പെറുവിലേക്കുള്ള ഒരു ഹ്രസ്വകാല മിഷൻ യാത്രയ്ക്കിടെ ഞാൻ ഒരു ഔട്ട്റീച്ചിൽ ആയിരിക്കുമ്പോൾ, ഒരു യുവാവ് എന്നോടു കുറച്ചു പണം ചോദിച്ചു. സുരക്ഷാ കാരണങ്ങളാൽ പണം നൽകരുതെന്ന് എന്റെ സംഘത്തിനു നിർദ്ദേശം ലഭിച്ചിരുന്നു. ആ സാഹചര്യത്തിൽ എനിക്ക് അവനെ എപ്രകാരം സഹായിക്കാനാകും? അപ്പോൾ പ്രവൃത്തികൾ 3-ലെ മുടന്തനോട് അപ്പൊസ്തലന്മാരായ പത്രൊസിന്റെയും യോഹന്നാന്റെയും പ്രതികരണം ഞാൻ അനുസ്മരിച്ചു. എനിക്ക് പണം നൽകാൻ കഴിയില്ലെന്നും, പക്ഷേ ദൈവസ്നേഹത്തിന്റെ സുവാർത്ത പങ്കിടാൻ കഴിയുമെന്നും ഞാൻ അവനോടു വിശദീകരിച്ചു. താൻ അനാഥനാണെന്ന് അവൻ പറഞ്ഞപ്പോൾ, അവന്റെ പിതാവാകാൻ ദൈവം ആഗ്രഹിക്കുന്നുവെന്നു ഞാൻ അവനോടു പറഞ്ഞു. അത് അവന്റെ കണ്ണുകളെ ഈറനണിയിച്ചു. തുടർനടപടികൾക്കായി ഞാൻ അവനെ ഞങ്ങളുടെ ആതിഥേയ സഭയിലെ ഒരു അംഗവുമായി ബന്ധപ്പെടുത്തി.
ചിലപ്പോഴൊക്കെ നമ്മുടെ വാക്കുകൾ അപര്യാപ്തമാണെന്നു തോന്നിയേക്കാം. എന്നാൽ, യേശുവിനെ മറ്റുള്ളവരുമായി നാം പങ്കുവെക്കുമ്പോൾ പരിശുദ്ധാത്മാവു നമ്മെ ശക്തിപ്പെടുത്തും.
പത്രൊസും യോഹന്നാനും ദേവാലയാങ്കണത്തിൽ ആ മനുഷ്യനെ കണ്ടുമുട്ടിയപ്പോൾ, ക്രിസ്തുവിനെ പങ്കുവയ്ക്കുന്നതു എന്നേക്കും മികച്ച ദാനമാണെന്ന് അവർ മനസ്സിലാക്കി. “അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു” (വാ. 6). അന്ന് ആ മനുഷ്യനു രക്ഷയും സൗഖ്യവും ലഭിച്ചു. നഷ്ടപ്പെട്ടവരെ തന്നിലേക്ക് ആകർഷിക്കാൻ ദൈവം നമ്മെ ഉപയോഗിക്കുന്നതു തുടരുന്നു.
ഈ ക്രിസ്തുമസിനു നൽകാൻ അനുയോജ്യമായ ഉപഹാരങ്ങൾക്കായി തിരയുമ്പോൾ, യഥാർത്ഥ ഉപഹാരം യേശുവിനെ അറിയുന്നതും അവൻ വാഗ്ദാനം ചെയ്യുന്ന നിത്യരക്ഷയുടെ ദാനവുമാണെന്ന് ഓർക്കുക. വ്യക്തികളെ രക്ഷകനിലേക്കു നയിക്കാൻ ദൈവത്താൽ ഉപയോഗിക്കപ്പെടാൻ നമുക്കു തുടർന്നും പരിശ്രമിക്കാം.
ഈ ക്രിസ്തുമസ് ദിനങ്ങളിൽ ആർക്കുവേണ്ടി നിങ്ങൾക്കു പ്രാർത്ഥിക്കാൻ കഴിയും? ക്രിസ്തുവിനെക്കുറിച്ചു ആരോടു നിങ്ങൾക്കു പങ്കുവയ്ക്കാനാകും?
സ്വർഗ്ഗസ്ഥനായ പിതാവേ, യേശുവെന്ന ദാനത്തിനു നന്ദി.