പച്ചമത്സ്യവും മഴവെള്ളവും. തിമോത്തി എന്നു പേരുള്ള ഒരു ഓസ്ട്രേലിയൻ നാവികൻ മൂന്നു മാസത്തേക്ക് ഇവ മാത്രം കൊണ്ട് ജീവിച്ചു. കരയിൽ നിന്ന് 1,200 മൈൽ അകലെ പസഫിക് സമുദ്രത്തിലൂടെ കുതിച്ചുകൊണ്ടിരിക്കുന്ന, കൊടുങ്കാറ്റിൽ തകർന്ന പായ്ക്കപ്പലിൽ ഒറ്റപ്പെട്ടുപോയ അദ്ദേഹത്തിനു പ്രതീക്ഷ നഷ്ടപ്പെട്ടു. എന്നാൽ ഒരു മെക്സിക്കൻ മത്സ്യബന്ധന ബോട്ടിലെ ജീവനക്കാർ അദ്ദേഹത്തിന്റെ തകർന്ന ബോട്ട് കണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്തി. പിന്നീട്, മെലിഞ്ഞ്, കാലാവസ്ഥയാൽ പീഢിതനായ ആ മനുഷ്യൻ ഇപ്രകാരം പ്രഖ്യാപിച്ചു, “എന്റെ ജീവൻ രക്ഷിച്ച ക്യാപ്റ്റനോടും മത്സ്യബന്ധന കമ്പനിയോടും, ഞാൻ വളരെയധികം കൃതജ്ഞതയുള്ളവനാണ്!”

തന്റെ കഠിനപരീക്ഷയെ തുടർന്ന് തിമോത്തി നന്ദി പറഞ്ഞു. എന്നാൽ ദാനീയേൽ പ്രവാചകൻ ഒരു പ്രതിസന്ധിക്ക് മുമ്പും സമയത്തും അതിനു ശേഷവും നന്ദിയുള്ള ഹൃദയം വെളിപ്പെടുത്തി. മറ്റ് യെഹൂദന്മാരോടൊപ്പം യെഹൂദയിൽ നിന്ന് ബാബേലിലേക്ക് പ്രവാസത്തിൽ പോകേണ്ടിവന്ന ദാനീയേൽ (ദാനീയേൽ 1:1-6), അധികാരത്തിൽ ഉയർന്നു വന്നുവെങ്കിലും അവനെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റു നേതാക്കളുടെ ഭീഷണിക്കു വിധേയനാകേണ്ടി വന്നു (6:1-7). “യാതൊരു ദേവനോടും” പ്രാർത്ഥിക്കുന്ന ഏതൊരാളേയും “സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും” (വാ. 7) എന്ന കൽപ്പനയിൽ മുദ്രവയ്ക്കാൻ അവന്റെ ശത്രുക്കൾ ബാബേൽ രാജാവിനെ പ്രേരിപ്പിച്ചു. ഏക സത്യദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനായ ദാനീയേൽ എന്തു ചെയ്യും? അവൻ “മുമ്പെ ചെയ്തുവന്നതുപോലെ . . . മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു” (വാ. 10). അവൻ നന്ദി പറഞ്ഞു. ദൈവം അവന്റെ ജീവൻ രക്ഷിച്ചു അവനു ആദരവു വരുത്തിക്കൊണ്ടു അവന്റെ നന്ദിയുള്ള ഹൃദയത്തിന് ദൈവം പ്രതിഫലം കൊടുത്തു (വാ. 26-28). അപ്പൊസ്തലനായ പൗലൊസ് എഴുതിയതുപോലെ, “എല്ലാറ്റിന്നും സ്തോത്രം ചെയ്യാൻ” (1 തെസ്സലൊനീക്യർ 5:18) ദൈവം നമ്മെ സഹായിക്കട്ടെ. ഒരു പ്രതിസന്ധിയെ നാം അഭിമുഖീകരിക്കുകയാണെങ്കിലോ ഒന്നിലൂടെ കടന്നുപോയി കഴിഞ്ഞെങ്കിലോ, കൃതജ്ഞതയോടുകൂടിയ ഒരു പ്രതികരണം അവന് ആദരവു വരുത്തുകയും നമ്മുടെ വിശ്വാസം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.