ഒരു എഴുത്തുകാരിയെന്ന നിലയിൽ ശുശ്രൂഷയിൽ ദൈവത്തെ പിൻപറ്റാനായി അവന്റെ നടത്തിപ്പിൻ പ്രകാരം ഞാൻ എന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു. എന്നിരുന്നാലും ഉടനെയൊന്നും എനിക്കു പ്രതീക്ഷിച്ച ഫലം കാണാൻ കഴിഞ്ഞില്ല. ഈയൊരു മാറ്റം സംഭവിച്ചിട്ടു ഏകദേശം മൂന്നു വർഷത്തിനു ശേഷം, തിരസ്കരണം പോലെ തോന്നിയ ഒരു ഇമെയിൽ ഒരു പ്രസാധകനിൽ നിന്ന് എനിക്ക് ലഭിച്ചു. “എന്തിനാണു ദൈവം എന്നെ വിളിച്ചത്?” എന്നു തികച്ചും നിരാശനായി ഞാൻ ചിന്തിച്ചു. വിട്ടുപോന്ന ജോലിയിലേക്കു തിരിച്ചു പോകുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. അപ്പോഴാണ് എനിക്കു മറ്റൊരു ഇമെയിൽ ലഭിച്ചത്. എന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ അവർ തയ്യാറാണെന്നും ഞാൻ അതിന്റെ എഴുത്തുമായി മുന്നോട്ടു പോകണമെന്നുമായിരുന്നു ഉള്ളടക്കം. അന്നുമുതൽ, ഞാൻ ഒരിക്കലും സങ്കൽപ്പിക്കാത്ത വിധത്തിൽ ദൈവം എന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
എന്റെ യാത്ര എന്നെ പത്രൊസിനെ ഓർമ്മിപ്പിക്കുന്നു. മത്സ്യത്തൊഴിലാളി എന്ന തൊഴിൽ ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചതിനു മൂന്നു വർഷങ്ങൾക്കു ശേഷം, യേശുവിനെ അറിയില്ലെന്നു പോലും അവൻ തള്ളിപ്പറഞ്ഞു (മത്തായി 26:69-75). അവനെക്കുറിച്ചു അവനുതന്നെ കടുത്ത ഇച്ഛാഭംഗം തോന്നിയിരിക്കണം (വാ. 75). യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, ഒരുപക്ഷേ സ്വയം ശ്രദ്ധ തിരിക്കാൻ, പത്രൊസ് തന്റെ കൂട്ടാളികളോടൊപ്പം വീണ്ടും മീൻ പിടിക്കാൻ പരിചിതമായ ജലാശയത്തിലേക്കു പോയി (യോഹന്നാൻ 21:3). നേരം പുലർന്നപ്പോഴും അവർ യാതൊന്നുംതന്നെ പിടിച്ചിരുന്നില്ല (വാ. 3). പകരം, അവർ യേശുവിനെ കരയിൽ കണ്ടു (വാ. 4). വല എവിടെ എറിയണമെന്നു യേശു അവരോടു പറയുകയും പ്രാതലിനു ക്ഷണിക്കുകയും ചെയ്തു (വാ. 6-13). പത്രൊസിന്റെ പിന്മാറ്റത്തെ അവൻ കുറ്റപ്പെടുത്താതെ, പകരം “എന്റെ കുഞ്ഞാടുകളെ മേയ്ക്ക” (വാ.15) എന്നു പറഞ്ഞുകൊണ്ടു പത്രൊസിന്റെ വിളിയെ അവൻ പുതുക്കി.
ദൈവം നമ്മെ വിളിക്കുന്ന ഉടൻതന്നെ പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങൾ നടക്കണമെന്നില്ല. നമുക്കു നമ്മിൽത്തന്നെ ഇച്ഛാഭംഗം തോന്നുകയും ഫലത്തെക്കുറിച്ചു ശങ്കയുണ്ടാകുകയും ചെയ്തേക്കാം. എന്നാൽ, തന്റെ മഹത്വത്തിനായി നമ്മെ ഉപയോഗിക്കാനായി നമ്മെ പരിശീലിപ്പിക്കാനും ചെത്തി വെടിപ്പാക്കാനും ആ വേള ദൈവം ഉപയോഗിച്ചേക്കാം (യോഹന്നാൻ 15:2). അതിനാൽ, ഫലങ്ങൾ കാണാത്തപ്പോൾ, പ്രതീക്ഷ കൈവിട്ടു പരിചിത ജലാശയങ്ങളിലേക്കു മടങ്ങിപ്പോകുന്നതിനു പകരം ദൈവത്തിന്റെ സമയത്തിൽ വിശ്വസിച്ചു ക്ഷമയോടെ കാത്തിരിക്കാം.
മടങ്ങിപ്പോകാൻ നിങ്ങൾക്കു പ്രലോഭനം തോന്നുന്ന പരിചിതയിടങ്ങൾ ഏതൊക്കെയാണ്? പകരം, അത്തരം സന്ദർഭങ്ങളിൽ ദൈവത്തിൽ വിശ്വസിച്ചുകൊണ്ടു അവസാനം വരെ ഉറച്ചുനിൽക്കുന്നത് എങ്ങനെയുള്ള അനുഭവമായിരിക്കും?
പ്രിയ യേശുവേ, എന്നെ തിരഞ്ഞെടുത്തതിനും വിളിച്ചതിനും നന്ദി. എന്നെയും എനിക്കു ലഭിച്ച ദാനങ്ങളെയും അങ്ങയുടെ ഉപയോഗത്തിനായി തയ്യാറാക്കുന്ന വേളയിൽ ക്ഷമയോടെ കാത്തിരിക്കാൻ എന്നെ സഹായിക്കേണമേ.