യേശുവിലുള്ള ഒരു യുവ വിശ്വാസി എന്ന നിലയിൽ, ഞാൻ എന്റെ പുതിയ വേദപുസ്തകമെടുത്തു പരിചിതമായ ഒരു തിരുവെഴുത്ത് വായിച്ചു: “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും . . .” (മത്തായി 7:7). നാം യഥാർത്ഥത്തിൽ ദൈവത്തോടു യാചിക്കേണ്ടത് അവന്റെ ഹിതത്തോടു നമ്മുടെ ഇഷ്ടം പൊരുത്തപ്പെടുന്നുണ്ടോ എന്നറിഞ്ഞിട്ടായിരിക്കണമെന്നു വ്യാഖ്യാനം വിശദീകരിക്കുന്നു. അവന്റെ ഹിതം നടക്കാനായി ആഗ്രഹിക്കുന്നതിലൂടെ, നാം യാചിക്കുന്നതു ലഭിക്കുമെന്നുള്ള ഉറപ്പു നമുക്കു നേടിയെടുക്കാൻ സാധിക്കും. അത് എന്നെ സംബന്ധിച്ച് ഒരു പുതിയ ആശയമായിരുന്നു. എന്റെ ജീവിതത്തിൽ ദൈവഹിതം നടക്കാൻ ഞാൻ പ്രാർത്ഥിച്ചു.

അതേ ദിവസം തന്നെ, ഞാൻ ഇതിനകം എന്റെ മനസ്സിൽ നിരസിച്ച ഒരു ജോലിക്കുള്ള അവസരത്തെക്കുറിച്ച് ഞാൻ അതിശയകരമാംവിധം ആവേശഭരിതനായി. എന്റെ പ്രാർത്ഥനയെക്കുറിച്ചു ഞാൻ ഓർമ്മിച്ചു. ഒരുപക്ഷേ, ഞാൻ ആഗ്രഹിക്കാഞ്ഞത് യഥാർത്ഥത്തിൽ എന്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ദൈവഹിതത്തിന്റെ ഭാഗമായിരുന്നു. ഞാൻ പ്രാർത്ഥന തുടർന്നു. ഒടുവിൽ ആ ജോലി ഞാൻ സ്വീകരിച്ചു. കൂടുതൽ ഗഹനവും ശാശ്വത പ്രാധാന്യമുള്ളതുമായ ഒരു നിമിഷത്തിൽ, യേശു നമുക്കായി ഇതു മാതൃകയാക്കി. തന്റെ ക്രൂശീകരണത്തിലേക്കു നയിച്ച ഒറ്റിക്കൊടുക്കലിനും അറസ്റ്റിനും മുമ്പ്, അവൻ ഇപ്രകാരം പ്രാർത്ഥിച്ചു: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ . . .” (ലൂക്കൊസ് 22:42). ശാരീരികവും വൈകാരികവുമായ വേദനയെ അഭിമുഖീകരിച്ച ആ വേളയിൽ ക്രിസ്തുവിന്റെ പ്രാർത്ഥനയിൽ മനഃപീഡയും കഠിനദുഃഖവും നിറഞ്ഞിരുന്നു (വാ. 44). എന്നിട്ടും ദൈവഹിതം നിറവേറാൻ “ആത്മാർത്ഥമായി” പ്രാർത്ഥിക്കാൻ അവനു കഴിഞ്ഞു. എന്റെ ജീവിതത്തെ സംബന്ധിച്ചുള്ള ദൈവഹിതം എന്റെ ആത്യന്തിക പ്രാർത്ഥനയായി മാറി. എനിക്ക് ആഗ്രഹമുണ്ടെന്നോ ആവശ്യമുണ്ടോ എന്നുപോലും എനിക്ക് അറിയാത്ത കാര്യങ്ങൾ ഞാൻ ആഗ്രഹിച്ചേക്കാം എന്നാണ് ഇതിനർത്ഥം. ഞാൻ ആദ്യം ആഗ്രഹിക്കാതിരുന്ന ജോലി ക്രൈസ്തവ പ്രസിദ്ധീകരണ രംഗത്തെ എന്റെ യാത്രയുടെ തുടക്കമായി മാറി. തിരിഞ്ഞു നോക്കുമ്പോൾ, ദൈവഹിതം നിറവേറ്റപ്പെട്ടുവെന്നു ഞാൻ വിശ്വസിക്കുന്നു.