യേശുവിന്റെ ദൃശ്യമായ അടയാളങ്ങൾ
സെൽ ഫോൺ ഉപയോക്താക്കളുടെ വ്യക്തിഗത സ്വഭാവങ്ങളും ജീവിതശൈലി ശീലങ്ങളും തിരിച്ചറിയാൻ ഒരു സർവകലാശാലയിലെ ശാസ്ത്രജ്ഞർ പരീക്ഷണാത്മക മോളിക്യുലാർ സ്വാബ് ടെസ്റ്റുകൾ നടത്തുകയുണ്ടായി. മറ്റനവധി വസ്തുക്കളോടൊപ്പം ആ സെൽ ഫോൺ ഉപയോക്താക്കൾ ഉപയോഗിച്ചിരുന്ന സോപ്പുകൾ, ലോഷനുകൾ, ഷാംപൂകൾ, മേക്കപ്പ്; അവർ കഴിച്ചിരുന്ന ഭക്ഷണങ്ങൾ, പാനീയങ്ങൾ, മരുന്നുകൾ എന്നിവയുടെ തരം; അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ തരം എന്നിവ അവർ കണ്ടെത്തി. ഓരോ വ്യക്തിയുടെയും ജീവിതശൈലിയുടെ ഒരു രൂപരേഖ തയ്യാറാക്കാൻ ആ പഠനം ഗവേഷകരെ സഹായിച്ചു.
പ്രവാചകനായ ദാനീയേലിന്റെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മക സ്വഭാവങ്ങളോ ജീവിത ശീലങ്ങളോ കണ്ടെത്താനായി, ആലങ്കാരികമായി അവന്റെ ജീവിതത്തിന്റെ “സ്വാബ്” എടുത്തു പരിശോധിക്കാൻ ബാബേലിലെ ഭരണാധികാരികൾ തുനിഞ്ഞു. എന്നാൽ എഴുപതു വർഷത്തോളം വിശ്വസ്തതയോടെ സാമ്രാജ്യത്തെ സേവിച്ച അവൻ “വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല” (ദാനീയേൽ 6:4). വാസ്തവത്തിൽ, നിരവധി ദേശാധിപതികളുടെ മേൽ അധികാരമുള്ള “മൂന്ന് അദ്ധ്യക്ഷന്മാരിൽ” ഒരാളായി പ്രവാചകനെ ദാര്യാവേശ് രാജാവു ഉയർത്തി (വാ. 1-2). ഒരുപക്ഷേ അസൂയ നിമിത്തം, അവനെ ഒഴിവാക്കാനായി മറ്റ് ഉദ്യോഗസ്ഥർ ദാനീയേലിൽ തെറ്റുകുറ്റങ്ങളുടെ സൂചനകൾ തേടി എങ്കിലും, അവൻ തന്റെ സത്യനിഷ്ഠ നിലനിർത്തിക്കൊണ്ടു “മുമ്പെ ചെയ്തുവന്നതുപോലെ” (വാ. 28) ദൈവത്തെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. അവസാനം, പ്രവാചകൻ തന്റെ കർത്തവ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചു.
നാം ആരാണെന്നും ആരെ പ്രതിനിധീകരിക്കുന്നുവെന്നും സൂചിപ്പിക്കുന്ന ദൃശ്യമായ അടയാളങ്ങൾ നമ്മുടെ ജീവിതം അവശേഷിപ്പിക്കുന്നു. നമുക്കു പോരാട്ടങ്ങളുണ്ടെങ്കിലും, നാം പൂർണരല്ലെങ്കിലും, നമുക്കു ചുറ്റുമുള്ള ജനം നമ്മുടെ ജീവിതത്തെ “സ്വാബ്” ചെയ്യുമ്പോൾ, യേശു നമ്മെ നയിക്കുന്ന വിധത്തിലുള്ള സമഗ്രതയുടെയും ഭക്തിയുടെയും ദൃശ്യമായ അടയാളങ്ങൾ അവർ കണ്ടെത്താൻ ഇടയാകട്ടെ.

ഒരു പൈതലിന്റെ പ്രത്യാശ
എന്റെ കൊച്ചുമകൾ എലിയാനയ്ക്ക് ഏഴു വയസ്സുള്ളപ്പോൾ, ഗ്വാട്ടിമാലയിലെ ഒരു അനാഥാലയത്തെക്കുറിച്ചുള്ള ഒരു വീഡിയോ അവളുടെ സ്കൂളിൽവച്ചു അവൾ കണ്ടു. അവൾ അമ്മയോടു പറഞ്ഞു, “അവരെ സഹായിക്കാൻ നമ്മൾ അവിടെ പോകണം.” അവൾക്കു പ്രായമാകുമ്പോൾ അതിനെക്കുറിച്ചു ചിന്തിക്കാമെന്ന് അവളുടെ അമ്മ മറുപടി നൽകി.
എലിയാന ഒരിക്കലും അതു മറന്നില്ല. അവൾക്കു പത്തു വയസ്സായപ്പോൾ അവളുടെ കുടുംബം ആ അനാഥാലയത്തിൽ സഹായിക്കാനായി പോയി. രണ്ടു വർഷത്തിനു ശേഷം, അവർ അവിടേക്കു തിരികെപ്പോയി. ഇത്തവണ എലിയാനയുടെ സ്കൂളിൽ നിന്നു മറ്റു രണ്ടു കുടുംബങ്ങളെയും അവരോടൊപ്പം കൂട്ടി. എലിയാനയ്ക്കു പതിനഞ്ചു വയസ്സുള്ളപ്പോൾ, അവളും അവളുടെ പിതാവും വീണ്ടും ഗ്വാട്ടിമാലയിലേക്കു പോവുകയുണ്ടായി.
കൊച്ചുകുട്ടികളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മുതിർന്നവരുടെ പ്രതീക്ഷകളുടെ അത്രയും വില കൊടുക്കേണ്ടതില്ലെന്നു നാം ചിലപ്പോഴൊക്കെ കരുതാറുണ്ട്. എന്നാൽ തിരുവെഴുത്ത് അപ്രകാരമൊയൊരു വേർതിരിവു കാണിക്കുന്നില്ല. ശമൂവേലിന്റെ കാര്യത്തിലെന്നപോലെ ദൈവം കുട്ടികളെ വിളിക്കുന്നു (1 ശമൂവേൽ 3:4). പൈതങ്ങളുടെ വിശ്വാസത്തെ യേശു ആദരിക്കുന്നു (ലൂക്കൊസ് 18:16). “യൗവനം” എന്ന കാരണത്താൽ ചെറുപ്പക്കാരായ വിശ്വാസികളെ വിലകുറച്ചു കാണാൻ അനുവദിക്കരുതെന്നു പൗലൊസ് പറഞ്ഞു (1 തിമൊഥെയൊസ് 4:12). അവരുടെ വിശ്വാസം നമുക്കെല്ലാവർക്കും ഒരു മാതൃകയാണെന്നു തിരിച്ചറിയുകയും (മത്തായി 18:3) അവരെ തടസ്സപ്പെടുത്തുന്നതു ക്രിസ്തു മുന്നറിയിപ്പു നൽകിയ ഒന്നാണെന്നു മനസ്സിലാക്കുകയും (ലൂക്കൊസ് 18:15) ചെയ്തുകൊണ്ട്, നമ്മുടെ മക്കളെ വഴി നയിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു (ആവർത്തനപുസ്തകം 6:6-7; സദൃശവാക്യങ്ങൾ 22:6).
കുട്ടികളിൽ പ്രത്യാശയുടെ അഗ്നിസ്ഫുലിംഗം കാണുമ്പോൾ, മുതിർന്നവരെന്ന നിലയിൽ അതു ജ്വലിപ്പിക്കാൻ സഹായിക്കുകയാണ് നമ്മുടെ കർത്തവ്യം. ദൈവം നമ്മെ വഴികാട്ടുമ്പോൾ, യേശുവിൽ ആശ്രയിക്കുന്ന, അവനുവേണ്ടി ശുശ്രൂഷ ചെയ്യാനായി സമർപ്പിക്കപ്പെട്ട ഒരു ജീവിതം നയിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുക. ഡേവ് ബ്രാനോൺ