തകർച്ചയുടെ നടുവിലെ കൃപ
അത് എന്നെ തട്ടിയപ്പോൾ ഞാൻ അപ്രതീക്ഷിതമായ ഒരു മയക്കത്തിലേക്ക് നീങ്ങുകയായിരുന്നു. ബേസ്‌മെന്റിൽ നിന്ന്, എന്റെ മകൻ തന്റെ ഇലക്ട്രിക് ഗിറ്റാറിൽ ഒരു കോഡ് വായിച്ചു. ചുവരുകളിൽ പ്രതിധ്വനിച്ചു. സമാധാനമില്ല. നിശബ്ദതയില്ല. ഉറക്കമില്ല. നിമിഷങ്ങൾക്കുശേഷം, മത്സരിക്കുന്ന വിധം മറ്റൊരു സംഗീതം എന്റെ ചെവികളെ സ്വാഗതം ചെയ്തു: എന്റെ മകൾ പിയാനോയിൽ “അമേസിംഗ് ഗ്രേസ്’’ വായിക്കുന്നു.
സാധാരണയായി, എനിക്ക് എന്റെ മകന്റെ ഗിറ്റാർ വായിക്കുന്നതു കേൾക്കാൻ ഇഷ്ടമാണ്. എന്നാൽ ആ സമയം അത് എന്നെ അസ്വസ്ഥനാക്കി. എങ്കിലും ജോൺ ന്യൂട്ടന്റെ സ്തുതിഗീതത്തിന്റെ പരിചിതമായ നോട്ടുകൾ, അരാജകത്വങ്ങൾക്കിടയിലും കൃപ തഴച്ചുവളരുന്നുവെന്ന് എന്നെ ഓർമ്മിപ്പിച്ചു. ജീവിതത്തിന്റെ കൊടുങ്കാറ്റുകൾ എത്ര ഉച്ചത്തിലുള്ളതോ, ആവശ്യമില്ലാത്തതോ അല്ലെങ്കിൽ വഴിതെറ്റിക്കുന്നതോ ആയാലും, ദൈവത്തിന്റെ കൃപയുടെ മൃദുവായ നോട്ടുകൾ വ്യക്തവും സത്യവുമാണ്, നമ്മുടെ മേലുള്ള അവന്റെ ജാഗ്രതയെ അവ ഓർമ്മിപ്പിക്കുന്നു.
ആ യാഥാർത്ഥ്യം നാം തിരുവെഴുത്തുകളിൽ കാണുന്നു. സങ്കീർത്തനം 107:23-32ൽ, അവരെ എളുപ്പത്തിൽ വിഴുങ്ങാൻ കഴിയുന്ന ഒരു ചുഴലിക്കാറ്റിനെതിരെ നാവികർ ശക്തമായി പോരാടുന്നു. “അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി’’ (വാ. 26). എന്നിട്ടും അവർ നിരാശരായില്ല, എന്നാൽ “അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു’’ (വാ. 28). അവസാനമായി, നാം വായിക്കുന്നു: “ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു’’ (വാ. 30).
തകർച്ചയുടെ നിമിഷങ്ങളിൽ, അവ ജീവന് ഭീഷണിയാണെങ്കിലും അതല്ല, കേവലം ഉറക്കത്തിനു ഭീഷണിയാണെങ്കിലും, ശബ്ദത്തിന്റെയും ഭയത്തിന്റെയും വേലിയേറ്റം നമ്മുടെ ആത്മാവിനെ ആക്രമിക്കും. എന്നാൽ നാം ദൈവത്തിൽ വിശ്വസിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, അവന്റെ സാന്നിധ്യത്തിന്റെയും കരുതലിന്റെയും കൃപ - അവന്റെ അചഞ്ചലമായ സ്‌നേഹത്തിന്റെ സങ്കേതം - നാം അനുഭവിക്കുന്നു
ഓട്ടം ഓടുക
ഭാര്യയെയും മകനെയും മകളെയും നഷ്ടപ്പെട്ട ദുരന്തങ്ങളുടെ ഒരു പരമ്പരയ്ക്കു ശേഷം, 89 വയസ്സുള്ള ഫൗജ സിംഗ് തന്റെ ഓട്ടത്തോടുള്ള അഭിനിവേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. പഞ്ചാബി ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ സിംഗ് ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തൺ പൂർത്തിയാക്കുന്ന ആദ്യത്തെ 100 വയസ്സുകാരനായി. ഒരുപക്ഷേ ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരികവും മാനസികവുമായ അച്ചടക്കവും മത്സരാധിഷ്ഠിത നേട്ടം കൈവരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. തളർന്ന കാലുകൾ കാരണം 5 വയസ്സു വരെ സിംഗിന് നടക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ പലപ്പോഴും കളിയാക്കുകയും “വടി’’ എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നേട്ടങ്ങൾ കാരണം സിംഗ് ഇപ്പോൾ “തലപ്പാവു ധരിച്ച ടൊർണാഡോ’’ എന്നാണ് അറിയപ്പെടുന്നത്.
അപ്പൊസ്തലനായ പൗലൊസ് തന്റെ കാലഘട്ടത്തിൽ, സമാന രീതിയിൽ അച്ചടക്കം പ്രകടിപ്പിക്കുന്ന കായികതാരങ്ങളെ തിരിച്ചറിഞ്ഞു (1 കൊരിന്ത്യർ 9:24). എന്നാൽ അവർ എത്ര പരിശീലിച്ചാലും ആത്യന്തികമായി അവരുടെ മഹത്വം മങ്ങിപ്പോകുന്നതും അവൻ കണ്ടു. നേരെമറിച്ച്, നിത്യതയെ ബാധിക്കുന്ന വിധത്തിൽ യേശുവിനുവേണ്ടി ജീവിക്കാനുള്ള അവസരമാണ് നമുക്കുള്ളതെന്ന് അവൻ പറഞ്ഞു. നൈമിഷിക മഹത്വത്തിനായി പരിശ്രമിക്കുന്ന കായികതാരങ്ങൾക്ക് അതിനായി കഠിനാധ്വാനം ചെയ്യാൻ കഴിയുമെങ്കിൽ, എന്നേക്കും നിലനിൽക്കുന്ന ഒരു കിരീടത്തിനായി ജീവിക്കുന്നവർ എത്രയധികം പ്രവർത്തിക്കണമെന്ന് പൗലൊസ് സൂചിപ്പിക്കുന്നു (വാ. 25).
രക്ഷ നേടാൻ നാം പരിശീലിക്കുന്നില്ല. നേരെ മറിച്ചാണ്: നമ്മുടെ രക്ഷ എത്ര അത്ഭുതകരമാണെന്ന് നാം തിരിച്ചറിയുമ്പോൾ, അത് നമ്മുടെ മുൻഗണനകളെയും വീക്ഷണങ്ങളെയും നാം ജീവിക്കുന്ന കാര്യങ്ങളെയും പുനർരൂപകൽപ്പന ചെയ്യുന്നു. നാം ഓരോരുത്തരും ദൈവശക്തിയിൽ നമ്മുടെ വിശ്വാസത്തിന്റെ ഓട്ടം വിശ്വസ്തതയോടെ ഓടാനാരംഭിക്കുന്നു.
തനതാക്കി മാറ്റുക
അമേരിക്കൻ ഐഡൽ എന്ന സംഗീത മത്സരം അരങ്ങേറിയത് 2002 ജൂൺ 11 നാണ്. ഓരോ ആഴ്ചയും മത്സരാർത്ഥികൾ പ്രസിദ്ധമായ ഗാനങ്ങൾ അവരുടേതായ രീതിയിൽ അവതരിപ്പിക്കുകയും പ്രേക്ഷകർ നല്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ഇതിന്റെ പാനൽ ജഡ്ജിമാരിലൊരാളായിരുന്ന റാൻഡി ജാക്സന്റെ സരസമായ ഒരു കമന്റ് ഇതായിരുന്നു: "ആ പാട്ട് നീയങ്ങ് സ്വന്തമാക്കിയല്ലോ, കൂട്ടുകാരാ!" ആ പാട്ടുകാരൻ ഒരു പ്രസിദ്ധമായ ട്യൂൺ ആഴത്തിൽ പഠിച്ച്, തന്റേതായ ഒരു വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം ഈ പ്രശംസ ചൊരിഞ്ഞത്. "തനതാക്കി മാറ്റുക" എന്നത് ഒരു കാര്യത്തെ മുഴുവനായി സ്വാംശീകരിച്ചിട്ട് സ്വന്തമായി അവതരിപ്പിക്കുന്നതാണ്.
നമ്മുടെ വിശ്വാസത്തിന്റെയും അതിന്റെ അവതരണത്തിന്റെയും കാര്യത്തിൽ ഇങ്ങനെയായിരിക്കണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു. ഫിലിപ്പിയർ 3 ൽ, ദൈവമുമ്പിൽ നേട്ടങ്ങളുടെ കണക്കുകളുമായി നില്ക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു (വാ. 7, 8). പകരം, "ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലം ദൈവം വിശ്വസിക്കുന്നവർക്കു നല്കുന്ന നീതിയെ" (വാ.9) പുല്കാൻ പഠിപ്പിക്കുന്നു. ദാനമായി ലഭിക്കുന്ന പാപക്ഷമയും വീണ്ടെടുപ്പും നമ്മുടെ ലക്ഷ്യത്തെയും താല്പര്യങ്ങളെയും വ്യത്യാസപ്പെടുത്തുന്നു. “ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അതു പിടിക്കാമോ എന്നു വെച്ച് പിന്തുടരുന്നതേയുള്ളു.” (വാ. 12)
യേശു നമ്മുടെ വിജയം ഉറപ്പാക്കിയിരിക്കുന്നു. ഇനി നമ്മുടെ ദൗത്യമോ? ഈ സത്യത്തെ. മുറുകെപ്പിടിച്ച്, ദൈവത്തിന്റെ ദാനമായ സുവിശേഷത്തെ സ്വാംശീകരിച്ച് തകർന്ന ലോകത്തിൽ ജീവിച്ച് കാണിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ വിശ്വാസത്തെ നമ്മുടെ സ്വന്തമാക്കി മാറ്റുക; അതിനായി "നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നെ അനുസരിച്ച് നടക്കുക" (വാ.16).
ദൈവ കേന്ദ്രീകൃതം
വിവാഹ മോതിരങ്ങൾക്കായി ഞാൻ ഷോപ്പിംഗ് നടത്തുമ്പോൾ, കൃത്യമായ ഡയമണ്ട് ലഭിക്കുന്നതിനായി ഞാൻ മണിക്കൂറുകളോളം ചെലവഴിച്ചു. ഏറ്റവും മികച്ചത് നഷ്‌ടപ്പെട്ടാൽ എന്ത് ചെയ്യും എന്ന ചിന്ത എന്നെ അലട്ടി.
സാമ്പത്തിക മനശാസ്തജ്ഞൻ ബാരി ഷ്വാർട്സിന്റെ ഭാഷയിൽ പറഞ്ഞാൽ, എന്റെ വിട്ടുമാറാത്ത തീരുമാനമില്ലായ്മ സൂചിപ്പിക്കുന്നത്, ഒരു "തൃപ്തൻ" ആയിരിക്കേണ്ടതിന് പകരം ഞാനൊരു "അതൃപ്തൻ" ആണെന്നാണ്. തൃപ്തിയുള്ളവൻ തന്റെ തീരുമാനങ്ങൾ, ആവശ്യങ്ങൾക്ക് അനുസരണമായിട്ടാണ് എടുക്കുക. എന്നാൽ അതൃപ്തനോ? താൻ എപ്പോഴും ഏറ്റവും നല്ല തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് എന്ന് ചീന്തിക്കുന്നു. തിരഞ്ഞെടുപ്പുക്കുവാൻ നിരവധി ഉള്ളപ്പോഴും തീരുമാനം എടുക്കുവാൻ ആവാത്തതിന്റെ ഫലം ഉത്കണ്ഠ, വിഷാദം, പിന്നെ അതൃപ്തി എന്നിവയായിരിക്കും. സാമൂഹ്യശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തിന് ഒരു പേര് നൽകിയിട്ടുണ്ട്: നഷ്ടപ്പെടുമോ എന്ന ഭയം.
ദൈവവചനത്തിൽ "തൃപ്തൻ" എന്നോ "അതൃപ്തൻ" എന്നോ ഉള്ള വാക്കുകൾ നാം കാണുകയില്ലായിരിക്കാം. എന്നാൽ നാം ഇതിനു സമാനമായ ഒരു ആശയം കാണുന്നു. തിമൊഥെയൊസിനെഴുതിയ ഒന്നാം ലേഖനത്തിൽ, ഈ ലോകത്തിലെ വസ്തുക്കൾക്കുപരിയായി ദൈവത്തിൽ മൂല്യം കണ്ടെത്തുവാൻ പൗലോസ് തിമൊഥെയൊസിനോട് ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വാഗ്ദാനങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കാറില്ല. പകരം ദൈവത്തിൽ തന്റെ അസ്തിത്വം കണ്ടെത്തുവാൻ പൗലോസ് തിമോഥെയോസിനോട് പറയുന്നു: "അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും" (1 തിമൊഥെയൊസ് 6:6). "ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക" (വാ.8) എന്ന വാക്യത്തിൽ പൗലോസ് ഒരു തൃപ്തനായ വ്യക്തിയെപ്പോലെ സംസാരിക്കുന്നു.
ഈ ലോകം വാഗ്ദാനം ചെയ്യുന്ന അസംഖ്യം വഴികളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഞാൻ വിശ്രമമില്ലാത്തവനും അതൃപ്തനുമായി മാറുന്നു. എന്നാൽ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതൃപ്തതിയുടെ അവസ്ഥയെ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ, എന്റെ ആത്മാവ് യഥാർത്ഥ തൃപ്തിയും വിശ്രമവും അറിയുന്നു.
നമുക്കായി ഒരു സ്ഥലം ഒരുക്കുന്നു
ഞങ്ങളുടെ കുടുംബം ഒരു നായക്കുട്ടിയെ കൊണ്ടുവരാൻ പദ്ധതിയിടുകയായിരുന്നു, അതിനാൽ എന്റെ പതിനൊന്നു വയസ്സുള്ള മകൾ മാസങ്ങളോളം ഗവേഷണം നടത്തി. നായ എന്താണ് കഴിക്കേണ്ടതെന്നും അതിനെ ഞങ്ങളുടെ പുതിയ വീട്ടിൽ എങ്ങനെ അവതരിപ്പിക്കണമെന്നും അവൾക്ക് അറിയാമായിരുന്നു. മിച്ചമുള്ള ഒരു കിടപ്പുമുറി അതിനായിഅവൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കി. എന്റെ മകളുടെ ആനന്ദം നിറഞ്ഞ തയ്യാറെടുപ്പ് വളരെ വിപുലമായിരുന്നു.
ഒരു നായക്കുട്ടിക്കു വേണ്ടിയുള്ള തന്റെ ആകാംക്ഷനിറഞ്ഞ ചിന്തകൾ, സ്നേഹം നിറഞ്ഞ ഒരുക്കത്തിലേക്ക് എന്റെ മകളെ നയിച്ച വിധം, തന്റെ ജനവുമായി ജീവിതം പങ്കിടാനുള്ള ക്രിസ്തുവിന്റെ ആഗ്രഹവും അവർക്കായി ഒരു വീട് ഒരുക്കുമെന്ന തന്റെ വാഗ്ദാനവും എന്നെ ഓർമിപ്പിച്ചു. തന്റെ ഭൂമിയിലെ ശുശ്രൂഷയുടെ അന്ത്യത്തോടടുത്ത് യേശു തന്റെ ശിഷ്യൻമാരോട് "ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ" (യോഹന്നാൻ 14:1) എന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നിട്ട് (താൻ) ഇരിക്കുന്ന ഇടത്തു (അവരും) ഇരിക്കേണ്ടതിന് (അവർക്കു) സ്ഥലം ഒരുക്കുവാൻ പോകുന്നു (വാ.3) എന്നു വാഗ്ദത്തം ചെയ്തു.
ശിഷ്യൻമാർ താമസിയാതെ കഷ്ടതകൾ നേരിടും. എന്നാൽ അവരെതന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുവാൻ താൻ പ്രവർത്തിക്കുകയാണെന്ന് അവർ അറിയണമെന്ന് യേശു ആഗ്രഹിച്ചു.
ഞങ്ങളുടെ പുതിയ നായക്കുട്ടിക്കായി ഭവനം ഒരുക്കുന്ന എന്റെ മകളുടെ ശ്രദ്ധാപൂർവവും മനഃപൂർവവുമായ ശ്രമത്തിൽ എനിക്ക് സന്തോഷിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. തന്റെ ജനത്തിലെ ഓരോരുത്തരുമായി നിത്യജീവൻ പങ്കിടാൻവേണ്ടി, നമ്മുടെ രക്ഷകൻ,തന്റെ വിശദമായ ഒരുക്കത്തിൽ എത്രമാത്രം ആനന്ദിക്കുന്നുവെന്ന് എനിക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ (വാ.2).
രക്ഷാമാർഗ്ഗമോ അതോ, സമാധാനമോ?
“രക്ഷപെടൂ” ഹോട് ടബ് കടയുടെ പരസ്യബോഡ് തിളങ്ങി. അത് എന്റെ ശ്രദ്ധ പിടിച്ചുപറ്റി—എന്നെ ചിന്തിപ്പിക്കാൻ തുടങ്ങി. ഞാനും എന്റെ ഭാര്യയും എന്നെങ്കിലും ഒരു ഹോട് ടബ് വാങ്ങുന്നതിനേക്കുറിച്ച് സംസാരിച്ചിരുന്നു. അത് പ്രതീക്ഷ വച്ചിരുന്ന രക്ഷാമാർഗ്ഗം പെട്ടെന്ന്.... അതിൽ നിന്ന് ഞാൻ രക്ഷപെടേണ്ട ഒന്നായി മാറും.
എന്നിരുന്നാലും ആ വാക്ക് വളരെ മോഹിപ്പിക്കുന്നതാണ്, കാരണം നാം ആഗ്രഹിക്കുന്ന എന്തോ ഒന്ന് അത് വാഗ്ദാനം ചെയ്യുന്നു: സമാധാനം. ആശ്വാസം. സുരക്ഷിതത്വം. രക്ഷ. പലവിധത്തിലും നമ്മെ ഈ സമൂഹം പ്രലോഭിപ്പിക്കുന്ന ഒന്നാണിത്. വിശ്രമിക്കുന്നതിലോ മനോഹരമായ എങ്ങോട്ടെങ്കിലും യാത്രപോകുന്നതോ തെറ്റാണെന്നല്ല. പക്ഷേ ജീവിതത്തിന്റെ കഷ്ടപ്പാടുകളിൽ നിന്നും രക്ഷപെടുന്നതും അതുമായി ദൈവത്തിൽ ആശ്രയിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
യോഹന്നാൻ 16ൽ, ജീവിതത്തിന്റെ അടുത്ത അധ്യായം അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുമെന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്” എന്ന് ഒടുവിൽ അവൻ ചുരുക്കി പറയുന്നു. അതിനു ശേഷം ഈ വാഗ്ദത്തവും നൽകുന്നു, “ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (വാ. 33). യേശു തന്റെ ശിഷ്യന്മാർ നിരാശയിൽ അടിപ്പെട്ടു പോകുവാൻ ഇച്ഛിച്ചില്ല. പകരം അവൻ നൽകുന്ന വിശ്രമം അറിയുവാൻ, അവനിൽ ആശ്രയിക്കാനായി അവരെ ക്ഷണിച്ചു. “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു” എന്ന് അവിടുന്ന് പറഞ്ഞു (വാ. 33).
യേശു നമുക്ക് ഒരു വേദനരഹിതമായ ജീവിതം വാഗ്ദാനം ചെയ്തില്ല. പക്ഷേ നാം അവനിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമ്പോൾ ലോകം നമുക്ക് വിൽക്കാൻ ശ്രമിക്കുന്ന ഏത് ആശ്വാസത്തെക്കാളും ആഴവും സംതൃപ്തിയും നൽകുന്ന സമാധാനം നമുക്ക് ആസ്വദിക്കാമെന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു.
ക്രിസ്തുമസ്സിന് ഒരു ദിവസം കൂടി അരികിൽ
“ക്രിസ്തുമസ്സ് കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല” എന്ന് എന്റെ ദുഃഖിതയായ മകൾ പറഞ്ഞു.
അവൾക്ക് എന്താണ് തോന്നുന്നത് എന്ന് എനിക്കറിയാം. ക്രിസ്തുമസ്സിന്റെ അനന്തരഫലങ്ങൾ വേദന ഉണ്ടാക്കുന്നതാണ്. സമ്മാനങ്ങൾ എല്ലാം തുറന്നു. ക്രിസ്തുമസ്സ് ട്രീയും ലൈറ്റുകളും മാറ്റി വെക്കണം. ഉന്മേഷമില്ലാത്ത ജനുവരിയാണ് മുമ്പിൽ - ചിലർക്കെങ്കിലും, ഒഴിവു കാലത്ത് കൂടിപ്പോയ ശരീരഭാരം കുറക്കേണ്ട ആവശ്യകത ഉണ്ടാകും! ക്രിസ്തുമസ്സ് : അതു പ്രദാനം ചെയ്യുന്ന ശ്വാസം മുട്ടിക്കുന്ന പ്രതീക്ഷ .. പെട്ടെന്ന് അതൊക്കെ ഗതകാലമായ പോലെ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്മസിന് ശേഷം സാധനങ്ങൾ എല്ലാം എടുത്തു വെക്കുമ്പോൾ, എനിക്ക് ബോധ്യമായി: കലണ്ടർ എന്ത് പറഞ്ഞാലും, നമ്മൾ എപ്പോഴും അടുത്ത ക്രിസ്തുമസ്സിനോടു ഓരോ ദിവസവും അടുത്തു കൊണ്ടിരിക്കുകയാണ് എന്ന്. ഇത് ഞാൻ ഇടക്കിടെ പറയുന്ന ഒരു കാര്യമായി മാറി.
പക്ഷെ ക്രിസ്തുമസ്സിന്റെ താൽക്കാലിക ആഘോഷങ്ങളെക്കാൾ വളരെ പ്രധാനപ്പെട്ടതാണ് അതിനു പുറകിലെ ആത്മീയ സത്യം : യേശു ലോകത്തിനു നൽകുന്ന രക്ഷയും യേശു വീണ്ടും വരും എന്നുള്ള നമ്മുടെ പ്രത്യാശയും. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി നോക്കിക്കൊണ്ട് ആശയോടെ കാത്തിരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്ത് ആവർത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. പൗലോസ്, ഫിലിപ്പിയർ 3:5-21 ൽ എഴുതിയിട്ടുള്ളത് എനിക്ക് ഇഷ്ടപ്പെട്ടു. ലോകപരമായ ജീവിതവും- " അവർ ഭൂമിയിലുളളത് ചിന്തിക്കുന്നു. "(വാ.19)- യേശുവിന്റെ രണ്ടാം വരവിന്റെ പ്രത്യാശയിൽ രൂപപ്പെടുത്തിയ ജീവിത ശൈലിയും തമ്മിൽ താരതമ്യം ചെയ്യുന്നുണ്ട്:” നമ്മുടെ പൗരത്വമോ സ്വർഗത്തിലാകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവയി വരും എന്നു നാം കാത്തിരിക്കുന്നു”(വാ.20).
നമ്മുടെ “പൗരത്വം സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം എല്ലാം മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു പോകുന്ന ഓരോ ദിവസവും, നമ്മൾ തീർച്ചയായും യേശുവിന്റെ രണ്ടാം വരവിനോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന ബോധ്യമാണ്.
ക്ഷയിച്ചുപോകൽ
എന്റെ തൊണ്ടയിൽ ഒരു ഇക്കിളായാണ് അത് ആരംഭിച്ചത്. ആ ഇക്കിളി ഒരു ജലദോഷമായി മാറി. ശ്വാസകോശ സംബന്ധമായ രോഗത്തിന്റെ ആരംഭമായിരുന്നു അത്. ജലദോഷം രൂപമാറ്റം വന്ന് ഒരു വില്ലൻ ചുമയായും- അത് പിന്നീട് ന്യൂമോണിയയായും മാറി.
എട്ട് ആഴ്ചത്തെ പുറം പൊളിയുന്ന ചുമ (വില്ലൻചുമ എന്ന് അതിനെ വെറുതെ വിളിക്കുന്നതല്ല) എന്നെ വിനയമുള്ളവനാക്കി. എന്നെ ഞാനൊരു വൃദ്ധനായി കരുതുന്നില്ല. എന്നാൽ അത്തരത്തിലുള്ള ചിന്ത ആരംഭിക്കുവാനുള്ള പ്രായം എനിക്കായി. നമുക്ക് പ്രായമാകുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങൾക്ക് എന്റെ സഭയിലെ ചെറിയ ഗ്രൂപ്പിലെ ഒരംഗം സരസമായി വിളിക്കുന്ന പേരാണ്: "ക്ഷയിച്ചുപോകൽ". എന്നാൽ "പ്രാവർത്തികമായി" നോക്കുമ്പോൾ ക്ഷയിച്ചുപോകൽ അത്ര തമാശയല്ലതാനും.
2 കൊരിന്ത്യർ 4- ൽ അപ്പോസ്തലനായ പൗലോസ് ഇത്തരം ചുരുങ്ങലുകളെപ്പറ്റി തന്റേതായ ഭാഷയിൽ എഴുതിയിട്ടുണ്ട്. ആ അധ്യായം തനിക്കും കൂട്ടാളികൾക്കുമുണ്ടായ പീഡനങ്ങൾ ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് കനത്ത ദുരിതങ്ങൾ ഏൽക്കേണ്ടി വന്നു. "ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു" എന്ന് താൻ സമ്മതിക്കുന്നു. എന്നാൽ പ്രായത്താലും, പീഡനങ്ങളാലും കഠിനമായ അവസ്ഥകളാലും പ്രയാസപ്പെടുമ്പോഴും തന്റെ പ്രത്യാശ അദ്ദേഹം മുറുകെപ്പിടിച്ചു: "ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു."(വാ.16) "നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടത്തെ" "അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനവുമായി" താരതമ്യപ്പെടുത്തുവാൻ കഴിയുകയില്ല( വാ.17).
ഇന്ന് രാത്രിയിൽ ഞാനിത് എഴുതുമ്പോൾ തന്നെ "ക്ഷയിച്ചുപോകൽ" എന്റെ നെഞ്ച് ഞെരുക്കുന്നു. എന്നാൽ ക്രിസ്തുവിനോട് പറ്റിച്ചേർന്നിരിക്കുന്ന എന്റെയോ മറ്റൊരാളുടെയോ ജീവിതത്തിൽ ഇവയ്ക്ക് യാതൊരു സ്വാധീനവുമില്ല എന്ന് മനസിലാക്കുന്നു.
ആശ്ലേഷിക്കുക
'ഡാഡീ, എനിക്കു വായിച്ചുതരുമോ?' എന്റെ മകള്‍ ചോദിച്ചു. ഒരു കുഞ്ഞ് മാതാപിതാക്കളോട് ഇത്തരം ചേദ്യം ചോദിക്കുന്നത് അസാധാരണമല്ല. പക്ഷേ, എന്റെ മകള്‍ക്ക് ഇപ്പോള്‍ പതിനൊന്നു വയസ്സുണ്ട്. ഈ ദിവസങ്ങളില്‍, അത്തരം അഭ്യര്‍ത്ഥനകള്‍ അവള്‍ ചെറുപ്പമായിരുന്നതിനെക്കാള്‍ കുറവാണ്. 'തരാം,' ഞാന്‍ സന്തോഷത്തോടെ പറഞ്ഞു, അവള്‍ കട്ടിലില്‍ എന്റെ അരികില്‍ ചുരുണ്ടുകൂടിയിരുന്നു.
ഞാന്‍ അവള്‍ക്കു വായിച്ചു കൊടുക്കുമ്പോള്‍, അവള്‍ എന്നിലേക്കു ചേര്‍ന്നിരുന്നു. ഒരു പിതാവ് എന്ന നിലയിലുള്ള മഹത്വകരമായ നിമിഷങ്ങളിലൊന്നാണത്്. ഒരുപക്ഷേ, നമ്മുടെ പിതാവിനു നമ്മോടുള്ള തികഞ്ഞ സ്‌നേഹത്തിന്റെയും, അവിടുത്തെ സാന്നിധ്യത്തോടും നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തോടും നാം പറ്റിച്ചേര്‍ന്നിരിക്കണമെന്ന അവിടുത്തെ അഗാധമായ ആഗ്രഹത്തിന്റെ ഒരു സൂചനയും ആയിരുന്നു അത്.
ഞാന്‍ എന്റെ പതിനൊന്നുകാരി മകളെപ്പോലെയാണെന്ന് ആ നിമിഷം ഞാന്‍ മനസ്സിലാക്കി. മിക്കപ്പോഴും, ഞാന്‍ സ്വതന്ത്രനായിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നമ്മോടുള്ള ദൈവസ്‌നേഹവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് വളരെ എളുപ്പമാണ് - ആര്‍ദ്രവും സംരക്ഷണപരവുമായ സ്‌നേഹം എന്നു 116-ാം സങ്കീര്‍ത്തനം വിവരിക്കുന്നതുപോലെ 'കൃപയും നീതിയും ഉള്ളവന്‍; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ' (വാ. 5). എന്റെ മകളെപ്പോലെ, ദൈവത്തിന്റെ മടിയിലിരുന്ന്, എന്നെപ്രതിയുള്ള അവിടുത്തെ സന്തോഷത്തില്‍ മതിമറിന്നിരിക്കുന്ന സ്‌നേഹമാണത്.
സങ്കീര്‍ത്തനം 116:7 സൂചിപ്പിക്കുന്നത്, ദൈവത്തിന്റെ നല്ല സ്‌നേഹത്തെക്കുറിച്ചു നാം പതിവായി നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കണമെന്നാണ്്. തുടര്‍ന്ന് നമുക്കായി വിരിച്ചിരിക്കുന്ന അവിടുത്തെ കരങ്ങളിലേക്ക് ഒതുങ്ങിയിരിക്കുക: 'എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.'' അതേ തീര്‍ച്ചയായും, അവിടുന്നതു ചെയ്തിരിക്കുന്നു.
ഭയത്തിന്റെ കൊടുങ്കാറ്റുകള്‍
അടുത്തിടെ ഞാന്‍ കണ്ട ഒരു ടിവി പരസ്യത്തില്‍, ഒരു സ്ത്രീ ടിവി കണ്ടുകൊണ്ടിരുന്ന ഒരു സംഘത്തിലെ ഒരാളോടു ചോദിക്കുന്നു, 'മാര്‍ക്ക്, താങ്കള്‍ എന്താണ് അന്വേഷിക്കുന്നത്?'' 'ഭയത്തെ അടിസ്ഥാനമാക്കി തീരുമാനങ്ങള്‍ എടുക്കാത്ത എന്റെ ഒരു പതിപ്പ്,'' അദ്ദേഹം ശാന്തമായി പ്രതികരിക്കുന്നു - ടിവിയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നതെന്താണെന്നാണ് അവള്‍ ചോദിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കുന്നില്ല!
വോ, ഞാന്‍ ചിന്തിച്ചു. ഒരു ടിവി പരസ്യം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല! പക്ഷെ എനിക്കു പാവം മാര്‍ക്കുമായി ബന്ധമുള്ളതായി തോന്നി: ഭയം ചിലപ്പോള്‍ എന്റെ ജീവിതത്തെ നയിക്കുന്നതായി തോന്നുന്നതില്‍ എനിക്ക് ലജ്ജ തോന്നുന്നു.
യേശുവിന്റെ ശിഷ്യന്മാരും ഭയത്തിന്റെ അഗാധമായ ശക്തി അനുഭവിച്ചു. ഒരിക്കല്‍, അവര്‍ ഗലീലക്കടലിനു കുറുകെ പോകുമ്പോള്‍ (മര്‍ക്കൊസ് 4:35) 'വലിയ ചുഴലിക്കാറ്റ് ഉണ്ടായി'' (വാ. 37). ഭയം അവരെ പിടികൂടി, യേശുവിന് (ഉറങ്ങുകയായിരുന്നു) തങ്ങളെക്കുറിച്ചു വിചാരമില്ലെന്ന് അവര്‍ ചിന്തിച്ചു: ''ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരമില്ലയോ?'' (വാ. 38).
ഭയം, ശിഷ്യന്മാരുടെ ദര്‍ശനത്തെ വികലമാക്കി. അവരെക്കുറിച്ചുള്ള യേശുവിന്റെ നല്ല ഉദ്ദേശ്യങ്ങള്‍ കാണാത്ത നിലയില്‍ അവരുടെ കണ്ണുകളെ അന്ധമാക്കി. കാറ്റിനെയും തിരമാലയെയും ശാസിച്ചശേഷം (വാ. 39), തുളച്ചുകയറുന്ന രണ്ടു ചോദ്യങ്ങളുമായി അഭിമുഖീകരിച്ചു: 'നിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്ത്? നിങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ?'' (വാ. 40).
നമ്മുടെ ജീവിതത്തിലും കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കാം, ശരിയല്ലേ? എന്നാല്‍ യേശുവിന്റെ ചോദ്യങ്ങള്‍ നമ്മുടെ ഭയത്തെ ശരിയായ വീക്ഷണകോണില്‍ നിര്‍ത്താന്‍ സഹായിക്കും. യേശുവിന്റെ ആദ്യചോദ്യം നമ്മുടെ ഭയത്തിനു പേരിടാന്‍ നമ്മോടാവശ്യപ്പെടുന്നു. രണ്ടാമത്തേത്, വികലമായ ആ വികാരങ്ങളെ അവനെ ഭരമേല്പിക്കാന്‍ നമ്മെ ക്ഷണിക്കുന്നു - ഒപ്പം ജീവിതത്തിലെ ഏറ്റവും രൂക്ഷമായ കൊടുങ്കാറ്റുകളിലൂടെപ്പോലും അവിടുന്ന് നമ്മെ എങ്ങനെ നയിക്കുന്നുവെന്ന് കാണാനുള്ള കണ്ണുകള്‍ നല്‍കാന്‍ കര്‍ത്താവിനോട് ആവശ്യപ്പെടുന്നതിനും.