അതിഥി പ്രഭാഷകൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെയും “നദിയിലേക്ക് ഇറങ്ങുന്നതിന്റെയും” ജ്ഞാനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. തന്റെ പ്രസംഗത്തിൽ ഒരു പ്രാദേശിക പാസ്റ്ററെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ദേശത്തെ നിയമം സുവിശേഷത്തിന് എതിരായിട്ടും ദൈവത്തിൽ വിശ്വസിക്കുകയും വേദപുസ്തകത്തിലെ സത്യങ്ങൾ അദ്ദേഹം ധൈര്യത്തോടെ വിളിച്ചുപറയുകയും ചെയ്തു. വിദ്വേഷ പ്രസംഗം ആരോപിക്കപ്പെട്ടു ശിക്ഷിക്കപ്പെട്ട അദ്ദേഹം മുപ്പത് ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ കേസ് പുനർവിചാരണ ചെയ്യപ്പെട്ടു. വേദപുസ്തകത്തിനു വ്യക്തിപരമായ വ്യാഖ്യാനം നൽകാനും അത് പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും അദ്ദേഹത്തിനു അവകാശമുണ്ടെന്ന് കോടതി വിധിച്ചു.
നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാരും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വന്നു — ഒന്നുകിൽ വെള്ളത്തിലേക്കു ഇറങ്ങുക അല്ലെങ്കിൽ കരയിൽ നിൽക്കുക. മിസ്രയീമിൽനിന്നു രക്ഷപ്പെട്ട ശേഷം, യിസ്രായേൽമക്കൾ മരുഭൂമിയിൽ നാല്പതു വർഷത്തോളം അലഞ്ഞു. ഇപ്പോൾ അവർ യോർദ്ദാൻ നദിയുടെ തീരത്തു നിൽക്കുന്നു. വെള്ളപ്പൊക്ക സാധ്യതയോടെ അപകടകരമായ നിലയിലായിരുന്നു യോർദ്ദാനിലെ ജലനിരപ്പ്. എന്നാൽ അവർ ആ ചുവടുവെയ്പ്പു നടത്തിപ്പോൾ വെള്ളം വറ്റാൻ ദൈവം ഇടയായി: “പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു” (യോശുവ 3:15).
വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുമ്പോഴോ അറിയാത്ത മേഖലയിലേക്ക് കടക്കുമ്പോഴോ, നമ്മുടെ ജീവൻ ദൈവത്തിൽ ഭരമേല്പിച്ചുകൊണ്ടു അവനിൽ ആശ്രയിക്കുമ്പോൾ, മുന്നോട്ടു നീങ്ങാനുള്ള ധൈര്യം അവൻ നൽകുന്നു. പാസ്റ്ററുടെ പ്രസംഗത്തിലൂടെ അദ്ദേഹത്തിന്റെ വിചാരണ വേളയിൽ കോടതി സുവിശേഷം കേട്ടു. യോശുവയുടെ നേതൃത്വത്തിൽ, യിസ്രായേൽമക്കൾ വാഗ്ദത്ത ദേശത്തേക്കു സുരക്ഷിതമായി കടന്നുചെന്നു, ഭാവി തലമുറകളോട് ദൈവത്തിന്റെ ശക്തിയെക്കുറിച്ചു പങ്കുവെച്ചു (വാക്യം 17; 4:24). നാം വിശ്വാസത്തോടെ ചുവടുവച്ചാൽ, ശേഷം കാര്യങ്ങൾ ദൈവം നോക്കിക്കൊള്ളും.
ആദ്യ ചുവടുവയ്ക്കാൻ നിങ്ങളെ അനുവദിക്കാത്താവിധം ഭയപ്പെടുത്തുന്ന ഒരു സാഹചര്യത്തെ നിങ്ങൾ എപ്പോഴെങ്കിലും അഭിമുഖീകരിച്ചിട്ടുണ്ടോ? അതിൽനിന്നു മുന്നോട്ടു പോകാൻ ദൈവം നിങ്ങളെ എങ്ങനെയാണു സഹായിച്ചത്?
പ്രിയപ്പെട്ട ദൈവമേ, എനിക്കു അങ്ങയുടെ ധൈര്യപ്പെടുത്തൽ ആവശ്യമാണ്. വിശ്വാസത്താൽ ചുവടുവയ്ക്കാൻ എന്നെ സഹായിക്കേണമേ.