കൃഷ്ണ രാജ വാഡിയാർ നാലാമൻ രാജാവ് പലപ്പോഴും ഇന്ത്യയിലെ ഏറ്റവും മാതൃകായോഗ്യരായ ഭരണാധികാരികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 1902 മുതൽ 1940 വരെ മൈസൂർ ഭരിച്ച അദ്ദേഹം, തന്റെ കർക്കശമാർന്ന ഭരണത്തിനും തന്റെ സേവകരോടുള്ള ദയപൂർവ്വമായ പെരുമാറ്റത്തിനും പ്രശസ്തനായിരുന്നു. തന്റെ സേവകർക്കായി അദ്ദേഹം ഒരു റോൾസ് റോയ്സ് ഓർഡർ ചെയ്തതായി പറയപ്പെടുന്നു. കഠിന്യമേറിയ സൂര്യതാപത്തിൽ നിന്ന് അവരെ സംരക്ഷിക്കും വിധമാണ് അതിന്റെ ജനാലകൾ രൂപകൽപ്പന ചെയ്തിരുന്നത്. അക്കാലത്തു ലോകത്തിലെ ഏറ്റവും മികച്ച രീതിയിൽ ഭരണം നടക്കുന്ന രാഷ്ട്രമായി മൈസൂർ പരക്കെ കണക്കാക്കപ്പെടത്തക്ക വിധം തന്റെ പ്രജകളോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ നിറഞ്ഞ പ്രവൃത്തികൾ വളരെ പ്രശസ്തമായിരുന്നു.

ജനങ്ങളോടു കാണിച്ച ദയയ്ക്കു ദൈവത്താൽ ഖ്യാതി നേടിയ മറ്റൊരു മനുഷ്യനായിരുന്നു കൊർന്നേല്യൊസ്. ഒരു ശതാധിപൻ എന്ന നിലയിൽ, അവന്റെ കീഴിൽ നൂറിലധികം സൈനികർ ഉണ്ടായിരുന്നു (പ്രവൃ. 10:1). ഒരുപക്ഷേ, അവൻ ധനികനും സ്വാധീനമുള്ളവനും ആയിരുന്നിരിക്കാം. അനുകമ്പ അവന്റെ ജോലിയുടെ ഭാഗമായിരുന്നില്ല; വാസ്തവത്തിൽ, അവനൊരു റോമൻ ശതാധിപനായിരുന്നതിനാൽ അനുകമ്പ കാണിക്കാനേ പാടില്ലായിരുന്നു. എന്നിട്ടും അവൻ മനസ്സലിവുള്ളവനായി ജീവിച്ചു. ദൈവഭയമുള്ള അവന്റെ സ്വഭാവവും ദരിദ്രരോടു കാണിച്ച അനുകമ്പയും അവർക്കു നൽകിയ ധർമ്മവും ദൈവമുമ്പാകെ സൗരഭ്യവാസനയുള്ള ദഹനയാഗം പോലെയായിരുന്നു (വാ. 4). യെഹൂദരല്ലാത്തവരെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി കാണിച്ചുകൊടുക്കാനുള്ള ആരംഭ സ്ഥാനമായി അവന്റെ ഭവനം മാറി. എത്രതന്നെ സൽപ്രവൃത്തികൾ നാം ചെയ്താലും അവയ്ക്കൊന്നും നമ്മെ ക്രിസ്തുവിനു യോഗ്യരാക്കാൻ കഴിയില്ലെങ്കിലും നമ്മുടെ സൽപ്രവൃത്തികൾ തീർച്ചയായും ദൈവത്തെ പ്രസാദിപ്പിക്കുന്നു. നാം അവനിൽ നിന്ന് അനുഭവിച്ചതോ മറ്റുള്ളവരിൽ നിന്നു പ്രതീക്ഷിക്കുന്നതോ ആയ അതേ ദയയും നന്മയും നാം മറ്റുള്ളവരോടും കാണിക്കുമ്പോൾ ദൈവം ആനന്ദിക്കുന്നു. നമ്മുടെ കൂട്ടുകാരനെ നമ്മെപ്പോലെ തന്നേ സ്നേഹിക്കാൻ (മർക്കൊസ് 12:31) കൽപ്പിച്ചപ്പോൾ യേശു ഉദ്ദേശിച്ചതും ഇതുതന്നെയല്ലേ? മറ്റുള്ളവരോടുള്ള നമ്മുടെ അനുകമ്പ, കൊർന്നേല്യൊസിന്റെ വഴിപാടുകൾ പോലെ ദൈവത്തിനുള്ള സൗരഭ്യവാസനയോടുകൂടിയ വഴിപാടായിരിക്കട്ടെ.