ഞാനും ഭർത്താവും വിവാഹിതരായ ശേഷം, എന്റെ മാതൃസഹോദരൻ എന്റെ കുടുംബത്തിന്റെ ചരിത്രം ഞങ്ങളോടു പറഞ്ഞു. എന്റെ മുത്തച്ഛൻ ഒരു സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വരുമാനം തന്റെ ഏഴു മക്കളെ പോറ്റാൻ പര്യാപ്തമായിരുന്നില്ലെന്ന് അമ്മാവൻ വിശദീകരിച്ചു. എന്നിട്ടും, തന്റെ മുതിർന്ന കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹം പണം ചിലവഴിച്ചു. ആ മക്കൾ പലപ്പോഴും തങ്ങളുടെ അമ്മാവന്മാരുടെയോ അമ്മായിമാരുടെയോ ഒപ്പം താമസിച്ചു കോളേജ് പഠനം നടത്തി. ഈ മുതിർന്ന കുട്ടികൾ സമ്പാദിക്കാൻ തുടങ്ങിയപ്പോൾ, അവർ തങ്ങളുടെ ഇളയ സഹോദരങ്ങളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ തുടങ്ങി. “ഞങ്ങൾ പരസ്പരം സഹായിക്കുന്നു,” അദ്ദേഹം പ്രോത്സാഹജനകമായി പറഞ്ഞു. “നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളുടെ അടുക്കൽ വരാമെന്ന് ഓർക്കുക. മറ്റുള്ളവർക്ക് ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കാനും തയ്യാറാകുക.”
തന്റെ ലേഖനത്തിൽ, “കുഞ്ഞുങ്ങൾ” എന്നു താൻ വിളിച്ചവർക്ക്, സമാനമായ ഒരു ഉപദേശം യോഹന്നാൻ നൽകുന്നു. അവൻ എഴുതുന്നു, “കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക” (വാ. 18). ഒന്നും മുറുകെപ്പിടിക്കാതെ നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തപ്പോൾ യേശു കാണിച്ച സ്നേഹത്തെക്കുറിച്ച് അവൻ നമ്മെ ഓർമ്മപ്പെടുത്തുന്നു (വാ. 16). വാസ്തവത്തിൽ, “സ്നേഹം എന്ത്” (വാ. 16)എന്നതു യേശുവിന്റെ പ്രവൃത്തിയാണെന്നു യോഹന്നാൻ പറയുന്നു. അതു മനസ്സിൽ വെച്ചുകൊണ്ട്, “ലോകത്തിലെ വസ്തുവക” (വാ.17) പരസ്പരം പങ്കിടാൻ യോഹന്നാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. ഒരു വിശ്വാസി “തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു” തനിക്കുള്ളതു പങ്കുവയ്ക്കാഞ്ഞാൽ, “ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?” എന്നു യോഹന്നാൻ ചോദിക്കുന്നു.
ഒരുവൻ തനിക്കുള്ളതു പൂഴ്ത്തിവെക്കുന്നതു വിവേകമാണെന്നു ലോകം നമ്മോടു പറയുന്നു. എന്നാൽ മറ്റുള്ളവരെ ശുശ്രൂഷിക്കാനായി നൽകപ്പെട്ടിരിക്കുന്ന ദാനങ്ങളാണിവയെന്നു വേദപുസ്തകം പറയുന്നു (1 പത്രൊസ് 4:10). ഒരു ബന്ധുവോ സുഹൃത്തോ സഹശിഷ്യനോ അപരിചിതനോ ആകട്ടെ, ആവശ്യത്തിലിരിക്കുന്ന ഒരുവനെ കണ്ടാൽ, നമുക്ക് അവരെ പ്രവൃത്തികളിലൂടെയും സത്യത്തിലും സ്നേഹിക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മിലുള്ള ദൈവത്തിന്റെ സ്നേഹം നാം മറ്റുള്ളവരോടു പ്രകടിപ്പിക്കുന്നു.
ഏതു വിഭവങ്ങളാണു പങ്കുവയ്ക്കാനായി ദൈവം നിങ്ങൾക്കു നൽകിയിട്ടുള്ളത്? നിങ്ങൾ സഹായിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന, ആവശ്യത്തിലിരിക്കുന്നുവെന്നു നിങ്ങൾക്കറിയാവുന്ന, ആരെങ്കിലുമുണ്ടോ?
പിതാവേ, അങ്ങ് എനിക്കു നൽകിയ അനുഗൃഹീതമായ ദാനങ്ങൾ എന്നെ ഭരമേല്പിച്ചതിനു നന്ദി. ആവശ്യത്തിലിരിക്കുന്നരെ സഹായിക്കാനായി അവ ഉപയോഗപ്പെടുത്താൻ എന്നെ സഹായിക്കേണമേ.