തി തോന്നിയാൽ നമുക്കു ദൈവത്തിങ്കലേക്കു തിരിയാം. കാരണം, ഒരു ജോലിക്കും പൂർണ്ണ സംതൃപ്തി നൽകാൻ കഴിയില്ല എന്നതാണു സത്യം. എന്നാൽ നമ്മുടെ പ്രയത്നത്തിൽ അർത്ഥം കണ്ടെത്താൻ ദൈവത്തിനു നമ്മെ സഹായിക്കാനാകും.