“മരിച്ചവൻ പുറത്തുവന്നു.” യോഹന്നാൻ 11:44

ഹെൻറി ഒസാവ ടാനർ 1896-ൽ തന്റെ മാസ്റ്റർപീസ്, “ദി റിസറക്ഷൻ ഓഫ് ലാസറസിലൂടെ” (The Resurrection of Lazarus) കലാരംഗത്തേക്ക് കടന്നു. ആ പെയിന്റിംഗ് പാരീസ് ചിത്രകലാ പ്രദർശനത്തിൽ ഒരു അവർഡ് നേടി. ഇത് ടാനറെ ഒരു പ്രതിഭാസമാക്കി മാറ്റി. യേശുവിൻറെയും ലാസറിൻറെയും ചുറ്റും കൂടിനിന്നവരുടെ മുഖത്ത് വരച്ചിട്ടിരിക്കുന്ന ഉജ്ജ്വലമായ ഭാവങ്ങളാണ് ആ ചിത്രത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന സവിശേഷത. “ലോകത്തെ മുഴുവൻ ബന്ധുക്കളാക്കുന്ന” മാനുഷിക സ്പർശനവും ചേർത്ത് ബൈബിൾ വിവരണത്തെ പ്രകാശിപ്പിക്കാനുള്ള തന്റെ ആഗ്രഹം ടാനർ വിശദീകരിച്ചു.

നമ്മുടെ വ്യത്യാസങ്ങൾ എന്തുതന്നെയായാലും, മനുഷ്യരെന്ന നിലയിൽ നാമെല്ലാവരും മരണത്തിന്റെ അനിവാര്യതയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് ടാനറിന് അറിയാമായിരുന്നു. കൂടാതെ, മരണത്തിന്മേൽ വിജയിച്ച യേശുവിൽ നാമെല്ലാവരും ഒരുമിച്ച് പ്രത്യാശ കണ്ടെത്തുന്നതായി ടാനർ വിശ്വസിച്ചു. യോഹന്നാൻ എഴുതി, “ലാസർ എന്ന ഒരുത്തൻ ദീനമായി കിടന്നു” (11:1).എന്നാൽ സത്യത്തിൽ നാമെല്ലാവരും രോഗികളാണ്. നാമെല്ലാവരും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, ശവക്കുഴിയിലേക്ക് വിധിക്കപ്പെട്ടവരാണ്. മറിയയും മാർത്തയും ക്രിസ്‌തുവിന്റെ സഹായം തേടിയെങ്കിലും യേശു വരുന്നതിനുമുമ്പ്‌ ലാസർ മരിച്ചു. തീർച്ചയായും, ഇത് കഥയുടെ അവസാനമായിരുന്നു. മരണമാണ് അവസാന വാക്ക് എന്ന് എല്ലാവർക്കും അറിയാമായിരുന്നു.

പക്ഷേ, യേശു അതിനോടു യോജിച്ചില്ല.

മരിച്ചവന്റെ ശവകുടീരത്തിനും ആശ്ചര്യഭരിതരായ ജനക്കൂട്ടത്തിനും മുന്നിൽ നിന്നുകൊണ്ട് അവൻ ഇടിമുഴക്കി, “ലാസറേ, പുറത്തുവരൂ!” (വി. 43). ലാസർ തന്റെ കല്ലറയിൽനിന്നും പുറത്തേക്കു നടന്നു.

മരണത്തിന്റെ കയ്പ്പും ഭയവും നമുക്കെല്ലാവർക്കും അറിയാം. നമ്മുടെ ശരീരങ്ങളുടെ, നമ്മുടെ ബന്ധങ്ങളുടെ, നമ്മുടെ പ്രതീക്ഷകളുടെ മരണം. എന്നാൽ അവസാന വാക്ക് യേശുവാണ്. അവന്റെ രൂപാന്തരപ്പെടുത്തുന്ന വഴികൾ നമ്മുടെ ലോകത്തിലേക്ക് വെളിച്ചവും ജീവിതവും കൊണ്ടുവരുന്നത് തുടരുന്നു.

മരണത്തിന്റെ കയ്പേറിയ അനുഭവങ്ങൾ നിങ്ങൾക്ക് എങ്ങനെ സഹിക്കുവാൻ സാധിച്ചു? അപ്പോൾ ദൈവം നിങ്ങളിലേക്കും നിങ്ങളുടെ അനുഭവത്തിലേക്കും ജീവൻ പകരുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?

യേശുവേ, മരണം എല്ലായിടത്തും നടമാടുന്നു. നിന്റെ ജീവൻ നീ എന്നിൽ പകരുമോ? ജീവന്റെ അവസാന വാക്ക് നീ പറയുമോ?

യോഹന്നാൻ 11:1-14, 40-44

മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായി കിടന്നു. ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്റെ തലമുടികൊണ്ട് അവന്റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായിക്കിടന്നത്. ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായിക്കിടക്കുന്നു എന്നു പറയിച്ചു. യേശു അത് കേട്ടിട്ട്: ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനു, ദൈവത്തിന്റെ മഹത്ത്വത്തിനായിട്ടത്രേ എന്നു പറഞ്ഞു. യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു. എന്നിട്ടും അവൻ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്ന് ഇരുന്ന സ്ഥലത്ത് രണ്ടു ദിവസം പാർത്തു. അതിന്റെ ശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾത്തന്നെ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു. അതിന് യേശു: പകലിനു പന്ത്രണ്ടുമണി നേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല. രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലായ്കകൊണ്ട് ഇടറുന്നു എന്ന് ഉത്തരം പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്ന് അവരോടു പറഞ്ഞു. ശിഷ്യന്മാർ അവനോട്: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവനു സൗഖ്യം വരും എന്നു പറഞ്ഞു. യേശുവോ അവന്റെ മരണത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്ന് അവർക്കു തോന്നിപ്പോയി. അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി. യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണും എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ: ലാസറേ, പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും, മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിപ്പിൻ; അവൻ പോകട്ടെ” എന്ന് യേശു അവരോടു പറഞ്ഞു.