നെതർലാൻഡിലെ റോർമോണ്ടിലെ പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ ശ്മശാനങ്ങൾക്കിടയിലെ, നീണ്ടുകിടക്കുന്ന പഴയ ഇഷ്ടിക മതിലിന്റെ ഓരത്തുകൂടി നിങ്ങൾ നടക്കുകയാണെങ്കിൽ, കൗതുകകരമായ ഒരു കാഴ്ച നിങ്ങൾ കാണും. മതിലിന്റെ അപ്പുറവും ഇപ്പുറവുമായി, മതിലിനോടു ചേർന്നു ഉയരത്തിൽ സമാനമായ രണ്ട് ശവകുടീര സ്മാരകശിലകൾ നിൽക്കുന്നു: ഒന്ന് ഒരു പ്രൊട്ടസ്റ്റന്റ് ഭർത്താവിന്റെതും മറ്റൊന്ന് അവന്റെ കത്തോലിക്കാ ഭാര്യയുടെതും. പത്തൊൻപതാം നൂറ്റാണ്ടിലെ സാംസ്കാരിക നിയമങ്ങൾ അനുസരിച്ച് അവരെ പ്രത്യേക ശ്മശാനങ്ങളിൽ അടക്കം ചെയ്യണമായിരുന്നു. എന്നിരുന്നാലും, അവർ തങ്ങളുടെ വിധി അംഗീകരിച്ചില്ല. അസാധാരണമായ ഉയരമുള്ള ആ സ്മാരകശിലകളെ മതിലിന്റെ ഉയരത്തിനു മറയ്ക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ മുകളിൽ ഒന്നോ രണ്ടോ അടി അകലം മാത്രമേ അവയെ തമ്മിൽ വേർതിരിക്കുന്നുള്ളൂ. ഇവ ഓരോന്നിനും മുകളിൽ, കൊത്തിയുണ്ടാക്കിയ ഭുജം മറ്റൊന്നിലേക്ക് നീളുന്നു. ഇരുവരും മറ്റെയാളുടെ കൈയിൽ മുറുകെ പിടിക്കുന്ന വിധമായിരുന്നു അവ. മരണത്തിൽ പോലും വേർപിരിയാൻ ആ ദമ്പതികൾ വിസമ്മതിച്ചു.

ഉത്തമഗീതം പ്രേമത്തിന്റെ ശക്തി വിശദീകരിക്കുന്നു. “പ്രേമം മരണംപോലെ ബലമുള്ളതും,” ശലോമോൻ പറയുന്നു, “പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു” (8:6). യഥാർത്ഥ പ്രേമം ശക്തവും തീവ്രവുമാണ്. “അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ” (വാ. 6). യഥാർത്ഥ പ്രേമം ഒരിക്കലും കീഴടങ്ങുന്നില്ല, നിശ്ശബ്ദമാകില്ല, നശിപ്പിക്കാൻ കഴിയില്ല. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ,” ശലോമോൻ എഴുതുന്നു. “നദികൾ അതിനെ മുക്കിക്കളകയില്ല” (വാ. 7).

“ദൈവം സ്നേഹം തന്നേ” (1 യോഹന്നാൻ 4:16). നമ്മുടെ ഏറ്റവും ശക്തമായ സ്നേഹം നമ്മോടുള്ള അവന്റെ നിസ്സീമമായ സ്നേഹത്തിന്റെ നിസാരമായ പ്രതിഫലനം മാത്രമാണ്. ഏതൊരവസ്ഥയേയും തരണം ചെയ്യുന്ന തരം ആത്മാർത്ഥമായ ഏതൊരു സ്നേഹത്തിന്റെയും ആത്യന്തികമായ ഉറവിടം അവനാണ്.