തലയ്ക്കടിയേറ്റും മുഖത്തു ചതവുകളോടെയും ഋഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഗ്രാമത്തിലെ സഭാ നേതാവായ അദ്ദേഹത്തെ മതതീവ്രവാദികൾ ക്രൂരമായി ആക്രമിച്ചിട്ടും സ്വയം പ്രതിരോധത്തിനായി ഒന്നും തന്നെ താൻ ചെയ്തില്ല. അദ്ദേഹത്തിന്റെ ജീവിതകഥ ഓപ്പൺ ഡോർസിൽ (പീഡ അനുഭവിക്കുന്ന ക്രിസ്ത്യനികൾക്കുവേണ്ടിയുള്ള മിഷൻ) വ്യാപകമായി റിപ്പോർട്ടു ചെയ്യപ്പെട്ടു. സുഖം പ്രാപിച്ച ശേഷം അദ്ദേഹം പറഞ്ഞു, “രണ്ടുതവണ ഞാൻ ആക്രമിക്കപ്പെട്ടെങ്കിലും, എന്റെ ജീവിതത്തിൽ ദൈവത്തിന്റെ സംരക്ഷണം എനിക്ക് അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്. ഞാൻ എന്റെ ദൈവത്തിൽ ആശ്രയിക്കുകയും അവനെന്നെ അയക്കുന്നിടത്തെല്ലാം അവനായി ശുശ്രൂഷ ചെയ്യുകയും ചെയ്യും.”
ക്രൂശിക്കപ്പെടുന്നതിന്റെ തലേന്ന രാത്രി യേശുവിനെ പിടിക്കാൻ സൈനികരുടെ സംഘം എത്തിയപ്പോൾ, പത്രൊസ് വാൾ ഊരി മഹാപുരോഹിതന്റെ ദാസന്റെ ചെവി അറുത്തുകളഞ്ഞു (യോഹന്നാൻ 18:10). ഇതു സ്വയം പ്രതിരോധത്തിൽ ചെയ്തതാണെന്നു വാദിക്കാവുന്നതാണ്. കനത്ത ആയുധധാരികളായ സൈനികർ ശിഷ്യന്മാരേക്കാൾ എണ്ണത്തിൽ വളരെ കൂടുതലായിരിക്കെ ഇതു വിഡ്ഢിത്തമാണെന്നു മറ്റു ചിലർ പറഞ്ഞേക്കാം. യേശുവിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. “പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ” എന്നു പറഞ്ഞുകൊണ്ട് ആയുധം ഉറയിൽ ഇടാൻ അവൻ പത്രൊസിനോടു കൽപ്പിച്ചു (വാ. 11). തനിക്കെതിരായ ആക്രമണം പോലും ദൈവഹിതപ്രകാരമാണെന്നു യേശു മനസ്സിലാക്കി. യേശുവിന്റെ അന്നത്തെ വാക്കുകൾക്ക് ഇന്നും സഭയെ സംബന്ധിച്ചു വലിയ പ്രാധാന്യമുണ്ട്. എന്തെന്നാൽ, അക്രമത്തിൽ ഏർപ്പെടുന്നതിൽനിന്നു പത്രൊസിനെ യേശു വിലക്കിയപ്പോൾ, അവൻ സഭയെയും എന്നെന്നേക്കുമായി നിരായുധമാക്കി.
നമ്മെത്തന്നെ പ്രതിരോധിക്കുന്നതിൽ നമുക്കു ന്യായമുണ്ടെന്നു തോന്നുന്ന സമയങ്ങളുണ്ടായേക്കാം, പ്രത്യേകിച്ചും അന്യായമായി നമുക്കെതിരെ തെറ്റു സംഭവിക്കുമ്പോൾ. എന്നാൽ മറ്റേ ചെകിടും തിരിച്ചു കാണിച്ചുകൊടുക്കുക എന്നതാണു ക്രിസ്തുവിനെ മഹത്വീകരിക്കുന്ന പ്രതികരണം (മത്തായി 5:39). തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയിൽ പോലും, ആത്യന്തിക നീതി നമ്മുടെ നീതിമാനായ ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കുക. എന്തെന്നാൽ, നിത്യതയുടെ വീക്ഷണത്തിൽ അവന്റെ പദ്ധതികൾ എല്ലായ്പ്പോഴും ഇന്നത്തെ നമ്മുടെ ഉടനടി ധാരണയേക്കാൾ കൂടുതലായിരിക്കുമെന്നു നമുക്കറിയാം.
നിങ്ങളോടു തെറ്റു കാണിച്ചാൽ എങ്ങനെ നിങ്ങൾ പ്രതികരിക്കും? മറ്റേ ചെകിടു തിരിച്ചുകാണിക്കുക എന്നതിന്റെ അർത്ഥമെന്താണ്?
പ്രിയ യേശുവേ, കൂടുതലായി അങ്ങയെപ്പോലെയാകാൻ എന്നെ സഹായിക്കേണമേ. എന്നെ വേദനിപ്പിക്കുന്നവരോടു സ്നേഹത്തോടെ പ്രതികരിക്കാൻ എന്നെ പഠിപ്പിക്കേണമേ.