എന്റെ സുഹൃത്തും അവളുടെ ഭർത്താവും ഒരു കുഞ്ഞിനു ജന്മം നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ, ചികിത്സാപരമായ ഒരു നടപടിക്രമം ഡോക്ടർമാർ അവൾക്കു നിർദ്ദേശിച്ചു. പക്ഷേ എന്റെ സുഹൃത്ത് അതിനു മടിച്ചു. “നമ്മുടെ പ്രശ്നം പരിഹരിക്കാൻ പ്രാർത്ഥന മതിയാവില്ലേ?” അവൾ പറഞ്ഞു. “ശരിക്കും ഞാൻ ആ ചികിത്സ ചെയ്യേണ്ടതുണ്ടോ?” ദൈവിക പ്രവൃത്തി കാണുന്നതിൽ മാനുഷിക പ്രവർത്തനത്തിന് എന്ത് പങ്കാണുള്ളതെന്ന് എന്റെ സുഹൃത്തു അന്വേഷിക്കുകയായിരുന്നു.
പുരുഷാരത്തെ യേശു പോഷിപ്പിക്കുന്ന കഥ ഇവിടെ നമ്മെ സഹായിക്കും (മര്ക്കൊസ് 6:35-44). ഈ കഥ അവസാനിക്കുന്നത് എങ്ങനെയെന്നു നമുക്കറിയാം — ആയിരക്കണക്കിനു വരുന്ന ജനത്തിന് കുറച്ച് അപ്പവും കുറച്ചു മീനും ഉപയോഗിച്ച് അത്ഭുതകരമായി ഭക്ഷണം നൽകുന്നു (വാ. 42). എന്നാൽ ആരാണു ജനക്കൂട്ടത്തെ പോഷിപ്പിക്കേണ്ടതെന്നു ശ്രദ്ധിക്കുക? ശിഷ്യന്മാർ (വാ. 37). ആരാണ് അതിനുള്ള ഭക്ഷണം നൽകുന്നത്? അതും അവർ തന്നെ (വാ. 38). ആരാണു ഭക്ഷണം വിതരണം ചെയ്യുകയും പിന്നീട് അവിടം വൃത്തിയാക്കുകയും ചെയ്യേണ്ടത്? ശിഷ്യന്മാർ (വാ. 39-43). “നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ . . .” (വാ. 37) എന്ന് യേശു പറഞ്ഞു. യേശു അത്ഭുതം ചെയ്തുവെങ്കിലും ശിഷ്യന്മാർ പ്രവർത്തിച്ചതു പ്രകാരമാണ് അതു സംഭവിച്ചത്.
നല്ല വിളവെടുപ്പ് ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ് (സങ്കീർത്തനം 65:9-10). എന്നിരുന്നാലും, ഒരു കർഷകൻ നിലത്തു വേല ചെയ്യേണ്ടതുണ്ട്. യേശു പത്രൊസിനോട് “മീൻകൂട്ടം ലഭിക്കുമെന്ന്” വാഗ്ദാനം ചെയ്തെങ്കിലും ആ മുക്കുവന്മാർ വല വീശേണ്ടിയിരുന്നു (ലൂക്കൊസ് 5:4-6). ദൈവത്തിന് ഭൂമിയെ പരിപാലിക്കാനും നമ്മെ കൂടാതെ അത്ഭുതങ്ങൾ ചെയ്യാനും കഴിയും. എന്നാൽ, സാധാരണയായി ഒരു ദൈവിക-മാനുഷിക പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നത് അവൻ തിരഞ്ഞെടുക്കുന്നു. എന്റെ സുഹൃത്ത് ചികിത്സയിലൂടെ കടന്നുപോയി, പിന്നീട് വിജയകരമായി ഗർഭം ധരിക്കുവാൻ ഇടയായി. ഇത് ഒരു അത്ഭുതത്തിനുള്ള സൂത്രവാക്യമല്ലെങ്കിലും, എന്റെ സുഹൃത്തിനും എനിക്കും ഇതൊരു പാഠമായിരുന്നു. ദൈവം പലപ്പോഴും തന്റെ അത്ഭുത പ്രവൃത്തി ചെയ്യുന്നത് അവൻ നമ്മുടെ കരങ്ങളിൽ ഏല്പിച്ചിരിക്കുന്ന മാർഗ്ഗങ്ങളിലൂടെയാണ്.
പ്രവർത്തിക്കാതെ പ്രാർത്ഥിക്കാൻ നിങ്ങൾ എപ്പോഴാണ് പ്രലോഭിപ്പിക്കപ്പെടാറുള്ളത്? എന്ത് പ്രവർത്തിക്കാനാണ് ദൈവം ഇപ്പോൾ നിങ്ങളെ വിളിക്കുന്നത്?
പ്രിയപ്പെട്ട ദൈവമേ, അങ്ങയുടെ അത്ഭുതകരമായ പ്രവൃത്തിയിൽ എന്നെ ഉൾപ്പെടുത്തുന്നതിനു നന്ദി. ദയവായി എന്റെ കരങ്ങളിലുള്ളത്
എടുത്ത് അതിലൂടെ അത്ഭുതങ്ങൾ ചെയ്യേണമേ.