രണ്ടാം ലോകമഹായുദ്ധ കാലത്ത് ശത്രുവിന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകൾ ആക്രമിക്കുന്ന വേളയിൽ, യുഎസ് നാവികസേനയുടെ മെഡിക്കൽ കോർപ്സ്മാൻ ലിൻ വെസ്റ്റൺ നാവികരോടൊപ്പം കരയിലേക്ക് ചെന്നു. അവർ അവിടെ ഭയാനകമായ നാശനഷ്ടങ്ങൾ കാണുവാനിടയായി. മുറിവേറ്റ പോടയാളികളെ മരുന്നുവച്ചുകെട്ടി അവിടെനിന്നു ഒഴിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. ഒരു അവസരത്തിൽ, വയറിൽ മാരകമായ മുറിവേറ്റ ഒരു ശത്രു സൈനികനെ അവരുടെ യൂണിറ്റ് കണ്ടെത്തി. പരിക്കിന്റെ സ്വഭാവം കാരണം, ആ മനുഷ്യനു വെള്ളം നൽകാൻ കഴിഞ്ഞില്ല. അയാളുടെ ജീവൻ നിലനിർത്താനായി പെറ്റി ഓഫീസർ വെസ്റ്റൺ ഇൻട്രാവനസ് പ്ലാസ്മ അയാൾക്കു നൽകി.
“നമ്മുടെ കൂട്ടർക്കായി ആ പ്ലാസ്മ മാറ്റിവയ്ക്കൂ!” നാവികരിൽ ഒരാൾ അലറി. പെറ്റി ഓഫീസർ വെസ്റ്റൺ അവന്റെ വാക്കുകൾ അവഗണിച്ചു. യേശു എന്തുചെയ്യുമെന്ന് അവനറിയാമായിരുന്നു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ” (മത്തായി 5:44).
വെല്ലുവിളി നിറഞ്ഞ ആ വാക്കുകൾ സംസാരിക്കുക മാത്രമല്ല യേശു ചെയ്തത്; അവൻ അത് ജീവിച്ചുകാണിച്ചു. വിരോധികളായ ഒരു ജനക്കൂട്ടം അവനെ പിടികൂടി മഹാപുരോഹിതന്റെ അടുക്കലേക്ക് കൊണ്ടുപോയപ്പോൾ, “യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി” (ലൂക്കൊസ് 22:63). ഈ ഉപദ്രവം അവന്റെ വ്യാജ വിചാരണകളിലൂടെയും വധശിക്ഷയിലൂടെയും തുടർന്നു. യേശു അത് സഹിക്കുക മാത്രമല്ല ചെയ്തത്. റോമൻ പടയാളികൾ അവനെ ക്രൂശിച്ചപ്പോൾ, അവരോടു ക്ഷമിക്കാനായി അവൻ പ്രാർത്ഥിക്കുകകൂടി ചെയ്തു (23:34).
നമ്മെ കൊല്ലാൻ ശ്രമിക്കുന്ന ഒരു അക്ഷരീക ശത്രുവിനെ നാം അഭിമുഖീകരിക്കണമെന്നില്ല. എന്നാൽ നിന്ദയും പരിഹാസവും സഹിക്കേണ്ടി വരുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. ദേഷ്യത്തിൽ പ്രതികരിക്കുക എന്നതാണ് നമ്മുടെ സ്വാഭാവിക പ്രതികരണം. യേശു ആ മാനദണ്ഡം ഉയർത്തി: “നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ” (മത്തായി 5:44) എന്നാക്കി.
യേശു ചെയ്തതുപോലെ നമ്മുടെ ശത്രുക്കളോടു പോലും ദയ കാണിച്ചുകൊണ്ടു, നമുക്കിന്ന് അത്തരം സ്നേഹത്തിൽ നടക്കാം.
നിങ്ങളെ നിന്ദിക്കുന്നവരോടും തെറ്റിദ്ധരിക്കുന്നവരോടും നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾ എങ്ങനെ പ്രതികരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്?
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങ് എന്നെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കാൻ എന്നെ സഹായിക്കേണമേ.
