ഒരു ആദിവാസി കുടുംബത്തിലാണു റിദ്ദി ജനിച്ചത്. അവൾക്കു നടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്നാൽ അടുത്തുള്ള ഒരു ഗ്രാമത്തിലെ ക്രിസ്ത്യാനികൾ അവൾക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ അവൾ അത്ഭുതകരമായി സുഖം പ്രാപിച്ചു. മൂന്നു വയസ്സിൽ താഴെയുള്ളപ്പോൾതന്നെ, അവൾ സംഗീതം ആലപിക്കാനും പ്രാർത്ഥനയിൽ കൈകോർക്കാനും ആരംഭിച്ചു. ഇത് അവളുടെ ഗ്രാമത്തിലെ മറ്റു പല കുട്ടികളെയും ഇതുപോലെ ചെയ്യാൻ പ്രേരിപ്പിച്ചു. ഒരു ബാലികയായ റിദ്ദി തന്റെ ഗ്രാമത്തിലെ ദൈവശക്തിയുടെ ആദ്യ സാക്ഷിയായി. അവൾ കാരണം, നിരവധി കുട്ടികളും അവരുടെ കുടുംബം മുഴുവനും ദൈവത്തിൽ പ്രത്യാശ വെച്ചു.

ദൈവശക്തിയുടെ സാക്ഷിയായ മറ്റൊരു പെൺകുട്ടിയെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. അരാമ്യ കവർച്ചപ്പട പിടിച്ചുകൊണ്ടു പോയ, പേരു പറഞ്ഞിട്ടില്ലാത്ത ഒരു യിസ്രായേൽ പെൺകുട്ടിയായിരുന്നു അവൾ. അരാം സൈന്യത്തിന്റെ സേനാപതിയായ നയമാന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അവൾ. നയമാന്റെ ഭാര്യയുടെ വേലക്കാരിയായി അവൾ ശുശ്രൂഷ ചെയ്തുവന്നു (വാ. 2). എന്നാൽ തന്റെ യജമാനൻ കുഷ്ഠരോഗത്തോടെയാണു ജീവിക്കുന്നതെന്നു കണ്ടപ്പോൾ, പേരു പറഞ്ഞിട്ടില്ലാത്ത ഈ പെൺകുട്ടി ധൈര്യം സംഭരിച്ചു തന്റെ യജമാനത്തിയോടു “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു” (വാ. 3) എന്നു പറഞ്ഞു. എലീശാ പ്രവാചകനെ കണ്ട് അവന്റെ വാക്കുകൾ കേട്ടനുസരിച്ചപ്പോൾ, നയമാന്റെ ദേഹം സുഖം പ്രാപിച്ച്, “ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായ്തീർന്നു” (വാ. 14). സുഖം പ്രാപിച്ച നയമാൻ ദൈവശക്തിയുടെ വിശ്വാസിയും സാക്ഷിയുമായിത്തീർന്നു (വാ. 14-17).

റിദ്ദിയെയും യിസ്രായേൽ ബാലികയെയും പോലെ, നിങ്ങളുടെ പ്രായമോ സ്ഥാനമോ എന്തുതന്നെയായാലും നിങ്ങൾക്കു ദൈവത്തിന്റെ മഹത്തായ പ്രത്യാശയുടെ വാഹകനാകാൻ കഴിയും. ശിശുക്കളെ തന്റെ രാജ്യത്തിന്റെ അവകാശികളായി അംഗീകരിച്ചുകൊണ്ട് (മത്തായി 19:14) അവരുടെ സാധ്യത യേശു വിളിച്ചുപറയുന്നു. ദൈവരാജ്യത്തിൽ പ്രായപരിധിയില്ല. ബൈബിൾ പറയുന്നതുപോലെ, “നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു” (സങ്കീർത്തനങ്ങൾ 8:2).