ഞാൻ മണിമുഴക്കം കേട്ടു
ഹെൻറി വാഡ്‌സ്‌വർത്ത് ലോംഗ്‌ഫെല്ലോയുടെ 1863 ലെ കവിതയെ അടിസ്ഥാനമാക്കിയുള്ള “ക്രിസ്മസ് ദിനത്തിൽ ഞാൻ മണിമുഴക്കം കേട്ടു’’ എന്നത് അസാധാരണമായ ഒരു ക്രിസ്മസ് ഗാനമാണ്. പ്രതീക്ഷിച്ച ക്രിസ്മസ് സന്തോഷത്തിനും ഉന്മേഷത്തിനും പകരം, ഈ വരികൾ ഒരു വിലാപം രൂപപ്പെടുത്തുന്നു: “നിരാശയോടെ ഞാൻ തല കുനിച്ചു / ഭൂമിയിൽ സമാധാനമില്ലെന്ന് ഞാൻ പറഞ്ഞു / വെറുപ്പ് ശക്തമാണ്, ഭൂമിയിൽ ദൈവപ്രസാദമുള്ള / മനുഷ്യർക്കു സമാധാനം എന്ന ഗാനം പരിഹസിക്കപ്പെടുന്നു.’’ എന്നിരുന്നാലും, ഈ വിലാപം പ്രതീക്ഷയിലേക്ക് നീങ്ങുന്നു, “ദൈവം മരിച്ചിട്ടില്ല, അവൻ ഉറങ്ങുന്നുമില്ല / തെറ്റ് പരാജയപ്പെടും, ശരി വിജയിക്കും / ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.”
വിലാപത്തിൽ നിന്നുയരുന്ന പ്രത്യാശയുടെ മാതൃക ബൈബിളിലെ വിലാപ സങ്കീർത്തനങ്ങളിലും കാണാം. അതുപോലെ, സങ്കീർത്തനക്കാരൻ സങ്കീർത്തനം 43 ആരംഭിക്കുന്നത്, തന്നെ ആക്രമിക്കുന്ന ശത്രുക്കളെക്കുറിച്ചും (വാ. 1) തന്നെ മറന്നതായി തോന്നുന്ന തന്റെ ദൈവത്തെക്കുറിച്ചും (വാ. 2) നിലവിളിച്ചുകൊണ്ടാണ്. എന്നാൽ ഗായകൻ തന്റെ വിലാപത്തിൽ തുടരുന്നില്ല - തനിക്ക് പൂർണ്ണമായി മനസ്സിലാകാത്തതും എന്നാൽ താൻ ആശ്രയിക്കുന്നതുമായ ദൈവത്തെ നോക്കി അവൻ പാടുന്നു, “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും’’ (വാ. 5).
വിലാപത്തിനുള്ള കാരണങ്ങളാൽ ജീവിതം നിറഞ്ഞിരിക്കുന്നു, നാമെല്ലാവരും അവ പതിവായി അനുഭവിക്കുന്നു. പക്ഷേ, ആ വിലാപം നമ്മെ പ്രത്യാശയുടെ ദൈവത്തിലേക്ക് ചൂണ്ടിക്കാണിക്കാൻ അനുവദിക്കുകയാണെങ്കിൽ, നമുക്ക് സന്തോഷത്തോടെ പാടാൻ കഴിയും - നമ്മുടെ കണ്ണുനീരിലൂടെ നാമതു പാടുന്നതെങ്കിലും.
സോക്രട്ടിക് ക്ലബ്ബ്
1941 ൽ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ സോക്രട്ടിക് ക്ലബ്ബ് സ്ഥാപിക്കപ്പെട്ടു. യേശുവിൽ വിശ്വസിക്കുന്നവരും നിരീശ്വരവാദികളും അജ്ഞേയവാദികളും തമ്മിലുള്ള സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് രൂപീകരിച്ചത്.
ഒരു മതേതര സർവ്വകലാശാലയിലെ മതപരമായ സംവാദങ്ങൾ അസാധാരണമല്ല, എന്നാൽ ആശ്ചര്യപ്പെടുത്തുന്നത്, പതിനഞ്ച് വർഷം സോക്രട്ടിക് ക്ലബ്ബിന്റെ അധ്യക്ഷനായിരുന്നത് ആരായിരുന്നു എന്നതാണ് - മഹാനായ ക്രിസ്തീയ പണ്ഡിതൻ സി. എസ്. ലൂയിസ്. തന്റെ ആശയങ്ങൾ പരീക്ഷിക്കപ്പെടാൻ ആഗ്രഹിച്ച ലൂയിസ്, ക്രിസ്തുവിലുള്ള വിശ്വാസം ഏതു വലിയ സൂക്ഷ്മപരിശോധനയെയും അതിജീവിക്കുമെന്നു വിശ്വസിച്ചു. യേശുവിൽ വിശ്വസിക്കുന്നതിന് വിശ്വസനീയവും യുക്തിസഹവുമായ തെളിവുകൾ ഉണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
ഒരർത്ഥത്തിൽ ലൂയിസ്, പീഡ നിമിത്തം ചിതറിപ്പോയ വിശ്വാസികളോടുള്ള പത്രൊസിന്റെ ഉപദേശം പ്രയോഗിക്കുകയായിരുന്നു: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ’’ (1 പത്രൊസ് 3:15). പത്രൊസ് രണ്ട് പ്രധാന ആശയങ്ങൾ ഉന്നയിക്കുന്നു: ക്രിസ്തുവിലുള്ള നമ്മുടെ പ്രത്യാശയ്ക്കു നമുക്ക് നല്ല കാരണങ്ങളുണ്ട്, നമ്മുടെ ന്യായവാദം “സൌമ്യതയും ഭയഭക്തിയും പൂണ്ടു’’ അവതരിപ്പിക്കണം.
ക്രിസ്തുവിൽ വിശ്വസിക്കുന്നത് മതപരമായ ഒളിച്ചോട്ടമോ ശുഭപ്രതീക്ഷയുടെ ചിന്തയോ അല്ല. യേശുവിന്റെ പുനരുത്ഥാനവും, അതിന്റെ സ്രഷ്ടാവിനു സാക്ഷ്യം വഹിക്കുന്ന സൃഷ്ടിയുടെ തെളിവുകളും ഉൾപ്പെടെയുള്ള ചരിത്ര വസ്തുതകളിലാണ് നമ്മുടെ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. ദൈവത്തിന്റെ ജ്ഞാനത്തിലും ആത്മാവിന്റെ ശക്തിയിലും നാം ആശ്രയിക്കുമ്പോൾ, നമ്മുടെ മഹാനായ ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ പങ്കുവെക്കാൻ നമുക്ക് തയ്യാറാകാം.
കോപത്തിന്റെ ഹൃദയം
പാബ്ലോ പിക്കാസോയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പെയ്ന്റിംഗായ ഗുവെർണിക്ക, ആ പേരിലുള്ള ഒരു ചെറിയ സ്പാനിഷ് നഗരം 1937 ൽ നശിപ്പിക്കപ്പെട്ടതിന്റെ ആധുനിക ചിത്രീകരണമായിരുന്നു. സ്പാനിഷ് വിപ്ലവത്തിലും രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള കുതിപ്പിലും, നാസി ജർമ്മനിയുടെ വിമാനങ്ങൾ ബോംബിംഗ് പരിശീലനത്തിനായി നഗരം ഉപയോഗിക്കാൻ സ്‌പെയിനിലെ ദേശീയ ശക്തികൾ അനുവദിച്ചു. ഈ വിവാദ ബോംബാക്രമണങ്ങൾ നിരവധി ജീവനുകൾ അപഹരിച്ചു, സിവിലിയൻ ലക്ഷ്യങ്ങൾക്കു നേരെ ബോംബാക്രമണം നടത്തുന്നതിന്റെ അധാർമ്മികതയെക്കുറിച്ച് ആശങ്കയുള്ള ഒരു ആഗോള സമൂഹത്തിന്റെ ശ്രദ്ധ അവിടേക്കാകർഷിക്കപ്പെട്ടു. പിക്കാസോയുടെ പെയിന്റിംഗ് ലോകത്തിന്റെ ഭാവനകളെ ആകർഷിക്കുകയും പരസ്പരം നശിപ്പിക്കാനുള്ള മനുഷ്യരാശിയുടെ കഴിവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഉത്തേജനം പകരുകയും ചെയ്തു.
ഒരിക്കലും മനഃപൂർവം രക്തം ചൊരിയുകയില്ലെന്ന് ഉറപ്പുള്ള നാം, യേശുവിന്റെ വാക്കുകൾ നാം ഓർക്കണം, “കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്‌നിനരകത്തിനു യോഗ്യനാകും” (മത്തായി 5:21-22). ഒരിക്കലും കൊലപാതകം യഥാർത്ഥ ചെയ്യാതെ തന്നെ ഹൃദയം കൊലപാതക ചിന്തയുള്ളതാകാം.
മറ്റുള്ളവരോടുള്ള അനിയന്ത്രിതമായ കോപം നമ്മെ വിഴുങ്ങിക്കളയുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാനും നിയന്ത്രിക്കാനും നമുക്ക് പരിശുദ്ധാത്മാവ് അത്യന്താപേക്ഷിതമാണ്, അങ്ങനെ നമ്മുടെ മാനുഷിക പ്രവണതകളെ ആത്മാവിന്റെ ഫലം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയും (ഗലാത്യർ 5:19-23). അപ്പോൾ, സ്‌നേഹവും സന്തോഷവും സമാധാനവും നമ്മുടെ ബന്ധങ്ങളുടെ അടയാളമാക്കാൻ കഴിയും.
ഭവനം പണിയുന്നു
19 -ാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെ ഏറ്റവും മോഹിപ്പിക്കുന്ന സ്വകാര്യ ഭവന നിർമ്മാണം നടന്നത്. 12 വർഷമെടുത്താണ് മഹാരാജാ സയാജിറാവു ഗെയ്ക് വാദ് മൂന്നാമന്റെ രാജകീയ ഭവനത്തിന്റെ നിർമ്മാണം പൂർത്തിയായത്. അതാണ് ഗുജറാത്തിലെ വഡോദരയിലെ ലക്ഷ്മിവിലാസ് കൊട്ടാരം. ബക്കിങ്ങ്ഹാം കൊട്ടാരത്തിന്റെ ഏതാണ്ട് നാലിരട്ടി വലിപ്പമുള്ള ഈ കൊട്ടാരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഭവനം. 500 ഏക്കറിലായി 170 മുറികൾ ഉള്ള ഇതിന്റെ മനോഹരമായ മൊസൈക് തറയും ബഹുശാഖാ ദീപങ്ങളും കലാശില്പങ്ങളും ഗോവണികളും ആകർഷകങ്ങളാണ്.
മത്തായി 16 ൽ, യേശു തന്റെ ശിഷ്യന്മാരോട് പണിയുമെന്ന് പറഞ്ഞ നിർമ്മിതിയുമായി താരതമ്യപ്പെടുത്തിയാൽ ഈ ഗംഭീര ഭവനം ഒന്നുമല്ല. യേശു "ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു" എന്ന് പത്രോസ് സ്ഥിരീകരിച്ചതിനുശേഷം (വാ. 16), “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു." (വാ.18) എന്ന് യേശു പ്രഖ്യാപിച്ചു. ഈ പാറ എന്താണ് എന്ന കാര്യത്തിൽ വേദശാസ്ത്രികൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യേശുവിന്റെ ഉദ്ദേശ്യം സംബന്ധിച്ച് യാതൊരു തർക്കവുമില്ല. ഭൂലോകത്തിൽ എങ്ങുമുള്ള സകല രാജ്യങ്ങളിൽ നിന്നുമുള്ള ജനതകളെ ഉൾപ്പെടുത്തിക്കൊണ്ട് (വെളിപ്പാട് 5 : 9),ലോകത്തിന്റെ അറ്റത്തോളം എത്തുവാൻ തന്റെ സഭയെ അവിടുന്ന് പണിയും (മത്തായി 28:19, 20).
ഈ നിർമ്മാണ പദ്ധതിയുടെ വില എന്താണ്? കുരിശിൽ യേശു യാഗമായി അർപ്പിച്ച സ്വന്തരക്തം (അപ്പ.പ്രവൃത്തി 20:28).അവിടുത്തെ മന്ദിരത്തിന്റെ അംഗങ്ങൾ (എഫെസ്യർ 2:21) എന്ന നിലയിൽ ഇത്ര വലിയ വില കൊടുത്ത് വാങ്ങിയ നമുക്ക് ഈ വലിയ സ്നേഹബലിയെ ആഘോഷിക്കുകയും ആ മഹാദൗത്യത്തിൽ പങ്കാളികളാകുകയും ചെയ്യാം.
ഇറങ്ങാനുള്ള സ്ഥലം
മാൻ കുടുംബത്തിലെ അംഗമായ ഇംപാലയ്ക്ക് പത്തടി ഉയരത്തിലും മുപ്പതടി ദൂരത്തിലും വരെ ചാടാൻ കഴിയും. ഇത് അവിശ്വസനീയമായ ഒരു നേട്ടമാണ്, ആഫ്രിക്കൻ വനത്തിലെ അതിജീവനത്തിന് ഇത് അനിവാര്യമാണ്. എന്നിരുന്നാലും, മൃഗശാലകളിൽ കാണപ്പെടുന്ന പല ഇംപാലകളെയും വെറും മൂന്നടി ഉയരമുള്ള മതിൽക്കെട്ടിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇത്രയും കായികശേഷിയുള്ള ഈ മൃഗങ്ങളെ എങ്ങനെ ഇത്രയും ഉയരം കുറഞ്ഞ മതിലിനുള്ളിൽ സൂക്ഷിക്കാൻ കഴിയും? ഇത് പ്രവർത്തിക്കുന്നതിന്റെ കാരണം, എവിടേക്കാണ് ചാടിവീഴുന്നതെന്നു കാണാൻ കഴിയാതെ ഇംപാലകൾ ഒരിക്കലും ചാടുകയില്ല. മറുവശത്ത് എന്താണെന്ന് കാണാൻ കഴിയാത്തതിനാൽ അവ ചുവരുകൾക്കുള്ളിൽ തന്നെ കഴിയുന്നു.
മനുഷ്യരായ നമ്മളും വ്യത്യസ്തരല്ല. മുന്നോട്ടു പോകുന്നതിനു മുമ്പ് ഒരു സാഹചര്യത്തിന്റെ ഫലം അറിയാൻ നാം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, വിശ്വാസജീവിതം അങ്ങനെയല്ല പ്രവർത്തിക്കുന്നത്. കൊരിന്തിലെ സഭയ്ക്ക് എഴുതുമ്പോൾ പൗലൊസ് അവരെ ഓർമ്മിപ്പിച്ചു, “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്’’ (2 കൊരിന്ത്യർ 5:7).
“നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ’’ (മത്തായി 6:10) എന്നു പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. എന്നാൽ അതിനർത്ഥം നമുക്ക് അവന്റെ ഫലങ്ങൾ മുൻകൂട്ടി അറിയാമെന്നല്ല. വിശ്വാസത്താൽ ജീവിക്കുക എന്നതിനർത്ഥം ആ ഉദ്ദേശ്യങ്ങൾ നിഗൂഢതയിൽ മറഞ്ഞിരിക്കുമ്പോഴും അവന്റെ നല്ല ഉദ്ദേശ്യങ്ങളിൽ വിശ്വസിക്കുക എന്നതാണ്.
ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിൽ, നമുക്ക് അവന്റെ അചഞ്ചലമായ സ്‌നേഹത്തിൽ വിശ്വസിക്കാം. ജീവിതം നമുക്കു നേരെ കൊണ്ടുവരുന്നതെന്തായാലും, “അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9).
തിരുത്തപ്പെടാവുന്ന മനസ്സ്
അഭിപ്രായങ്ങളെ മാത്രമല്ല വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെത്തന്നെ ആക്രമിക്കുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നു എന്നത് സങ്കടകരമാണ്. വൈജ്ഞാനിക മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. അപ്പോഴാണ് താൻ തന്നെ പണ്ട് എഴുതിയ ഒരു പ്രബന്ധത്തെ ഖണ്ഡിച്ചു കൊണ്ട് പണ്ഡിതനും വേദശാസ്ത്രിയുമായ റിച്ചാർഡ് ബി ഹെയ്സ് ഒരു പുതിയ പ്രബന്ധമെഴുതിയ കാര്യം എന്നെ അതിശയിപ്പിച്ചത്. വചനമെന്ന വിത്ത് വായിക്കുമ്പോൾ എന്ന പ്രബന്ധമെഴുതിയതിലൂടെ, പഠിക്കുവാനുള്ള തന്റെ ജീവിത സമർപ്പണത്തിൽ നിന്നും രൂപപ്പെട്ട വലിയ താഴ്മയാണ്, തന്റെ സ്വന്തം പഴയ ചിന്തകളെത്തന്നെ തിരുത്തുവാൻ ഹെയ്സ് പ്രകടിപ്പിക്കുന്നത്.
സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിലൂടെ ശലോമോൻ രാജാവ് നിരവധി വിഷയങ്ങളിലുള്ള ജ്ഞാന വചനങ്ങൾ അവതരിപ്പിക്കുകയാണ്. എന്നാൽ അതിനിടയിൽ തന്നെ ഈ നിർദ്ദേശവും അദ്ദേഹം വെക്കുന്നു, "ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും" ഇവ ഉതകുന്നു (സദൃശ്യവാക്യങ്ങൾ 1:5). ഇതുപോലെ അപ്പസ്തോലനായ പൗലോസും പറഞ്ഞത്: ദശാബ്ദങ്ങൾ കർത്താവിനെ അനുകരിച്ച് ജീവിച്ചിട്ട് പിന്നെയും ക്രിസ്തുവിനെ അറിയാനുള്ള ഉദ്യമത്തിലാണ് താൻ (ഫിലിപ്പിയർ 3:10). ജ്ഞാനിയാണെങ്കിലും, ശ്രദ്ധിക്കുകയും പഠിക്കുകയും വളരുകയും ചെയ്യണമെന്ന് ശലോമോൻ ആഹ്വാനം ചെയ്യുന്നു.
തിരുത്തപ്പെടാൻ മനസ്സുള്ളവരെ മറ്റുള്ളവർക്ക് വേദനിപ്പിക്കുവാൻ കഴിയില്ല. വിശ്വാസ കാര്യങ്ങളും ജീവിത വിഷയങ്ങളും ഇനിയും പഠിക്കാനും വളരാനും മനസ്സ് കാണിക്കുന്നത് സത്യങ്ങളിലേക്ക് നമ്മെ നയിക്കുവാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയാണ് (യോഹന്നാൻ 16:13). അതുവഴി നല്ലവനും വലിയവനുമായ നമ്മുടെ ദൈവത്തിന്റെ അത്ഭുതങ്ങളെ കൂടുതൽ ഗ്രഹിക്കുന്നവരാകും നാം.
വേർതിരിച്ചത്
1742 നവംബറിൽ, ഇംഗ്ലണ്ടിലെ സ്റ്റാഫ്‌ഫോർഡ്ഷയറിയിൽ ചാൾസ് വെസ്‌ലിയുടെ പ്രസംഗത്തിനെതിരായി ഒരു ലഹള പൊട്ടിപ്പുറപ്പെട്ടു. ചാൾസും തന്റെ സഹോദരൻ ജോണും ദീർഘ നാളുകളായുണ്ടായിരുന്ന പല സഭാപാരമ്പര്യങ്ങളെയും മാറ്റിമറിക്കുന്നതായി പല നഗരവാസികൾക്കും
തോന്നി.
ലഹളയെക്കുറിച്ചു കേട്ടപ്പോൾ ജോൺ വെസ്ലി തന്റെ സഹോദരനെ സഹായിക്കേണ്ടതിനായി സ്റ്റാഫ്ഫോർഡ്ഷയറിലേക്ക് പോയി. പെട്ടെന്ന് അനിയന്ത്രിതമായ ഒരു ജനക്കൂട്ടം ജോൺ താമസിച്ചിരുന്ന സ്ഥലത്തു എത്തിച്ചേർന്നു. എന്നാൽ ധൈര്യം സംഭരിച്ച് അദ്ദേഹം അവരുടെ നേതാക്കളുമായി മുഖാമുഖം ശാന്തമായി സംസാരിക്കുകയും അവരുടെ കോപം ശമിക്കുകയും ചെയ്തു.
ജോൺ വെസ്‌ലിയുടെ സൗമ്യവും ശാന്തവുമായ ആത്മാവ് ക്രൂരന്മാരായ ജനക്കൂട്ടത്തെ ശാന്തരാക്കി. എന്നാൽ ആ ശാന്തത തന്നിൽ സ്വയമായി ഉണ്ടായിരുന്നതല്ല. അത് താൻ വളരെ അടുത്ത് പിൻപറ്റിയിരുന്ന തന്റെ രക്ഷകന്റെ ഹൃദയമായിരുന്നു. യേശു പറഞ്ഞു, "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും" (മത്തായി 11:29). സൗമ്യതയുടെ ഈ നുകമായിരുന്നു അപ്പോസ്തലനായ പൗലോസ് നമുക്ക് മുൻപിൽ വച്ച വെല്ലുവിളി. "പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും...ചെയ്‍വിൻ" (എഫെസ്യർ 4:2)
നമ്മുടെ മാനുഷികതയിൽ അത്തരം ക്ഷമ നമുക്ക് അസാദ്ധ്യമാണ്. എന്നാൽ നമ്മിലുള്ള ആത്മാവിന്റെ ഫലത്താൽ ക്രിസ്തുവിന്റെ ഹൃദയത്തിലെ സൗമ്യത നമ്മെ വേർതിരിക്കുകയും ശത്രുത നിറഞ്ഞ ലോകത്തെ അഭിമുഖീകരിക്കാൻ സജ്ജമാക്കുകയും ചെയ്യും. അങ്ങനെ നാം ചെയ്യുമ്പോൾ "നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ" (ഫിലിപ്പ്യർ 4:5) എന്ന പൗലോസിന്റെ വാക്ക് അന്വർഥമാക്കുകയും ചെയ്യും.
നമ്മുടെ ദൈവം എത്ര വലിയവൻ!
ആളുകളെ തിരിച്ചറിയാൻ വിരലടയാളങ്ങൾ വളരെക്കാലമായി ഉപയോഗിക്കുന്നുവെങ്കിലും അവയുടെ വ്യാജപ്പകർപ്പുകൾ എളുപ്പം സൃഷ്ടിക്കുവാൻ സാധിക്കും. അതുപോലെ, മനുഷ്യന്റെ കണ്ണിലെ കൃഷ്ണമണിയുടെ ബയോമെട്രിക്സ് പാറ്റേൺ ഒരാളെ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന കാര്യമാണ്. എങ്കിലും, പ്രത്യേക കോൺടാക്റ്റ് ലെൻസ് ഉപയോഗിച്ച് ആ പാറ്റേൺ മാറ്റിമറിക്കുവാൻ സാധിക്കും. എന്നാൽ. ഏറ്റവും വിശ്വസനീയമായ തിരിച്ചറിയൽ അടയാളമായി എന്താണ് ഉപയോഗിക്കുവാൻ കഴിയുന്നത്? മനുഷ്യന്റെ നാഡീവ്യവസ്ഥ! അത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണെന്നും അത് വ്യാജമായി നിർമ്മിക്കുവാൻ അസാധ്യമാണെന്നും ഈയിടെ തെളിഞ്ഞു. നിങ്ങളുടെ സ്വന്തം "നാഡീവ്യവസ്ഥ," ഈ ഗ്രഹത്തിലെ മറ്റെല്ലാവരിൽ നിന്നും നിങ്ങളെ വേർതിരിക്കുന്ന ഒരു തിരിച്ചറിയൽ അടയാളമാണ്!
മനുഷ്യരുടെ ഇത്തരം സങ്കീർണ്ണതകളെക്കുറിച്ച് ചിന്തിക്കുന്നത് നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിനെക്കുറിച്ച് ഒരു ആരാധനയും അത്ഭുതവും നമ്മിൽ ഉളവാക്കും. നമ്മൾ "ഭയങ്കരവും അതിശയവുമായി സൃഷ്ടിക്കപ്പെട്ടവരാണ്" (സങ്കീ. 139: 14). അത് തീർച്ചയായും ആഘോഷിക്കപ്പടേണ്ടതാണെന്ന് ദാവീദ് ഓർമ്മിപ്പിച്ചു. വാസ്തവത്തിൽ, സങ്കീ. 111: 2 നമ്മെ ഓർമ്മിപ്പിക്കുന്നു, "യഹോവയുടെ പ്രവൃത്തികൾ വലിയവ; അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു"
എന്നിരിക്കിലും, നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ അർഹിക്കുന്നത് ദൈവമായ സ്രഷ്ടാവിൽ തന്നെയാണ്. ദൈവത്തിന്റെ മഹത്തായ പ്രവൃത്തികൾ ആഘോഷിക്കുമ്പോൾ തന്നെ, നാം അവനെയും ആഘോഷിക്കണം! അവന്റെ പ്രവൃത്തികൾ മഹത്തരമാണ്, പക്ഷേ അവൻ അതിലും വലിയവനാണ്, അത് സങ്കീർത്തനക്കാരനെ പ്രാർത്ഥിക്കുവാൻ പ്രേരിപ്പിക്കുന്നു, "നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു."(86:10).
ഇന്ന്, അവന്റെ “വീര്യപ്രവൃത്തി”കളെപ്പറ്റി നാം ചിന്തിക്കുമ്പോൾ, അവന്റെ മഹിമാധിക്യത്തിൽ നമുക്കും അത്ഭുതപ്പെടാം.
പ്രാർത്ഥനയുടെ സത്ത
ഏബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായപ്പോൾ, തകർന്ന ഒരു രാഷ്ട്രത്തെ നയിക്കാനുള്ള ചുമതല അദ്ദേഹത്തിനു നൽകപ്പെട്ടു. ലിങ്കൺ ബുദ്ധിമാനായ നേതാവും ഉയർന്ന ധാർമിക വ്യക്തിത്വവുമുള്ള മനുഷ്യനുമായിരുന്നു. തനിക്ക്ലഭിച്ചിരിക്കുന്ന ചുമതലയ്ക്ക് താൻ അപര്യാപ്തനാണെന്ന് അദ്ദേഹം കരുതി. ആ അപര്യാപ്തതയോടുള്ള തന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ''എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന അത്യധികമായ ബോദ്ധ്യത്താൽ ഞാൻ പലപ്പോഴും മുട്ടുകുത്തി. എന്റെ സ്വന്തം ജ്ഞാനവും കഴിവുംആ ദിവസത്തിന് അപര്യാപ്തമാണെന്ന് എനിക്കു തോന്നി."അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ഈ ഘടകം, മറ്റെല്ലാറ്റിനും അടിസ്ഥാനമായിരുന്നു.
ജീവിതത്തിലെ വെല്ലുവിളികളുടെ ഘനവും നമ്മുടെ സ്വന്തം ജ്ഞാനത്തിന്റെയും അറിവിന്റെയും ശക്തിയുടെയും പരിമിതികളും നമ്മെ പിടിമുറുക്കുമ്പോൾ, ലിങ്കനെപോലെ, പരിമിതികളില്ലാത്ത യേശുവാണ്നമ്മുടെ പൂർണ്ണആശ്രയം. "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ" (1പത്രൊസ് 5:7) എന്ന് എഴുതിയപ്പോൾ ഈ ആശ്രയത്വത്തെ പത്രൊസ് നമ്മെ ഓർമിപ്പിച്ചു.
ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹവും, തന്റെ സമ്പൂർണ്ണ ശക്തിയും, നമ്മുടെ ദൗർബല്യങ്ങളോടുകൂടെത്തന്നെ അവനെസമീപിക്കുവാൻ കഴിയുന്ന വ്യക്തിയാക്കി മാറ്റുന്നു - അതാണ് പ്രാർത്ഥനയുടെ സത്ത. നാം അപര്യാപ്തരാണെന്നും അവിടുന്ന് നിത്യമായി പര്യാപ്തനാണെന്നും അവിടുത്തോട് (നമ്മോടും) സമ്മതിച്ചുകൊണ്ട് നാം യേശുവിന്റെ അടുക്കലേക്കു പോകുന്നു. "പോകാൻ മറ്റൊരിടമില്ലെന്ന്" തനിക്ക് തോന്നിയതായി ലിങ്കൺ പറഞ്ഞു.എന്നാൽ ദൈവത്തിന് നമ്മോടുള്ള വലിയ കരുതലിനെ മനസ്സിലാക്കുമ്പോൾ, അത് അദ്ഭുതകരമായ ഒരു നല്ല വാർത്തയാണ്. നമുക്ക് അവന്റെ അടുത്ത് പോകാം!
മറന്നിട്ടില്ല
ചരിത്രത്തിനു വഴിതെളിച്ച മിഷണറിമാരെക്കുറിച്ച് ചിന്തിക്കുമ്പോൾ, ചാൾസ് റീനിയസിന്റെ (1790-1838) പേര് പലപ്പോഴും നാം ഓർക്കാറില്ല. ജർമ്മനിയിൽ ജനിച്ച ചാൾസ് റീനിയസ് ആദ്യ മിഷണറിമാരിൽ ഒരാളായി തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ എത്തി. 90-ലധികം ഗ്രാമങ്ങളിൽ അദ്ദേഹം യേശുവിന്റെ സന്ദേശം എത്തിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ 3000 ആത്മാക്കളെ നേടുകയും ചെയ്തു. തമിഴ് ഭാഷയിലേക്കുള്ള ബൈബിൾ ഗ്രന്ഥങ്ങളുടെ എഴുത്തുകാരനും വിവർത്തകനുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. അദ്ദേഹം "തിരുനെൽവേലിയുടെ അപ്പോസ്തലൻ" ആയുംസൗത്ത്ഇന്ത്യൻചർച്ചിന്റെ സ്ഥാപകപിതാക്കളിൽ ഒരാളായും ആണ് കണക്കാക്കപ്പെടുന്നത്.
റിനിയസിന്റെ ശ്രദ്ധേയമായ സേവന ചരിത്രം പലരും മറന്നിട്ടുണ്ടാകാം, എന്നാൽ അദ്ദേഹത്തിന്റെ ശുശ്രൂഷകൾ ദൈവം ഒരിക്കലും മറക്കില്ല. ദൈവത്തിനായി നിങ്ങൾ ചെയ്യുന്ന ഒരു വേലയും ദൈവം മറക്കില്ല. എബ്രായർക്കുള്ള ലേഖനത്തിൽ എഴുതിയിരിക്കുന്ന ഈ വാക്കുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, "ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല”(6:10). ദൈവം വിശ്വസ്തനാകയാൽ, അവന്റെ നാമത്തിൽ ചെയ്തതെല്ലാം അവൻ അറിയുകയും ഓർക്കുകയും ചെയ്യുന്നു. എബ്രായ ലേഖനം നമ്മെ വീണ്ടും ഉത്സാഹിപ്പിക്കുന്നു, "വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുക" (വാ. 12).
നമ്മുടെ സഭയിലോ സമൂഹത്തിലോ നമ്മൾ തിരശ്ശീലയ്ക്ക് പിന്നിൽ സേവിക്കുകയാണെങ്കിൽ, നമ്മുടെ അദ്ധ്വാനം അംഗീകരിക്കപ്പെടുന്നില്ലെന്ന് തോന്നുന്നത് സ്വാഭാവികമാണ്. ധൈര്യപ്പെടുക; നാം ചെയ്യുന്നതു നമുക്കു ചുറ്റുമുള്ള ആളുകൾ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്താലും, ദൈവം നമ്മെ ഒരിക്കലും മറക്കുകയില്ല. അവൻ വിശ്വസ്തനാണ്.