“തികഞ്ഞ പ്രോത്സാഹനം.” നോവൽത്രയമായ ദ ലോർഡ് ഓഫ് ദ റിംഗ്സ് എന്ന ഇതിഹാസം രചിക്കുമ്പോൾ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സി. എസ്. ലൂയിസ് നൽകിയ വ്യക്തിപരമായ പിന്തുണയെ വിവരിക്കാൻ ജെ.ആർ.ആർ. ടോൾകീൻ ഉപയോഗിച്ച വാചകമായിരുന്നു അത്. ഈ പരമ്പരയിന്മേലുള്ള ടോൾകീന്റെ അദ്ധ്വാനം കഠിനവും ശ്രമകരവുമായിരുന്നു. മാത്രമല്ല, അതിന്റെ നീണ്ട കൈയെഴുത്തുപ്രതികൾ രണ്ടുതവണയിലധികം അദ്ദേഹം സ്വയമേ ടൈപ്പ് ചെയ്തു. അദ്ദേഹം അതു ലൂയിസിനു അയച്ചുകൊടുത്തപ്പോൾ, ലൂയിസ് ഇപ്രകാരം പ്രതികരിച്ചു, “താങ്കൾ ഇതിൽ ചെലവഴിച്ച വർഷങ്ങൾ അത്രയും ന്യായീകരിക്കത്തക്കതാണ്.”

അപ്പൊസ്തലന്മാർ നൽകിയ പേരായ ബര്‍ന്നബാസ് (പ്രബോധനപുത്രൻ എന്ന് അർത്ഥം) (പ്രവൃത്തികൾ 4:36) എന്നറിയപ്പെടുന്ന കുപ്രൊസ്ദ്വീപുകാരനായ യോസേഫായിരിക്കും ഒരുപക്ഷേ തിരുവെഴുത്തിൽ ഏറ്റവും അറിയപ്പെടുന്ന പ്രോത്സാഹകൻ. പൗലൊസിനു വേണ്ടി അപ്പൊസ്തലന്മാരോടു വാദിച്ചതും ഈ ബര്‍ന്നബാസായിരുന്നു (9:27). പിന്നീട്, യെഹൂദരല്ലാത്ത വിശ്വാസികൾ യേശുവിൽ വിശ്വാസമർപ്പിക്കാൻ ആരംഭിച്ചപ്പോൾ, ബര്‍ന്നബാസ് “ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു” (11:23) എന്നു ലൂക്കൊസ് നമ്മോട് പറയുന്നു. “നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും” എന്നാണു ലൂക്കൊസ് അവനെ വിശേഷിപ്പിക്കുന്നത്. അവൻ കാരണം “വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു” (വാ. 24) എന്നും ലൂക്കൊസ് കൂട്ടിച്ചേർക്കുന്നു.

പ്രോത്സാഹജനകമായ വാക്കുകളുടെ മൂല്യം അളക്കാവുന്നതല്ല. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും വാക്കുകൾ നാം മറ്റുള്ളവർക്കു പകർന്നു നൽകുമ്പോൾ, “മറ്റൊരാളുടെ ജീവിതത്തെ എന്നെന്നേക്കുമായി രൂപാന്തരപ്പെടുത്തുന്നതിനു നാം പങ്കിടുന്ന കാര്യങ്ങളിലൂടെ നിത്യാശ്വാസം” (2 തെസ്സലൊനീക്യർ 2:16) നൽകുന്ന ദൈവം പ്രവർത്തിച്ചേക്കാം. ആർക്കെങ്കിലും ഇന്ന് “തികഞ്ഞ പ്രോത്സാഹനം” നൽകാൻ അവൻ നമ്മെ സഹായിക്കുമാറാകട്ടെ!