…നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേണ്ടതിന്, അവൻ നമുക്കു വേണ്ടി പാപം ആക്കി…
2 കൊരിന്ത്യർ 5:21
യേശുവിൻ്റെ മരണത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണം, അവൻ സഹതാപം നിമിത്തം നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിച്ചു എന്നതാണ്. സഹതാപം മൂലമല്ല, താദാത്മ്യം പ്രാപിച്ചാണ് അവൻ നമ്മുടെ പാപം വഹിച്ചത് എന്നതാണ് പുതിയ നിയമ വീക്ഷണം. അവൻ നമുക്കു വേണ്ടി പാപം ആക്കി. യേശുവിൻ്റെ മരണം നിമിത്തം നമ്മുടെ പാപങ്ങൾ നീക്കപ്പെടുന്നു, അവൻ്റെ മരണത്തിൻ്റെ വിശദീകരണം തൻ്റെ പിതാവിനോടുള്ള അനുസരണമാണ്, നമ്മോടുള്ള അവൻ്റെ സഹതാപമല്ല. നാം അനുസരിച്ചതുകൊണ്ടോ കാര്യങ്ങൾ ഉപേക്ഷിക്കാമെന്ന് വാഗ്ദത്തം ചെയ്തതു കൊണ്ടോ അല്ല, മറിച്ച് ക്രിസ്തുവിൻ്റെ മരണം നിമിത്തമാണ് നാം ദൈവത്തിനു സ്വീകാര്യരാകുന്നത്, മറ്റൊരു വിധത്തിലും അല്ല. യേശുക്രിസ്തു വന്നത് ദൈവത്തിൻ്റെ പിതൃത്വവും, ദൈവത്തിൻ്റെ സ്നേഹദയയും വെളിപ്പെടുത്താനാണ് എന്ന് നാം പറയുന്നു; അവൻ ലോകത്തിൻ്റെ പാപം ചുമന്നെടുക്കാൻ വന്നതായി (RV mg) പുതിയ നിയമം പറയുന്നു. തന്നെ രക്ഷകനായി പരിചയപ്പെടുത്തപ്പെട്ടവർക്കാണ് തൻ്റെ പിതാവിൻ്റെ വെളിപാടുള്ളത്. യേശുക്രിസ്തു ഒരിക്കലും പിതാവിനെ വെളിപ്പെടുത്തിയ ഒരുവനായി ലോകത്തോട് തന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല, മറിച്ച് ഒരു ഇടർച്ചക്കല്ല് ആയിട്ട് (യോഹന്നാൻ 15:22-24 കാണുക). യോഹന്നാൻ 14:9 അവൻ ശിഷ്യൻമാരോട് സംസാരിച്ചതാണ്.
ക്രിസ്തു എനിക്കുവേണ്ടി മരിച്ചു, അതിനാൽ എനിക്ക് ശിക്ഷ ലഭിക്കാതെ പോകുന്നു എന്ന് പുതിയ നിയമത്തിൽ ഒരിക്കലും പഠിപ്പിക്കുന്നില്ല. പുതിയ നിയമത്തിൽ പഠിപ്പിക്കുന്നത് “അവൻ എല്ലാവർക്കും വേണ്ടി മരിച്ചു” (അവൻ എൻ്റെ മരണം കൈവരിച്ചു എന്നല്ല) എന്നും അവൻ്റെ മരണത്തോട് ഞാൻ തിരിച്ചറിയപ്പെടുമ്പോൾ എൻ്റെ പാപത്തിൽ നിന്ന് ഞാൻ മോചനം നേടുകയും അവൻ്റെ നീതി എനിക്കു പകർന്നു നൽകപ്പെടുകയും ചെയ്യും എന്നാണ്. പുതിയ നിയമത്തിൽ പഠിപ്പിക്കുന്ന വച്ചുമാറ്റത്തിന് രണ്ടു വശങ്ങളുണ്ട്: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേണ്ടതിന്, അവൻ നമുക്കു വേണ്ടി പാപം ആക്കി.” ക്രിസ്തു എന്നിൽ രൂപപ്പെടാൻ ഞാൻ ദൃഢനിശ്ചയം ചെയ്യാത്തിടത്തോളം കാലം “ക്രിസ്തു എനിക്കു വേണ്ടി” എന്നാകില്ല.