1986-ൽ ഉക്രെയ്നിലെ ചെർണോബില്ലിൽ സംഭവിച്ച ആണവ ദുരന്തം ലോകശ്രദ്ധ പിടിച്ചുപറ്റി. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായതോടെ, വികിരണം നിയന്ത്രിക്കുക എന്ന നിർണായകമായ ദൗത്യത്തിലേക്ക് ഉദ്യോഗസ്ഥർ തിടുക്കപ്പെട്ടു. ഉയർന്ന റേഡിയോ ആക്ടീവ് അവശിഷ്ടങ്ങളിൽ നിന്നുള്ള മാരകമായ ഗാമാ കിരണങ്ങൾ മാലിന്യം വൃത്തിയാക്കാൻ വിന്യസിച്ചിരുന്ന റോബോട്ടുകളെ നശിപ്പിച്ചുകൊണ്ടിരുന്നു.
അതുകൊണ്ട് അവർക്ക് “ബയോ റോബോട്ടുകൾ” — മനുഷ്യരെ — ഉപയോഗിക്കേണ്ടി വന്നു! തൊണ്ണൂറ് സെക്കൻഡോ അതിൽ താഴെയോ ഉള്ള “ഊഴങ്ങളിൽ” അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുന്ന “ചെർണോബിൽ ലിക്വിഡേറ്റേഴ്സ്” ആയി ആയിരക്കണക്കിനു വീരയോദ്ധാക്കളായ വ്യക്തികൾ മാറി. സാങ്കേതിക വിദ്യയ്ക്കു ചെയ്യാൻ കഴിയാഞ്ഞത്, വ്യക്തിപരമായ വലിയ അപകടം അവഗണിച്ചുകൊണ്ടു മനുഷ്യർ ചെയ്തു.
വളരെക്കാലം മുമ്പ്, ദൈവത്തിനെതിരായ നമ്മുടെ കലഹം മറ്റെല്ലാ മഹാദുരന്തങ്ങളിലേക്കും നയിച്ച ഒരു മഹാദുരന്തത്തിനു കാരണമായി (ഉല്പത്തി 3 കാണുക). ആദാമും ഹവ്വായും മുഖേന, നമ്മുടെ സ്രഷ്ടാവുമായി വേർപിരിയുന്നതു നാം തിരഞ്ഞെടുത്തു. ഈ പ്രക്രിയയിൽ നാം നമ്മുടെ ലോകത്തെ വിഷലിപ്തമാക്കി. നമുക്ക് ഒരിക്കലും അതു സ്വയം നന്നാക്കിയെടുക്കാൻ കഴിയില്ല.
ക്രിസ്തുമസിന്റെ മുഴുവൻ ആശയവും അതാണ്. അപ്പൊസ്തലനായ യോഹന്നാൻ യേശുവിനെക്കുറിച്ച് ഇപ്രകാരം എഴുതി: “ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു . . .” (1 യോഹന്നാൻ 1:2). തുടർന്നു യോഹന്നാൻ പ്രഖ്യാപിച്ചു, “[ദൈവത്തിന്റെ] പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (വാ. 7).
തന്റെ സൃഷ്ടികൾക്കു കഴിയാത്തതു യേശു നൽകി. നാം അവനിൽ വിശ്വസിക്കുമ്പോൾ, അവൻ നമ്മെ തന്റെ പിതാവുമായുള്ള ശരിയായ ബന്ധത്തിലേക്കു പുനഃസ്ഥാപിക്കുന്നു. അവൻ മരണത്തെ തന്നെ ഇല്ലാതാക്കി. ജീവൻ പ്രത്യക്ഷമായി.
താറുമാറായ നിങ്ങളുടെ സ്വന്തം അവസ്ഥ എങ്ങനെ വൃത്തിയാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്? ഇന്നു നിങ്ങളുടെ പോരാട്ടങ്ങൾ യേശുവിനെ എപ്രകാരം ഭരമേല്പിക്കും?
സ്നേഹമുള്ള ദൈവമേ, ഞങ്ങളുടെ അശുദ്ധി നീക്കി ശുദ്ധീകരിക്കാനായി അങ്ങയുടെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചതിന് നന്ദി.