ജോലിസ്ഥലത്തുവച്ച് ഒരു ലോക്കറിന്റെ താക്കോൽ നഷ്ടപ്പെട്ടതിനു സീമയെ കുറ്റപ്പെടുത്തിയപ്പോൾ, പ്രതിരോധത്തിനായി ദേഷ്യപ്പെടുകയോ പ്രതിഷേധിക്കുകയോ അവൾ ചെയ്തില്ല. തന്റെ സഹപ്രവർത്തകന് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നും, അവനെ കൂടുതൽ ദോഷകരമായി ബാധിക്കുംവിധം കോപത്തോടെ അവൻ ഇതിനോടു പ്രതികരിക്കുമെന്നും അവൾക്കറിയാമായിരുന്നു. അതിനാൽ, അവന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയിൽ, അവനെ ശാന്തമാക്കുന്ന വാക്കുകളോടുകൂടി ഒരു കപ്പു ചായയുമായി സീമ അവന്റെ അടുക്കൽ ചെന്നു. സംഘർഷാവസ്ഥയിലും ശാന്തത പാലിക്കുന്നത് അവൾ ഉറപ്പുവരുത്തി.
ദാവീദിനെ കൊല്ലാനായി ശൗൽ രാജാവ് അവനെ പിന്തുടരുന്നവേളയിൽ അപ്രതീക്ഷിതമായ ദയ അവനു ലഭിച്ചതായി ബൈബിൾ രേഖപ്പെടുത്തുന്നു (1 ശമൂവേൽ 24:1-2). തന്നോടു ശൗൽ പെരുമാറിയ അതേ രീതിയിൽ തിരിച്ചും ഇടപെടാൻ ന്യായമായ അവസരം ലഭിച്ചിട്ടും ശൗലിന്റെ മേലങ്കിയുടെ ഒരു അറ്റം മാത്രം മുറിച്ചെടുക്കാൻ ദാവീദു തീരുമാനിച്ചു (വാ. 4). യഹോവയുടെ അഭിഷിക്തനെ ഒരു തരത്തിലും ഉപദ്രവിക്കാൻ ദാവീദിന്റെ മനസ്സാക്ഷി അവനെ അനുവദിച്ചില്ല. ദാവീദ് അവനോട് നടന്ന കാര്യം വിശദീകരിക്കുന്നതു വരെ താൻ മരണത്തോട് എത്രമാത്രം അടുത്തായിരുന്നുവെന്നു ശൗൽ അറിയാതെപോയി (വാ. 7-11). ദൈവത്തിന്റെ നീതിയിൽ വിശ്വസിച്ച ദാവീദിനു ശൗൽ മോശമായി പെരുമാറിയിട്ടും ദയയോടെ പ്രതികരിക്കാൻ കഴിഞ്ഞു (വാ. 12-13). ഇതിൽ മനം കലങ്ങിയ ശൗൽ കരഞ്ഞുകൊണ്ടു ദാവീദിനോടു പറഞ്ഞു: “നീ എന്നെക്കാൾ നീതിമാൻ” (വാ. 17).
അന്യായമായ സാഹചര്യങ്ങളിൽ, നമ്മെ വേദനിപ്പിക്കുന്നവരെ നിന്ദിച്ചുകൊണ്ടോ വിദ്വേഷത്തോടെ സംസാരിച്ചുകൊണ്ടോ ശാരീരിക ഉപദ്രവം വരുത്തിക്കൊണ്ടോ അവരെ വേദനിപ്പിക്കാൻ നാം ആഗ്രഹിച്ചേക്കാം. പക്ഷേ, ദാവീദിനെയും സീമയെയും പോലെ, പിരിമുറുക്കമുള്ള സാഹചര്യങ്ങളിൽ ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രതികരിക്കാൻ നാം ശ്രമിക്കണം. വിദ്വേഷം നിറഞ്ഞ് വൈരാഗ്യം വർദ്ധിപ്പിക്കുന്നതിനുപകരം ദയയോടെ പ്രതികരിക്കുക എന്നാണ് ഇതിനർത്ഥം. ദൈവമക്കൾ എന്ന നിലയിൽ, ക്രൂശിൽ പോലും തന്നെ ഉപദ്രവിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ച ക്രിസ്തുവിന്റെ മാതൃകയെ നാം ആദരിക്കുവാനിടയാകട്ടെ.
അന്യായം നേരിടുന്ന സാഹചര്യങ്ങളിൽ എങ്ങനെയാണു നിങ്ങൾ പ്രതികരിക്കാറുള്ളത്? പ്രത്യേകിച്ചു വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ താഴ്മയോടെ നിങ്ങൾക്ക് എങ്ങനെ പ്രതികരിക്കാനാകും?
പ്രിയ കർത്താവേ, മറ്റുള്ളവരെ സഹിക്കാനും അങ്ങയെപ്പോലെ പ്രതികരിക്കാനും വിനയവും അനുകമ്പയും എന്നെ അണിയിക്കേണമേ.