ഉയർന്ന നിലയിൽ ഓട്ടിസം ബാധിക്കപ്പെട്ട രഞ്ജിത്തിന് തന്റെ ജീവിതത്തിലുടനീളം മറ്റുള്ളവരിൽനിന്ന് പരിഹാസവും പീഡനവും സഹിക്കേണ്ടി വന്നു. വിവേചനത്തിന് ഇരയാകുമെന്നും അപമാനിക്കപ്പെടുമെന്നുമുള്ള ഭയം രഞ്ജിത്തിനെ ചുറ്റുമുള്ള ആളുകളെ ഭയക്കുന്ന ഒരു ഘട്ടത്തിലെത്തിച്ചു. എന്നിരുന്നാലും, ഒരു കമ്പനി അവനെ ടെക്നോളജി കൺസൾട്ടന്റായി നിയമിച്ചതോടെ ഇതിനെല്ലാം മാറ്റം സംഭവിച്ചു. അവിടെ, അവനുൾപ്പെട്ട സംഘത്തിന്റെ ക്ഷമയും മുൻവിധിയില്ലാത്ത സംഭാഷണങ്ങളും മനുഷ്യരെയും ജീവിതത്തെയും കുറിച്ചുള്ള രഞ്ജിത്തിന്റെ വീക്ഷണത്തെ മാറ്റിമറിച്ചു.

റോമിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു എങ്ങനെ യേശുവിന്നു അനുരൂപമാകണം എന്നതിനെക്കുറിച്ചുള്ള ചില പ്രായോഗിക നിർദ്ദേശങ്ങൾ പൗലൊസ് നൽകുന്നു. വിശ്വാസത്തിൽ അശക്തരോടു ക്ഷമ കാണിക്കാൻ അവൻ ശക്തരായവരോടു അഭ്യർത്ഥിക്കുന്നു (റോമർ 15:1). ക്രിസ്തുവിന്റെ ശരീരത്തിൽ യഥാർത്ഥ ഐകമത്യവും അവൻ പ്രോത്സാഹിപ്പിക്കുന്നു. നമ്മെത്തന്നെ സന്തോഷിപ്പിക്കുന്നതിനോ മറ്റുള്ളവരുടെ ബലഹീനതയിൽ അവരെ അപമാനിക്കുന്നതിനോ പകരം, “നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി” അവരോടു ദയ കാണിക്കാൻ പൗലൊസ് നമ്മോടു പറയുന്നു (വാ. 1-2). അങ്ങനെ ചെയ്യുമ്പോൾ, നാം ക്രിസ്തുയേശുവിന് അനുരൂപമായ ഒരു മനോഭാവം കാണിക്കുന്നു (വാ. 5). എല്ലാത്തിനുമുപരി, നമ്മുടെ ബലഹീനതകളിൽ യേശു നമ്മോടു ദയ കാണിക്കുന്നു (വാ. 3-7). ദൈവം നൽകുന്ന “സ്ഥിരതയും ആശ്വാസവും” കൈക്കൊണ്ട്, നമുക്കും പരസ്പരം യേശുവിന്റെ മനോഭാവം വച്ചുപുലർത്താം (വാ. 5) എന്നതാണ് സഭയ്ക്കും നമുക്കും വേണ്ടിയുള്ള പൗലൊസിന്റെ പ്രാർത്ഥനയും അനുഗ്രഹവും. അപ്രകാരം, ദൈവത്തെ മഹത്വപ്പെടുത്താനായി അന്യോന്യം ആത്മിക വർദ്ധനവു വരുത്തി പരസ്പര യോജിപ്പിൽ ഒരുമിച്ചു ജീവിക്കാനും കഴിയും (വാ. 6). രഞ്ജിത്തിന്റെ കൂട്ടാളികൾ ചെയ്തപ്രകാരം, ചുറ്റുമുള്ളവരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്താൻ നമുക്കും കഴിയും. ദൈവപരിജ്ഞാനത്തിൽ വളർന്നു വരുന്നവർക്കായി മുൻവിധികളില്ലാത്ത ഒരിടം സൃഷ്ടിക്കാൻ റോമിലെ സഭയെ പൗലൊസ് പ്രോത്സാഹിപ്പിക്കുന്നു. യേശുവിലുള്ള സഹവിശ്വാസികളുടെ ബലഹീനതകളെക്കുറിച്ചു കുറ്റം വിധിക്കുന്നതിനു പകരം, നമ്മുടെ സഹായം ആവശ്യമുള്ളവരെ ശുശ്രൂഷിക്കാനും ശക്തിപ്പെടുത്താനും നമുക്കു നമ്മുടെ ശക്തി ഉപയോഗിക്കാം.