18 മാസം പ്രായമായപ്പോഴും കുഞ്ഞ് മെയ്സൺ തന്റെ അമ്മയുടെ ശബ്ദം കേട്ടിരുന്നില്ല. ഡോക്ടർമാർ അവനു അവന്റെ ആദ്യത്തെ ശ്രവണ സഹായി ഘടിപ്പിച്ച ശേഷം തന്റെ അമ്മ ലോറീൻ അവനോട് ചോദിച്ചു, “നിനക്കെന്നെ കേൾക്കാമോ“? കുഞ്ഞിന്റെ കണ്ണുകൾ തിളങ്ങി. പുഞ്ചിരിച്ചുകൊണ്ട് മെയ്സൺ തന്റെ അമ്മക്ക് മൃദുലമായ കുറുകലിലൂടെ ഉത്തരം നൽകി. കണ്ണീരോടെ, താനൊരു അത്ഭുതത്തിനു സാക്ഷ്യം വഹിച്ചെന്ന് ലോറീൻ മനസ്സിലാക്കി. ഒരു ഭവനഭേദനത്തിടെ മൂന്നു തവണ വെടിയേറ്റ ലോറീൻ മാസം തികയാതെയാണ് മയ്സണെ പ്രസവിച്ചത്. ഒരു പൗണ്ട് മാത്രം ഭാരമുണ്ടായിരുന്ന മെയ്സൺ 158 ദിവസം തീവ്ര പരിചരണത്തിലായിരുന്നു. കേൾവി പോയിട്ട് അതിജീവിക്കുമെന്ന് പോലും പ്രതീക്ഷിച്ചതല്ല. 

ആ ഹൃദയസ്പർശിയായ കഥ എന്നെ, നമ്മെ കേൾക്കുന്ന ദൈവത്തെ ഓർമപ്പെടുത്തുന്നു. ദൈവം കേൾക്കേണ്ടതിനായി, പ്രത്യേകിച്ചും വിഷമകരമായ സന്ദർഭങ്ങളിൽ ശലോമോൻ രാജാവ് തീക്ഷ്ണമായി പ്രാർത്ഥിച്ചു. “മഴ പെയ്യാതിരിക്കുമ്പോൾ” (1 രാജാക്കന്മാർ 8:35), ക്ഷാമമോ മഹാമാരിയോ, വ്യാധിയോ ദീനമോ“ഉള്ളപ്പോൾ (വാ.37), “യുദ്ധത്തിൽ“ (വാ.44), പാപത്തിൽ പോലും “സ്വർഗത്തിൽ അവരുടെ പ്രാർഥനയും യാചനയും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ“ എന്ന് ശലോമോൻ പ്രാത്ഥിച്ചു (വാ. 45).

ദൈവം തന്റെ നന്മയാൽ, നമ്മുടെ ഹൃദയങ്ങളെ ഇന്നും ഇളക്കി മറിക്കുന്ന വാഗ്ദത്തത്താൽ ഉത്തരം നൽകി. “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും‌” (2 ദിനവൃത്താന്തം 7:14). സ്വർഗ്ഗം വളരെ ദൂരെയാണെന്ന് തോന്നാമെങ്കിലും യേശു തന്നെ വിശ്വസിക്കുന്നവരോടു കൂടെയുണ്ട്. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു.