1998-ൽ പുറത്തിറങ്ങിയ ഡിസ്നി ചിത്രമായ മുലാൻ, ചക്രവർത്തിയുടെ സൈന്യത്തിലെ അംഗമായ തന്റെ പിതാവിനു പരിക്കേറ്റപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നതിനായി രാത്രിയിൽ ഒളിച്ചുകടന്നു പുരുഷനായി നടിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണു പറയുന്നത്. അവളുടെ പ്രവൃത്തികൾ കണ്ടെത്തിയപ്പോൾ, അധികാരികളെ അറിയിക്കുന്നത് അവളെ അപകടത്തിലാക്കുമെന്നു ഭയന്നു മുലാന്റെ കുടുംബം നിശബ്ദത പാലിക്കുന്നു. അവൾ ജീവനോടെ മടങ്ങിവരുമെന്ന് അവർ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. യുദ്ധം അവസാനിക്കുകയും സാമ്രാജ്യം രക്ഷപ്പെടുകയും ചെയ്ത ശേഷം മുലാൻ വീട്ടിലേക്കു മടങ്ങിവരുന്നു. അവളുടെ ധീരതയ്ക്കു ചക്രവർത്തി നൽകിയ സ്മരണികകൾ അവൾ തന്റെ പിതാവിനു നൽകുന്നു. “നമ്മുടെ കുടുംബത്തെ ആദരിക്കുന്നതിനുള്ള ഉപഹാരങ്ങളാണിവ,” അവൾ പറയുന്നു. അവളുടെ പിതാവ് ഉപഹാരങ്ങൾ മാറ്റിവെച്ച്, അവളെ കെട്ടിപ്പിടിച്ചു, “മകളായി നിന്നെ ലഭിച്ചതാണു ഏറ്റവും വലിയ ഉപഹാരവും ആദരവും” എന്നു പിതാവു മറുപടി നൽകി.

മുലാനെപ്പോലെ, യേശുവിന്റെ ശിഷ്യന്മാരും ദൈവത്തിനു വേണ്ടി ചെയ്യാൻ കഴിഞ്ഞ എല്ലാ കാര്യങ്ങളിലും ആവേശഭരിതരായിരുന്നു. “നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്ന് അവർ സന്തോഷത്തോടെ പറഞ്ഞു (വാ. 17). യേശു അവരുടെ ജയം അംഗീകരിച്ചുവെങ്കിലും, അവരുടെ ശ്രദ്ധ പെട്ടെന്നുതന്നെ പുനർകേന്ദ്രീകരിച്ചു. “എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ” (വാ. 20). യേശുവിനെ സംബന്ധിച്ചിടത്തോളം, ഭൂതങ്ങളുടെ മേൽ “അധികാരം” നേടുന്നതിനേക്കാൾ ആഘോഷത്തിനുള്ള വളരെ വലിയ കാരണമായിരുന്നു നിത്യജീവന്റെ ഉറപ്പ് (വാ. 19-20). അധികാരം പ്രയോഗിക്കുന്നതിൽ ലോകം അഭിമാനം കൊള്ളുമ്പോൾ, ദൈവജനം നിത്യജീവന്റെ ഉറപ്പിനെ വിലമതിക്കുന്നു.

ദൈവം നമുക്കു തന്ന കൃപാവരങ്ങളും വിഭവങ്ങളും നിമിത്തം ചില സമയങ്ങളിൽ നാം ശക്തരാണെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ ഭൂമിയിൽ നമുക്കു അധികാരമോ കൃപാവരങ്ങളോ ഉണ്ടെന്നത് സന്തോഷിക്കാനുള്ള നമ്മുടെ കാരണമാകരുത്. യേശുക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമ്മുടെ ജീവിതം ഇവിടെ അവസാനിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ദാനവും ആദരവും. നമ്മുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നു, നമുക്കു നിത്യജീവനുണ്ട്.