ചില ദിവസങ്ങൾ അസുഖം ബാധിച്ച്, പനി കൂടിയപ്പോൾ എന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു, പക്ഷേ ഡിസ്ചാർജ് ചെയ്യാൻ പറ്റിയ ആരോഗ്യം ഇല്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനൊപ്പം താമസിക്കണമോ, എന്റെ ഒരു പ്രധാന ഔദ്യോഗിക യാത്ര പൂർത്തിയാക്കണമോ എന്നുള്ള ആശയക്കുഴപ്പത്തിലായി. കുഴപ്പം ഒന്നും ഉണ്ടാകുകയില്ലെന്ന് എന്റെ ഭർത്താവ് എനിക്ക് ഉറപ്പ് നൽകി. പക്ഷേ, എന്തുചെയ്യണമെന്ന് അറിയാതെ ഞാൻ വിഷമിച്ചു.

ജീവിതത്തിലെ തീരുമാനങ്ങളുടെ വഴിത്തിരിവിൽ ദൈവജനത്തിന് അവന്റെ സഹായം ആവശ്യമായിരുന്നു. മിക്കപ്പോഴും, ദൈവം വെളിപ്പെടുത്തിയ നിർദ്ദേശങ്ങൾ അവർ പാലിച്ചിരുന്നില്ല. അതുകൊണ്ട് അവന്റെ കൽപ്പനകൾ പാലിച്ചു കൊണ്ട് “ജീവനെ തിരഞ്ഞെടുത്തുകൊൾക” എന്ന് മോശെ ജനങ്ങളോട് അഭ്യർത്ഥിച്ചു (ആവർത്തനം 30:20). പിന്നീട്, യിരെമ്യാ പ്രവാചകൻ, പിന്മാറ്റക്കാരായ ആളുകളോട് ദൈവത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ വാക്കുകൾ നൽകി, അവന്റെ വഴികൾ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു: “നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ” (യിരെമ്യാ. 6:16). തിരുവെഴുത്തുകളുടെ പുരാതന വഴികളും, ദൈവത്തിന്റെ മുൻകാല കരുതലും നമ്മെ നയിക്കും.

റോഡിലെ ഒരു നാൽക്കവലയിൽ ഞാൻ നിൽക്കുന്നതായി സങ്കൽപ്പിച്ച്, യിരെമ്യാവ് പറഞ്ഞ ജ്ഞാനം പ്രയോഗിച്ചു. എന്റെ ഭർത്താവിന് എന്റെ സഹായം ആവശ്യമായിരുന്നു. എന്റെ ജോലിസ്ഥലത്തും എന്റെ സാന്നിധ്യം ആവശ്യമായിരുന്നു. ആ സമയം, എന്റെ സൂപ്പർവൈസർ എന്നെ വിളിച്ച് ഭർത്താവിന്റെ കൂടെയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഞാൻ നെടുവീർപ്പോടെ, പ്രതിസന്ധിയിൽ ദൈവം നൽകിയ കരുതലിന് നന്ദി പറഞ്ഞു. ദൈവത്തിന്റെ നിർദ്ദേശം എല്ലായ്പ്പോഴും അത്ര വ്യക്തമാകണമെന്നില്ല, പക്ഷേ അത് ലഭിക്കും. നാം വഴിത്തിരിവിൽ നിൽക്കുമ്പോൾ, ദൈവത്തെ അന്വേഷിക്കുമെന്ന് ഉറപ്പുവരുത്താം.

– എലീസ മോർഗൻ