ബിസിനസ് അനലിസ്റ്റ് ഫ്രാൻസിസ് ഇവാൻസ് ഒരിക്കൽ 125 ഇൻഷുറൻസ് സെയിൽസ്മാൻമാരെ, എന്താണ് അവരുടെ വിജയരഹസ്യമെന്നു കണ്ടെത്താൻ പഠനവിധേയമാക്കി. അതിശയകരമെന്നു പറയട്ടെ, കഴിവ് പ്രധാന ഘടകമായിരുന്നില്ല. പകരം, ഉപഭോക്താക്കൾ തങ്ങളുടെ അതേ രാഷ്ട്രീയവും വിദ്യാഭ്യാസവും ഉയരവും ഉള്ള സെയിൽസ്മാന്മാരിൽ നിന്ന് വാങ്ങാൻ കൂടുതൽ സാധ്യതയുള്ളതായി ഇവാൻസ് കണ്ടെത്തി. പണ്ഡിതന്മാർ ഇതിനെ ഹോമോഫൈലി എന്ന് വിളിക്കുന്നു: തങ്ങളെപ്പോലുള്ളവരെ ഇഷ്ടപ്പെടുന്ന പ്രവണത. 
ഹോമോഫൈലി ജീവിതത്തിന്റെ മറ്റ് മേഖലകളിലും കാണാം, തങ്ങളെപ്പോലെയുള്ള ആളുകളെ വിവാഹം കഴിക്കാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും നാം ശ്രമിക്കുന്നു. സ്വാഭാവികമാണെങ്കിലും, ഹോമോഫൈലി പരിശോധിക്കാതെ വിടുന്നതു വിനാശകരമായിരിക്കും. നാം ‘നമ്മുടെ തരത്തിലുള്ള’ ആളുകളെ മാത്രം തിരഞ്ഞെടുക്കുമ്പോൾ, സമൂഹത്തിന്റെ വംശീയവും രാഷ്ട്രീയവും സാമ്പത്തികവുമായ മുന്നേറ്റത്തിൽ വിള്ളലുണ്ടാകും. 
ഒന്നാം നൂറ്റാണ്ടിൽ, യെഹൂദന്മാർ യഹെൂദന്മാരോടും ഗ്രീക്കുകാർ ഗ്രീക്കുകാരോടും പറ്റിനിന്നു, ധനികരും ദരിദ്രരും ഒരിക്കലും ഇടകലർന്നില്ല. എന്നിട്ടും, റോമർ 16:1-16-ൽ, പ്രിസ്‌കില്ലയും അക്വിലാവും (യെഹൂദൻ), എപൈനത്തോസ് (ഗ്രീക്ക്), ഫേബ (‘പലരുടെയും ഗുണകാംക്ഷി, അതിനാൽ ഒരുപക്ഷേ ധനിക), ഫിലോലോഗോസ് (അടിമകൾക്കു സാധാരണയായി കാണുന്ന പേര്) എന്നിവരടങ്ങുന്നതായിരുന്നു റോമിലെ സഭ. ഇത്രയും വ്യത്യസ്തരായ ആളുകളെ ഒരുമിച്ച് കൊണ്ടുവന്നത് എന്താണ്? യേശു – അവനിൽ “യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും” ഇല്ല (ഗലാത്യർ 3:28). 
നമ്മളെപ്പോലുള്ളവരുടെ കൂടെ ജീവിക്കാനും ജോലി ചെയ്യാനും പള്ളിയിൽ പോകാനും ആഗ്രഹിക്കുക സ്വാഭാവികമാണ്. എന്നാൽ അതിനപ്പുറത്തേക്ക് യേശു നമ്മെ തള്ളിവിടുന്നു. അവൻ നമ്മെ വ്യത്യസ്തമായ ഒരു ലോകത്തിൽ, ഒരു കുടുംബമായി അവനിൽ ഏകീകരിക്കപ്പെടുന്ന വ്യത്യസ്തമായ ഒരു ജനതയാക്കുന്നു.