കുട്ടിക്കാലത്ത്, വീട്ടിൽ ഒരു വർഷത്തേക്കുള്ള അച്ചാർ നിർമ്മാണ പരിപാടിയിലെ ഏറ്റവും അസഹ്യപ്പെടുത്തുന്ന ഭാഗം “ആ പാത്രം തൊട്ടുപോകരുത്” എന്ന അമ്മയുടെ കടുത്ത ശാസനയായിരുന്നു! അല്പനേരത്തേക്കെങ്കിലും അതിന്റെ സൗരഭ്യം ആസ്വദിക്കാൻ പോലും എന്നെ അനുവദിച്ചിരുന്നില്ല. അങ്ങനെയാണു ഞാൻ ക്ഷമാശീലയാകാൻ പഠിച്ചത്. ആദ്യത്തെ രണ്ടോ മൂന്നോ മാസങ്ങൾക്കുശേഷം, മാങ്ങയോ നാരങ്ങയോ എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും കുതിർന്ന ശേഷം, ഞങ്ങൾക്ക് ആസ്വദിക്കാൻ ഒരു ചെറിയ കഷ്ണം അമ്മ എടുത്തുതന്നിരുന്നു. ഓ, എരിവിന്റെയും പുളിയുടെയും വിശിഷ്ടമായ ആ മിശ്രിതം എന്റെ രുചിമുകുളങ്ങൾ ഏറ്റുവാങ്ങുമ്പോൾ എനിക്ക് അനുഭവപ്പെട്ടിരുന്ന സന്തോഷം. സമാനതകളില്ലാത്തതായിരുന്നു!
ദൈവവചനത്തിൽ കുതിരുന്നത് ആത്മീയ പക്വതയിൽ വളരുന്നതിന്റെ അടിസ്ഥാനമാണ്. ഉപ്പിലിടുന്ന പ്രക്രിയ പോലെ, ശരിയായ സമയത്തിനു മുമ്പു നമ്മെ വലിച്ചെടുത്താൽ, നാം പാകമായേക്കില്ല. ആത്മീയമായി പക്വത പ്രാപിക്കാൻ സമയമെടുക്കും. സഹാനുഭൂതി, ആത്മനിയന്ത്രണം, ദീർഘക്ഷമ, നീതി, ഔദാര്യം, വിശുദ്ധി തുടങ്ങിയ ആത്മീയ പക്വതയുടെ നിർമ്മാണത്തെക്കുറിച്ചു യാക്കോബ് തന്റെ ലേഖനത്തിൽ സംസാരിക്കുന്നു (വാ. 19,27). ദൈവവചനം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്ന വേളയിൽ ഈ ഗുണങ്ങൾ നമ്മിൽ വികസിക്കാൻ സമയമെടുക്കും. “തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കാൻ” (വാ. 25) യാക്കോബ് പറയുന്നു. നാം അവിടെ പഠിച്ച കാര്യങ്ങൾ തീർച്ചയായും മറക്കാൻ പാടില്ല; പകരം “അതിൽ നിലനില്ക്കുന്നവരായി” അതു പറയുന്നതു ചെയ്യുകയും വേണം (വാ. 25).
ആത്മാവിൽ നാം വളർന്നുകൊണ്ടിരിക്കുമ്പോൾ, എന്തുചെയ്യണമെന്നു നമുക്കറിയാമെങ്കിലും യഥാർത്ഥത്തിൽ അതു പ്രാവർത്തികമാക്കുന്നതിൽ നാം ബുദ്ധിമുട്ടുന്നു. വചനത്തിലേക്ക് നാം എത്രയധികം ഉറ്റുനോക്കുന്നുവോ അത്രയധികം ദൈവത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന സ്വാദുള്ള വ്യക്തികളായിത്തീരുന്നത് എളുപ്പമാകും. നാം “ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും” (യാക്കോബ് 1:25). നമ്മുടെ ജീവിതത്തിലൂടെയും പ്രവൃത്തികളിലൂടെയും ദൈവത്തിനു മഹത്വം വരുത്താൻ ദൈവവചനത്തിൽ നമുക്കു സ്വയം കുതിർക്കപ്പെടാം (മത്തായി 5:13-16).
ആത്മീയ പക്വതയിലേക്കു വളരുന്നതിന്റെ വേദന നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ? ദൈവവചനം കൊണ്ടു
നിങ്ങൾക്കെങ്ങനെ സ്വയം സജ്ജമാകാം?
കർത്താവേ, അങ്ങ് ആഗ്രഹിക്കുന്ന വ്യക്തിയായി ഞാൻ വളരേണ്ടതിനു അങ്ങയുടെ വചനം പഠിക്കാനും മനസ്സിലാക്കാനുമുള്ള ക്ഷമ എനിക്കു തരേണമേ.