ഞങ്ങളുടെ കുട്ടിക്കാലത്തുണ്ടായിരുന്ന ഒരു കഥാപുസ്തകം എന്റെ സഹോദരി കണ്ടെത്തിയപ്പോൾ, ഇപ്പോൾ എഴുപതുകളിലെത്തിയ എന്റെ മാതാവു വളരെ സന്തോഷവതിയായി. തേൻ മോഷ്ടിച്ചതിനെ തുടർന്നു രോഷാകുലരായ തേനീച്ചക്കൂട്ടം ഓടിച്ച ഒരു കരടിയെക്കുറിച്ചുള്ള രസകരമായ വിശദാംശങ്ങളെല്ലാം അവർ ഓർത്തെടുത്തു. കരടിയുടെ രക്ഷപ്പെടൽ പ്രതീക്ഷിച്ചു ഞാനും എന്റെ സഹോദരിയും എന്തുമാത്രം ചിരിച്ചുവെന്നും അവർ ഓർത്തു. “ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ എപ്പോഴും കഥകൾ പറഞ്ഞുതന്നതിനു നന്ദി,” ഞാൻ അമ്മയോടു പറഞ്ഞു. കുട്ടിക്കാലത്തു ഞാൻ എങ്ങനെയായിരുന്നുവെന്നത് ഉൾപ്പെടെ എന്റെ മുഴുവൻ കഥയും അമ്മയ്ക്കറിയാം. ഇപ്പോൾ ഞാൻ ഒരു മുതിർന്ന വ്യക്തിയാണ്. ഇപ്പോഴും അമ്മ എന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

ദൈവവും നമ്മെ അറിയുന്നു—നാം ഉൾപ്പെടെ, ഏതൊരു മനുഷ്യനും കഴിയുന്നതിനേക്കാൾ ആഴത്തിൽ. അവൻ നമ്മെ “ശോധന ചെയ്തു” (സങ്കീർത്തനം 139:1) എന്നു ദാവീദ് പറയുന്നു. അവന്റെ സ്നേഹത്തിൽ, അവൻ നമ്മെ പരിശോധിച്ചു നമ്മെ പൂർണ്ണമായി മനസ്സിലാക്കുന്നു. ദൈവം നമ്മുടെ നിരൂപണങ്ങളെ ഗ്രഹിക്കുന്നു, നാം പറയുന്നതിന്റെ പിന്നിലെ കാരണങ്ങളും അർത്ഥങ്ങളും മനസ്സിലാക്കുന്നു (വാ. 2, 4). നമ്മെ നാമാക്കുന്ന എല്ലാ വിശദാംശങ്ങളും അവൻ അടുത്തറിയുന്നു. നമ്മെ സഹായിക്കാൻ അവൻ ആ അറിവ് ഉപയോഗിക്കുകയും ചെയ്യുന്നു (വാ. 2-5). നമ്മെ ഏറ്റവുമധികം അറിയുന്നവൻ വെറുപ്പോടെ നമ്മളിൽ നിന്നു അകന്നുപോകാതെ അവന്റെ സ്നേഹവും ജ്ഞാനവും പകർന്നുകൊണ്ടു നമ്മിലേക്കു കരങ്ങൾ നീട്ടുന്നു.

ഏകാന്തതയോ, കണ്ണിൽപ്പെടാത്ത അവസ്ഥയോ, മറ്റുള്ളവർ മറന്നതോ ആയി നമുക്ക് തോന്നലുണ്ടാകുമ്പോൾ, ദൈവം എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ടെന്നും നമ്മെ കാണുന്നുവെന്നും നമ്മെ അറിയുന്നുവെന്നുമുള്ള സത്യത്തിൽ നമുക്കു സുരക്ഷിതരായിരിക്കാൻ കഴിയും (വാ. 7-10). മറ്റുള്ളവർക്കറിയാത്ത നമ്മുടെ എല്ലാ വശങ്ങളും — അതിൽ കൂടുതലും — അവനറിയാം. ദാവീദിനെപ്പോലെ, നമുക്കും ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, “നീ എന്നെ . . . അറിഞ്ഞിരിക്കുന്നു . . . നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും” (വാ. 1, 10).