“രക്ഷപെടൂ” ഹോട് ടബ് കടയുടെ പരസ്യബോഡ് തിളങ്ങി. അത് എന്റെ ശ്രദ്ധ പിടിച്ചുപറ്റി—എന്നെ ചിന്തിപ്പിക്കാൻ തുടങ്ങി. ഞാനും എന്റെ ഭാര്യയും എന്നെങ്കിലും ഒരു ഹോട് ടബ് വാങ്ങുന്നതിനേക്കുറിച്ച് സംസാരിച്ചിരുന്നു. അത് പ്രതീക്ഷ വച്ചിരുന്ന രക്ഷാമാർഗ്ഗം പെട്ടെന്ന്…. അതിൽ നിന്ന് ഞാൻ രക്ഷപെടേണ്ട ഒന്നായി മാറും.

എന്നിരുന്നാലും ആ വാക്ക് വളരെ മോഹിപ്പിക്കുന്നതാണ്, കാരണം നാം ആഗ്രഹിക്കുന്ന എന്തോ ഒന്ന് അത് വാഗ്ദാനം ചെയ്യുന്നു: സമാധാനം. ആശ്വാസം. സുരക്ഷിതത്വം. രക്ഷ. പലവിധത്തിലും നമ്മെ ഈ സമൂഹം പ്രലോഭിപ്പിക്കുന്ന ഒന്നാണിത്. വിശ്രമിക്കുന്നതിലോ മനോഹരമായ എങ്ങോട്ടെങ്കിലും യാത്രപോകുന്നതോ തെറ്റാണെന്നല്ല. പക്ഷേ ജീവിതത്തിന്റെ കഷ്ടപ്പാടുകളിൽ നിന്നും രക്ഷപെടുന്നതും അതുമായി ദൈവത്തിൽ ആശ്രയിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. 

യോഹന്നാൻ 16ൽ, ജീവിതത്തിന്റെ അടുത്ത അധ്യായം അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുമെന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്” എന്ന് ഒടുവിൽ അവൻ ചുരുക്കി പറയുന്നു. അതിനു ശേഷം ഈ വാഗ്ദത്തവും നൽകുന്നു, “ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (വാ. 33). യേശു തന്റെ ശിഷ്യന്മാർ നിരാശയിൽ അടിപ്പെട്ടു പോകുവാൻ ഇച്ഛിച്ചില്ല. പകരം അവൻ നൽകുന്ന വിശ്രമം അറിയുവാൻ, അവനിൽ ആശ്രയിക്കാനായി അവരെ ക്ഷണിച്ചു. “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു” എന്ന് അവിടുന്ന് പറഞ്ഞു (വാ. 33). 

യേശു നമുക്ക് ഒരു വേദനരഹിതമായ ജീവിതം വാഗ്ദാനം ചെയ്തില്ല. പക്ഷേ നാം അവനിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമ്പോൾ ലോകം നമുക്ക് വിൽക്കാൻ ശ്രമിക്കുന്ന ഏത് ആശ്വാസത്തെക്കാളും ആഴവും സംതൃപ്തിയും നൽകുന്ന സമാധാനം നമുക്ക് ആസ്വദിക്കാമെന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു.