ഒരു സ്വകാര്യ വാഹന ഡ്രൈവർ എന്ന നിലയിൽ തന്റെ ജോലി നൽകുന്ന സ്വാതന്ത്ര്യവും വഴക്കവും സ്റ്റാൻലിക്ക് ഇഷ്ടമായിരുന്നു. അതിന്റെ പല ഗുണങ്ങളിലൊന്നായിരുന്നു, തനിക്കു എപ്പോൾ വേണമെങ്കിലും ജോലി ആരംഭിക്കാനും നിർത്താനും കഴിയും എന്നത്. കൂടാതെ, തന്റെ സമയത്തിനും പോക്കുവരവുകൾക്കും ആരോടും കണക്കു പറയേണ്ടതുമില്ലായിരുന്നു. എന്നിട്ടും, വിരോധാഭാസമായി, അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമെന്ന് അദ്ദേഹം പറയുന്നു. “ഈ ജോലിയിൽ, വിവാഹേതര ബന്ധം ആരംഭിക്കുക വളരെ എളുപ്പമാണ്,” അദ്ദേഹം തുറന്നു സമ്മതിച്ചു. “എല്ലാത്തരം യാത്രക്കാരെയും ഞാൻ എടുക്കാറുണ്ട്, എന്നിട്ടും ഓരോ ദിവസവും ഞാൻ എവിടെയാണെന്ന് എന്റെ ഭാര്യ ഉൾപ്പെടെ ആർക്കും അറിയില്ല.” ചെറുത്തുനിൽക്കാൻ എളുപ്പമുള്ള ഒരു പ്രലോഭനമല്ല അത്. തന്റെ സഹപ്രവർത്തകരിൽ പലരും അതിൽ അകപ്പെട്ടുപ്പോയി, അദ്ദേഹം വിശദീകരിച്ചു. “ദൈവം എന്തു വിചാരിക്കും, എന്റെ ഭാര്യയ്ക്ക് എന്തു തോന്നും എന്നതിനെക്കുറിച്ചുള്ള ആലോചനയാണ് എന്നെ അതിൽനിന്നു തടയുന്നത്,” അദ്ദേഹം പറഞ്ഞു.
നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ച നമ്മുടെ ദൈവത്തിനു നമ്മുടെ ബലഹീനതകളും ആഗ്രഹങ്ങളും നാം എത്ര എളുപ്പത്തിൽ പരീക്ഷിക്കപ്പെടുന്നുവെന്നും അറിയാം. എന്നാൽ 1 കൊരിന്ത്യർ 10:11-13 നമ്മെ ഓർമ്മപ്പെടുത്തുന്നതുപോലെ, നമുക്ക് അവനോടു സഹായം അപേക്ഷിക്കാം. “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ,” പൗലൊസ് പറയുന്നു. “നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” (വാ. 13). അനന്തരഫലങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ഭയം, കുറ്റബോധമുള്ള മനസ്സാക്ഷി, തിരുവെഴുത്തിനെക്കുറിച്ചുള്ള ഓർമ്മ, സമയോചിതമായ ശ്രദ്ധ തിരിയൽ അങ്ങനെ മറ്റെന്തെങ്കിലും ആകാം ആ “പോക്കുവഴി.” നാം ബലത്തിനായി ദൈവത്തോട് അപേക്ഷിക്കുമ്പോൾ, നമ്മെ പരീക്ഷിക്കുന്ന കാര്യങ്ങളിൽ നിന്ന് പരിശുദ്ധാത്മാവു നമ്മുടെ കണ്ണുകളെ തിരിച്ചുകളഞ്ഞ്, നമുക്കു നൽകിയിരിക്കുന്ന പോക്കുവഴിയിലേക്കു നോക്കാൻ നമ്മെ സഹായിക്കുന്നു.
എന്തു പരീക്ഷകളാണ് ഇന്നു നിങ്ങൾ നേരിടുന്നത്? ശരിയായതും വിശുദ്ധവുമായ തന്റെ പാതയിൽ തുടരാൻ ദൈവം നിങ്ങൾക്ക് എന്തു മാർഗ്ഗമാണു നൽകുന്നത്?
പിതാവേ, എന്റെ ബലഹീനതകൾ അങ്ങ് അറിയുന്നു. പരീക്ഷകളെ ചെറുത്തുകൊണ്ടു അങ്ങയുടെ വിശുദ്ധവും ജീവദായകവുമായ വഴികളിൽ അങ്ങയോടുകൂടെ നടക്കാനുള്ള ശക്തി ദയവായി എനിക്കു നൽകേണമേ.